- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോര്‍ത്ത് കരോലീന സര്‍വ്വകലാശാലയിലെ പ്രൊഫസര്‍; സ്വയം വിരമിക്കുന്നത് തലയെടുപ്പുള്ള ഡിജിപി; വിജിലന്‍സ് മേധാവി വിനോദ് കുമാര്‍ അമേരിക്കയിലേക്ക്
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍ സ്വയം വിരമിച്ചു. വിനോദ് കുമാര്‍ നല്കിയ വിആര്‍എസ് അപേക്ഷ സര്‍ക്കാര്‍ അംഗീകരിച്ചു. സര്‍വ്വീസ് കാലാവധി ഇനിയും ബാക്കി നില്‍ക്കെയാണ് സ്വയം വിരമിച്ചത്. അമേരിക്കയില്‍ പഠിപ്പിക്കാന്‍ പോകാനാണ് ജോലി ഉപേക്ഷിച്ചത്.
അമേരിക്കയിലെ നോര്‍ത്ത് കരോലീന സര്‍വ്വകലാശാലയിലെ പ്രൊഫസറായാണ് ഇനി നിയമനം ലഭിച്ചിട്ടുള്ളത്. അവധി അപേക്ഷ നല്‍കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് സ്വയം വിരമിക്കാന്‍ തീരുമാനിച്ചത്. ടി കെ വിനോദ് കുമാര്‍ ഒഴിയുമ്പോള്‍ ബെവ്കോ എംഡി യോഗേഷ് ഗുപ്തക്ക് ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കും.
വിവാദങ്ങളില്‍ പെടാത്ത കേരളാ കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് വിനോദ് കുമാര്‍. കേരളാ പോലീസിന്റെ രഹസ്യാന്വേഷണ മേധാവിയായും ചുമതല നിര്‍വ്വഹിച്ചു. 1992 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. അടുത്ത് പോലീസ് മേധാവിയാകാന്‍ ഏറ്റവും സാധ്യത കല്പ്പിച്ചിരുന്നതും വിനോദ് കുമാറിനാണ്. ഇതിനിടെയാണ് ഏവരേയും ഞെട്ടിച്ച് അധ്യാപന ജീവിതം തിരഞ്ഞെടുക്കാനായി വിനോദ് കുമാര്‍ രാജിവയ്ക്കുന്നത്.
വിനോദ് കുമാര്‍ 31 കൊല്ലം സര്‍വ്വീസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാ വിരമിക്കല്‍ ആനുകൂല്യവും വിനോദ് കുമാറിന് ചട്ടപ്രകാരം ലഭിക്കും. പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ ഇന്റലിജന്‍സ് മേധാവിയായി ചുമതല വഹിച്ച വിനോദ് കുമാര്‍ അടുത്തിടെയാണ് വിജിലന്‍സ് മേധാവിയായത്. 2025 ഓഗസ്റ്റുവരെ സര്‍വീസുണ്ട്. സര്‍ക്കാരിന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥനായാണ് വിനോദ് കുമാര്‍ അറിയപ്പെട്ടിരുന്നത്.