- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുക അനുവദിച്ച് ഉത്തരവ് ഇറങ്ങിയില്ല; 24ന് ക്ഷേമ പെന്ഷന് നല്‍കുമെന്ന പ്രഖ്യാപനം പാഴ് വാക്കായി; ആ 900 കോടിയില്‍ അനിശ്ചിതത്വം തുടരുമ്പോള്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പെന്ഷന് ഒരു ഗഡു വിതരണം ഇന്നുണ്ടാകില്ല. ഇതിനായി തുക അനുവദിച്ച് ഉത്തരവ് ഇറങ്ങാത്തതാണ് കാരണം. 1600 രൂപ വീതം 60 ലക്ഷത്തില്‍പരം ഗുണഭോക്താക്കള്‍ക്കു നല്‍കാനായി 900 കോടി രൂപയാണു വേണ്ടത്. ഇതുടന്‍ നല്‍കണമെന്ന് സിപിഎം നിര്‍ദ്ദേശം നല്‍കിയിരുന്നു. തുക അനുവദിച്ചതായി പ്രഖ്യാപനവും എത്തി. എന്നാല്‍ ഉത്തരവ് മാത്രം ഇറങ്ങിയില്ല.
തുക അനുവദിച്ചാണ് ഉത്തരവ് ഇറങ്ങേണ്ടത്. തുടര്‍ന്ന്, ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്ഷന് എത്തിക്കണം. ഉത്തരവ് എന്ന് ഇറങ്ങുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഈ വിഷയത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉടന്‍ ഇടപെടുമെന്ന് സൂചനയുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ഉത്തരവ് ഇറങ്ങുന്നത് വൈകാന്‍ കാരണമെന്നും വിലയിരുത്തലുണ്ട്.
പെന്ഷന് വിതരണം ജൂലായ് 24 മുതല്‍ തുടങ്ങുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചിരുന്നു. 1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കേണ്ടത്. അതത് മാസം പെന്ഷന് വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈവര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. കുടിശിക വരുത്തിയ ക്ഷേമപെന്ഷന് കുറച്ചെങ്കിലും വിതരണം ചെയ്യുന്നത് പരിഗണിച്ചുകൂടേയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
പെന്ഷന് മുടങ്ങിയതിനെതിരെ ഇടുക്കി അടിമാലി സ്വദേശി മറിയക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ ചോദ്യം. കേന്ദ്രത്തില്‍നിന്ന് കിട്ടാനുള്ള വിഹിതവും വിവിധയിനങ്ങളിലുള്ള സെസും കിട്ടിയിട്ടും കുടിശികപെന്‍ഷന്‍ വിതരണം ചെയ്യുന്നില്ലെന്ന് മറിയക്കുട്ടിയുടെ അഭിഭാഷക ബോധിപ്പിച്ചു. ക്ഷമപെന്ഷന് കിട്ടാത്തതിനാല്‍ മരുന്ന് വാങ്ങാന്‍ പോലും കഴിയുന്നില്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
ക്ഷേമ പെന്ഷന് നിയമപരമായ അവകാശമല്ലെന്നും അതൊരു സഹായം മാത്രമാണെന്നുമാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ക്ഷേമ പെന്ഷന് പ്രതിസന്ധിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് കാരണമെന്ന വിലയിരുത്തല്‍ സിപിഎം നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇതിന് പ്രധാന മുന്‍ഗണന നല്‍കാനും തീരുമാനിച്ചു. അതുകൊണ്ട് തന്നെ ക്ഷേമ പെന്ഷന് നല്‍കാനുള്ള ഇടപെടല്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.