- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴക്കോട്ട് ധരിച്ച് മുഖം മറച്ച് കൈകള്‍ പിന്നില്‍ കെട്ടി; വായ് പ്ലാസ്റ്റര്‍ കൊണ്ട് ഒട്ടിച്ചു; വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ഓണ്‍ലൈന്‍ ഗെയിമിലെ ടാസ്‌ക്
ആലുവ: ചെങ്ങമനാട് കപ്രശ്ശേരിയില്‍ പത്താംക്‌ളാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ ഗെയിമിലെ ടാസ്‌കെന്ന് സൂചന. വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന്‍ അഗ്‌നലാണ് (15) വെള്ളിയാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം ആത്മഹത്യ ചെയ്തത്. മഴക്കോട്ട് ധരിച്ച് മുഖം മറച്ച് കൈകള്‍ പിന്നില്‍ കെട്ടി, വായ് പ്ലാസ്റ്റര്‍ കൊണ്ട് ഒട്ടിച്ച ശേഷം വീടിനകത്ത് ഫാനില്‍ തൂങ്ങി മരിക്കുക ആയിരുന്നു ആഗ്നല്‍. താടിയെല്ലിന് മുറിവുണ്ടായിരുന്നു. കുട്ടി വിചിത്രമായ രീതിയില്‍ ആത്മഹത്യ ചെയ്തതില്‍ പോലിസിന് സംശയം തോന്നിയിരുന്നു. ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായി ചെയ്ത സാഹസിക കാര്യങ്ങള്‍ മൂലം ജീവഹാനി സംഭവിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം.
എന്നാല്‍ കുട്ടി ഏത് ഗെയിമാണ് കളിച്ചതെന്ന് വ്യക്തമല്ല. അമ്മയുടെ ഫോണിലും അച്ഛന്റെ ഫോണിലും അഗ്നല്‍ ഗെയിം കളിച്ചിരുന്നു. ജെയ്മിയുടെ ഫോണില്‍ രഹസ്യ നമ്പറുണ്ടാക്കിയാണ് അഗ്‌നല്‍ ഗെയിം കളിച്ചിരുന്നതെന്നു പറയുന്നു. പരിശോധനയില്‍ അമ്മയുടെ ഫോണില്‍ ഡെവിള്‍ എന്ന പേരിലുള്ള ഗെയിം കണ്ടെത്തിയിട്ടുണ്ട്. ഫൊറന്‍സിക് പരിശോധനക്കായി ഫോണ്‍ പോലീസ് കൊണ്ടുപോയിരിക്കുകയാണ്. വെള്ളിയാഴ്ച സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷമാണ് അഗ്നല്‍ ആത്മഹത്യ ചെയ്തത്. സ്‌കൂളില്‍ നിന്നും വീട്ടിലെത്തുമ്പോഴും കുട്ടി സന്തോഷവാനായിരുന്നു.
സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴി മറ്റൊരു ഫോണില്‍ നിന്ന് അഗ്‌നല്‍ ജെയ്മിയെ വിളിച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടാക്‌സി ഡ്രൈവറായ ജെയ്മി കളമശ്ശേരിയില്‍ നിന്ന് ഓട്ടം കഴിഞ്ഞ് വരുകയാണെന്നും ഉടനെ വീട്ടിലെത്തുമെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ അഗ്‌നല്‍ അമ്മ ജിനിയോട് കുടുംബ വിശേഷങ്ങള്‍ പറഞ്ഞു. ഇതിനു ശേഷം കിടപ്പു മുറിയില്‍ കയറി വാതിലടച്ച്. അതേസമയം മംഗലാപുരത്ത് നഴ്‌സിങ്ങിന് പഠിക്കുന്ന ഏക സഹോദരി എയ്ഞ്ചലിനെ കാണാന്‍ ശനിയാഴ്ച കുടുംബസമേതം പോകാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി പലഹാരമുണ്ടാക്കുന്ന തിരക്കിലായിരുന്നു ജിനി.
കുറച്ചു കഴിഞ്ഞ് ജെയ്മിയും വീട്ടിലെത്തി. അഗ്‌നലിനെ കാണാന്‍ മുറിയിലെത്തിയപ്പോള്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും വാതില്‍ തുറന്നില്ല. ഇതോടെ സംശയം തോന്നിയ ജെയ്മി വീടിന്റെ മുകള്‍നിലയില്‍ വാടകയ്ക്ക് താമസിക്കുന്ന സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ അഗ്‌നലിനെ കണ്ടെത്തിയത്. ഉടനെ ദേശം സി.എ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശനിയാഴ്ച മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. വൈകീട്ട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കപ്രശ്ശേരി ലിറ്റില്‍ ഫ്‌ളവര്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. എന്നാല്‍ ഓണ്‍ലൈന്‍ ഗെയിമിലെ ടാസ്‌ക് ആണോ മറ്റു കാര്യങ്ങളാണോ വിദ്യാര്‍ഥിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നറിയാന്‍ നെടുമ്പാശ്ശേരി പോലീസ് അന്വേഷണം തുടങ്ങി.