കൊച്ചി: വിവാഹത്തട്ടിപ്പ് നടത്തി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും യുവതിയുടെ അമ്മയില്‍നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. കേസിലെ രണ്ടാംപ്രതി വിനീതയ്ക്കാണ് കോടതി മൂന്നുവര്‍ഷം തടവും 5.50 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴയൊടുക്കാത്ത പക്ഷം ആറുമാസം തടവുശിക്ഷ കൂടിയനുഭവിക്കണമെന്ന് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സി.കെ. മധുസൂദനന്‍ വിധിച്ചു.

വിനീതയും ഭര്‍ത്താവ് രാജീവും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. വിനീതയുടെ ഭര്‍ത്താവ് രാജീവാണ് കേസിലെ ഒന്നാംപ്രതി. വിചാരണമധ്യേ രാജീവ് മരിച്ചതിനെ തുടര്‍ന്ന് അയാള്‍ക്ക് എതിരേയുള്ള നടപടി കോടതി അവസാനിപ്പിച്ചിരുന്നു. എറണാകുളം ചമ്പക്കര സ്വദേശിയായ യുവതിയെ ആണ് വിവാഹ പരസ്യം നല്‍കി കബളിപ്പിച്ചത്. വിവാഹപരസ്യം നല്‍കിയശേഷം സഹോദരീ സഹോദരന്മാരായി അഭിനയിച്ചാണ് വിനീതയും രാജീവും യുവതിയെയും കുടുംബത്തെയും സമീപിച്ചതും കെണിയില്‍ വീഴ്ത്തിയതും.

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് വിനീതയും രാജീവും ചേര്‍ന്ന് യുവതിയുടെ അമ്മയില്‍നിന്ന് പല തവണയായി അഞ്ചുലക്ഷം രൂപയോളം തട്ടിയെടുത്തു. ശേഷം യുവതിയെയും മാതാവിനെയും തമിഴ്‌നാട് ആനമലയിലെ ഒരു ക്ഷേത്രത്തില്‍ കൊണ്ടുപോയി വിവാഹച്ചടങ്ങ് നടത്തി. പിന്നീട് രാജീവ് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ മാതാവിനോട് വീണ്ടും പണം ആവശ്യപ്പെട്ട് എത്തിയപ്പോഴാണ് പ്രതികള്‍ പിടിയിലായത്.

സി.ഐ.മാരായിരുന്ന സി.കെ. ഉത്തമന്‍, ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി.ടി. ജെസ്റ്റിന്‍, കെ. ജ്യോതി എന്നിവര്‍ ഹാജരായി.