- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉരുളെറിഞ്ഞത് ആനക്കൂട്ടത്തിന് മുന്നില്‍; സുജാതയെ നോക്കി കരഞ്ഞ ചൂരല്‍മലയിലെ മിണ്ടാ പ്രാണികള്‍
മേപ്പാടി: ആ ദുരന്തം കണ്ട് കൊലകൊമ്പനും കരഞ്ഞു. ചൂരല്‍മല അഞ്ഞിശച്ചിലയില്‍ സുജാതയുടെ വാക്കുകളിലുള്ളത് പ്രകൃതി ദുരന്തത്തിന്റെ കാഠിന്യത്തിന് തെളിവാണ്. സുജാതയുടെ വീടിന് മുകളില്‍ മരം വീണു. ടെറസ് ഇടിഞ്ഞു വീണു. എന്നിട്ടം നിശ്ചയദാര്‍ഡ്യത്തോടെ അവര്‍ കൊച്ചു മകളേയും കൊണ്ട് ജീവിതത്തിലേക്ക് നീന്തി കയറി. ചെളി വെള്ളത്തെ വകഞ്ഞു മാറി എത്തിയത് മൂന്ന് ആനകളുടെ മുന്നിലേക്ക്. ആ രാത്രിയില്‍ ആ ആനകള്‍ അവര്‍ക്ക് സുരക്ഷിതത്വമൊരുക്കി. കണ്ണീരോടെയാണ് ദുരന്തം എല്ലാം നഷ്ടമാക്കിയവര്‍ക്ക് ആന കാവലായത്.
"വലിയ ദുരിതത്തില്‍നിന്നാണ് വരുന്നത്, നീ ഞങ്ങളെ ഒന്നും കാണിക്കല്ലേ. പേടിയാണ്. വെളിച്ചമില്ല. ചുറ്റിലും വെള്ളമാണ്. എങ്ങനെയോ നീന്തിക്കയറിയെത്തിയതാണ്. നീ ഞങ്ങളെ ഒന്നും ചെയ്യല്ലേ…" പെരുമഴയത്ത് കാപ്പിക്കാടിനു നടുവിലൂടെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മുന്നില്‍പ്പെട്ട വലിയ കൊമ്പനാനയോട് മനസില്‍ പറഞ്ഞത് ഇതായിരുന്നു. ആനയും അതു തിരിച്ചറിഞ്ഞു. സുജാതയെ കണ്ട് ആനയും കരഞ്ഞു. "അവന്റെ രണ്ടുകണ്ണും നിറഞ്ഞു (ഒരുപക്ഷേ, തോന്നിയതാവാം). അതിന്റെ കാലിന്റെ ചുവട്ടില്‍ ഞാനും കൊച്ചുമകളും ഇരുന്നു. നേരം വെളുക്കുംവരെ അനങ്ങാതെ അവന് നിന്നുതന്നു. അപ്പുറത്തു വേറെയും രണ്ടു കാട്ടാനകളുണ്ടായിരുന്നു."-സുജാ പറയുന്നത് ഇങ്ങനെയാണ്.
നിറയെ മരങ്ങള്‍ ഒഴുകിവരുന്നു. പുറത്തേക്കുനോക്കിയപ്പോള്‍ അയല്‍വാസിയുടെ രണ്ടുനില വീട് മറിഞ്ഞുവീഴുകയാണ്. അതു വന്നുവീണ് ഞങ്ങളുടെ വീടും തകര്‍ന്നു. അടുപ്പിന്റെ സ്ലാബിനുള്ളിലൂടെ പുറത്തേക്കുകടക്കുമ്പോഴാണ് രക്ഷിക്കണേയെന്ന പേരക്കുട്ടി മൃദുലയുടെ നിലവിളികേട്ടത്. അവളുടെ ചെറുവിരലില്‍ പിടികിട്ടി. തുണികൊണ്ട് കൂട്ടിപ്പിടിച്ച് പുറത്തേക്കെടുത്ത് മലവെള്ളത്തിലൂടെ നീന്താന്‍തുടങ്ങി. അവിടെ നിന്നാണ് ആനയുടെ മുന്നിലേക്ക് എത്തിയത്.
"നീന്തുന്നതിനിടെ രക്ഷിക്കണേയെന്ന് കരഞ്ഞുവിളിച്ചു. ആരും കേള്‍ക്കാനുണ്ടായിരുന്നില്ല. പകരം എവിടുന്നൊക്കെയോ നിലവിളികള്‍ മാത്രം കേട്ടു. പരിക്കേറ്റ മകനും ഭാര്യയും കാപ്പിക്കാട്ടില്‍ കിടന്നു. ഞാനും മോളും കൊമ്പന്റെ കാല്ക്കീഴിലും. പുലരുംവരെ അങ്ങനെ തുടര്‍ന്നു. രക്ഷിക്കാന്‍ വരാന്‍ നാട്ടില്‍ ആരും ബാക്കിയുണ്ടായിരുന്നില്ല. പുറത്തുനിന്ന് ആരൊക്കെയോവന്ന് ഒരു വീട്ടിലേക്ക് കൊണ്ടുപോയി. ഉടുക്കാന്‍ തുണിതന്നു". അങ്ങനെ സുജാതയും കൊച്ചു മകളും സുരക്ഷിത കേന്ദ്രത്തിലെത്തി.
കൂടെ പണിയെടുക്കുന്നവരെല്ലാം ടാറ്റ് നല്കി വെള്ളത്തിലൂടെ ഒഴുകി പോയി. ഒരു കുടുംബം പോലെ കഴിഞ്ഞവരാണ്. എല്ലാം നഷ്ടമായി-സുജാത പറയുന്നു. സുരക്ഷിതമായിരുന്നു വെളാര്മല. ഇതുവരെ വെള്ളപ്പൊക്കം പോലും ഉണ്ടായില്ല. എന്നിട്ടും ഇതുണ്ടായി. ആനയും ഞങ്ങളും ഒരുമിച്ച് കഴിഞ്ഞവരാണ്. ആനയെ കൊണ്ടും ഇതുവരെ ശല്യമൊന്നുമുണ്ടായിരുന്നില്ല. അവിടെ രക്ഷയൊരുക്കിയ ആനകളേയും മുമ്പ് കണ്ടിട്ടുണ്ട്-സുജാത പറയുന്നു.
രണ്ടാമത്തെ പൊട്ടല്‍ ഉണ്ടായപ്പോള്‍ എല്ലാവരും കാട്ടിലൂടെ പേടിച്ച് ഓടി. എത്തിപ്പെട്ടതാണെങ്കില്‍ കാട്ടാനക്കൂട്ടത്തിനു മുന്പില്. രക്ഷപ്പെടാന്‍ വേണ്ടി എല്ലാവരും മിണ്ടാതെ നിന്നു. ആന പോലും ഞങ്ങളെ കണ്ട് കണ്ണീര് ഒലിപ്പിച്ച് മാറിപ്പോയെ'ന്ന് ദുരിതത്തെ അതിജീവിച്ച സുജാത പറഞ്ഞു. രണ്ട് മണിക്ക് കാടുകയറിയിട്ട് രാവിലെയാണ് തങ്ങളെ കൊണ്ടുപോകാന്‍ ജീപ്പ് എത്തിയത്. അതുവരെ എല്ലാവരും പേടിച്ച് കാട്ടില്‍ ഇരിക്കുകയായിരുന്നു. കാട്ടില്‍ തങ്ങള്‍ക്കൊപ്പം ആകെ 50 പേര് ഉണ്ടായിരുന്നെന്നും സുജാത പറഞ്ഞു.
സുജാതയും മകന് ഗിഗീഷ്, ഭാര്യ സുജിത, മകന് സൂരജ് എന്നിവരും ഉള്‍പ്പെടെ 5 പേരാണു വീട്ടിലുണ്ടായിരുന്നത്. മലവെള്ളം വീട്ടിനുള്ളിലേക്കു ഇരച്ചെത്തിയപ്പോഴാണ് ഉണര്‍ന്നത്. ഗിഗീഷ് ഓരോരുത്തരെയായി വെള്ളത്തിലൂടെ വലിച്ചു കരകയറ്റി. മരം വന്നിടിച്ചു ഗിഗീഷിനു തലയ്ക്കു മുറിവേല്‍ക്കുകയും ചെയ്തു. എന്നിട്ടും പതറാതെ എല്ലാവരെയും കരയിലെത്തിച്ച ശേഷം കാപ്പിക്കാടിനു നടുവിലൂടെ ടോര്‍ച്ചിന്റെ പ്രകാശത്തില്‍ റോഡ് ലക്ഷ്യമാക്കി നീങ്ങുമ്പോഴാണു കാട്ടാനക്കൂട്ടത്തിനു മുന്നില്‍പെട്ടത്. ഓടരുതെന്നും നിശ്ശബ്ദരായി ഇരിക്കാനും ഗിഗീഷ് കൂടെയുള്ളവര്‍ക്കു നിര്‍ദേശം നല്കി.