- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാകാരനെ ഉപയോഗിച്ച് ക്രയവിക്രയം ഉണ്ടാക്കുന്ന വാണിജ്യ പരിപാടികള്‍ക്ക് പണം വാങ്ങും; നാഗപട്ടണം-ലൂര്‍ദ് പള്ളി തീര്‍ത്ഥാന ടൂറിസം; നയം പറഞ്ഞ് സുരേഷ് ഗോപി
തൃശ്ശൂര്‍: തന്റെ പ്രവര്‍ത്തന അജണ്ട പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തില്‍ എയിംസ് അഞ്ചു വര്‍ഷത്തിനകം സാധ്യമാക്കും. പക്ഷേ, പ്രവര്‍ത്തിച്ചുതുടങ്ങാന്‍ സ്വാഭാവികമായും സമയമെടുക്കും. എയിംസിനായി പ്രത്യേക പ്രദേശമല്ല, കേരളമാണ് കാണുന്നതെന്നും സുരേഷ് ഗോപി വിശദീകരിച്ചു. എവിടെയാകും എയിംസ് എന്ന് ഇനിയും സുരേഷ് ഗോപി വിശദീകരിച്ചിട്ടില്ല.
എയിംസ് ലഭിക്കാന്‍ ഇപ്പോഴുള്ള തടസ്സം നിര്‍മിതമാണ്. കൊച്ചി മെട്രോ-തൃശ്ശൂരും കടന്ന് കോയമ്പത്തൂര്‍ വരെ നീട്ടണമെന്നത് എന്റെ ലക്ഷ്യമാണ്. അതിനര്‍ഥം അത് നടത്തുമെന്നല്ല, ശ്രമിക്കുമെന്നാണ് പറഞ്ഞത്. അത് അനിവാര്യവും അമൂല്യവുമാണ്. യാഥാര്‍ഥ്യമാക്കാന്‍ പറ്റില്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ അക്കാര്യം ബോധ്യപ്പെടുത്തണം-സുരേഷ് ഗോപി പറഞ്ഞു. ഉദ്ഘാടനത്തിന് പ്രതിഫലമെന്ന വിവാദത്തിലും സുരേഷ് ഗോപി വ്യക്തത വരുത്തി. പൊതുപരിപാടികള്‍ക്ക് പ്രതിഫലം വാങ്ങില്ലെന്നും വ്യക്തമാക്കി.
"പൊതുപരിപാടികളല്ല, എന്റെ സഹപ്രവര്‍ത്തകര്‍ പോകുന്നതുപോലുള്ള പരിപാടിക്ക് പണം വാങ്ങുമെന്നാണ് പറഞ്ഞത്. കലാകാരനെ ഉപയോഗിച്ച് ക്രയവിക്രയം ഉണ്ടാക്കുന്ന വാണിജ്യപരിപാടികള്‍ക്ക് ഞാന്‍ പണം വാങ്ങും. ആ കാശില്‍ നയാപൈസ എന്റെ വീട്ടില്‍ കൊണ്ടുപോകില്ല, പാവങ്ങള്‍ക്കുള്ളതാണ് എന്നുപറഞ്ഞത് എന്തുകൊണ്ട് നിങ്ങളുടെ ഹൃദയത്തില്ത്തട്ടിയില്ല."- ഏങ്ങണ്ടിയൂരില്‍ വ്യാഴാഴ്ച നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി സുരേഷ് ഗോപി വിശദീകരിച്ചു. മന്ത്രിയെന്ന നിലയില്‍ ചെയ്യേണ്ട കാര്യങ്ങളുടെ മുന്‍ഗണന നിശ്ചയിക്കാനാകില്ലെന്നും ജനങ്ങള്‍ക്ക് ഗുണകരമാകുന്നതിനാണ് പ്രഥമ പരിഗണനയെന്നും സുരേഷ് ഗോപി വിശദീകരിച്ചു. ഇങ്ങോട്ട് ആവശ്യപ്പെട്ടതിനും അങ്ങോട്ട് വാഗ്ദാനം ചെയ്തതിനുമപ്പുറം പലതും ചെയ്യാനുണ്ടെന്ന് മനസ്സിലാക്കുന്നുവെന്നും വിശദീകരിച്ചു.
"തീര്‍ഥാടനടൂറിസത്തിന്റെ സര്‍ക്യൂട്ട് മനസ്സിലുണ്ട്. നാഗപട്ടണത്തു നിന്ന് തുടങ്ങി തൃശ്ശൂരിലെ എന്റെ സ്വന്തം ലൂര്‍ദ് മാതാവിന്റെ പള്ളി വരെ നീളുന്നതാണത്. നാഗപട്ടണം, വേളാങ്കണ്ണി, ഡിണ്ടിഗല്‍, മംഗളാദേവി, കാലടി, മലയാറ്റൂര്‍, ഭരണങ്ങാനം, കൊടുങ്ങല്ലൂര്‍ വഴി തൃശ്ശൂര്‍ ലൂര്ദ്പള്ളിയിലേക്കെത്തുംവിധം പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഇതിന്റെ രൂപരേഖ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗുരുവായൂരിനെ വേറെ തന്നെ കാണേണ്ടതുണ്ട്" -സുരേഷ് ഗോപി വ്യക്തമാക്കി.
"കേരളത്തിന് തനതായ ടൂറിസം പദ്ധതികളാണ് വേണ്ടത്. ഹരിത പദ്ധതികളായിരിക്കണം അവയെല്ലാം. കണ്ടല്‍വനവും കായലും തൊട്ടുപോകരുത്. നാടിന്റെ വികസനത്തിന്റെ ഭാഗമായുള്ള നിക്ഷേപങ്ങളൊരുക്കാന്‍ ഒരാള്‍ക്കുമാത്രമായി സാധിക്കില്ല. വ്യവസ്ഥകളെല്ലാം പാലിച്ച് നിക്ഷേപമിറക്കാന്‍ വരുന്നവരെ തടസ്സപ്പെടുത്താതിരുന്നാല്‍ മതി. നിക്ഷേപകന്റെ ഹൃദയം കീഴടക്കാന്‍ ശ്രമിക്കണം. മാത്രമല്ല, നിയമങ്ങള്‍ നോക്കണം. ഇപ്പോള്‍ത്തന്നെ പലരും പദ്ധതികളുമായി മുന്നോട്ടുവന്നിട്ടുണ്ട്. പക്ഷേ, അതേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താനാകില്ല" -സുരേഷ് ഗോപി പറഞ്ഞു.
'നാലു ശതമാനം പലിശയ്ക്ക് കര്‍ഷകര്‍ക്ക് വായ്പ ലഭിക്കുന്നതിന് തടസ്സമായത് മുന്‍പ് ഇവിടെനിന്ന് നബാര്ഡിലേക്കുപോയ കത്താണ്. 'ആ കത്തിന് മറുകുത്ത്' ഉടന്‍ വരുമെന്ന് നബാര്‍ഡ് ചെയര്‍മാനെ അറിയിച്ചിട്ടുണ്ടെന്നും വിശദീകരിച്ചു. ഗെയില്‍ പൈപ്പ്ലൈന് കേരളമാകെ പൂര്‍ത്തിയാക്കുമെന്നും സ്ഥലം എടുത്തുകിട്ടിയാല്‍ റെയില്‍വേട്രാക്കുകള്‍ കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഭാരത്അരി വിതരണത്തില്‍ സംസ്ഥാനത്ത് പല സ്ഥലത്തും സാങ്കേതികതടസ്സം സൃഷ്ടിക്കുന്നതായി അറിഞ്ഞു. അത് പരിഹരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.