- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടി സുനിക്കും രംഗണ്ണനാകണം! അതിന് സുപ്രീംകോടതി കനിയണം; ശിക്ഷാ ഇളവു തേടി ടിപി കേസ് കുറ്റവാളികള്‍ പരമോന്നത കോടതിയില്‍; സിപിഎമ്മും ആകാംക്ഷയില്‍
ന്യൂഡല്‍ഹി: നാട്ടിലെ ഗുണ്ടകളെല്ലാം ആവേശത്തിലെ രംഗണ്ണനെ പോലെ ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ നമ്മുടെ ആഘോഷം ജയിലില്‍ മാത്രമായി ഒതുങ്ങിയാല്‍ ശരിയാകില്ലെന്ന് ടി പി വധക്കേസ പ്രതി കൊടി സുനിക്കും തോന്നിയാല്‍ അതില്‍ അത്ഭുതം തോന്നില്ല. കാരണം അതുപോലെയാണ് ഇപ്പോഴത്തെ കാര്യങ്ങളുടെ പോക്ക്. നാട്ടിലെങ്ങും ഗുണ്ടകള്‍ വിളയാടുന്ന സമയമാണ്. ടി പി വധക്കേസ് പ്രതികള്‍ക്കാകട്ടെ പരോള്‍ ധാരാളം ലഭിക്കുന്നുമുണ്ട്. ഇതിനിടെയാണ് ഹൈക്കോടതി പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി ഉയര്‍ത്തിയത്. ഈ വിധി ചോദ്യം ചെയ്തു കൊണ്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കയാണ് ടി പി കേസിലെ കുറ്റവാളികള്‍.
കേസില്‍ ഹൈക്കോടതി വിധിക്കെതിരായ കുറ്റവാളികളുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഒന്നു മുതല്‍ എട്ടുവരെ പ്രതികളാണ് ശിക്ഷയിളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ ആദ്യ ആറു പ്രതികളായ അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവര്‍ ഇരട്ട ജീവപര്യന്തത്തിന് വിധിക്കപ്പെട്ടവരാണ്.
12 വര്‍ഷമായി ജയിലിലാണെന്നും ശിക്ഷയിളവ് ചെയ്ത് ജാമ്യം അനുവദിക്കണം എന്നുമാണ് പ്രതികളുടെ ആവശ്യം. കേസില്‍ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവും കെ.കെ. കൃഷ്ണനും ശിക്ഷായിളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നെങ്കിലും ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ജസ്റ്റിസുമാരായ ബേല എം ത്രിവേദി , സതിശ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നീക്കം അടുത്തിടെ വിവാദത്തിലായിരുന്നു. ഇതിനിടെയാണ് പ്രതികള്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു. ശിക്ഷായിളവ് ശുപാര്‍ശ ചെയ്ത മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. മൂന്ന് പേര്‍ക്ക് ശിക്ഷാ ഇളവ് നല്കി വിട്ടയക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത് എന്നിവരാണ് പട്ടികയിലുണ്ടായിരുന്നത്.
ഹൈക്കോടതി വിധി മറികടന്നായിരുന്നു നീക്കം. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. 20 വര്‍ഷം വരെ ശിക്ഷാ ഇളവ് പാടില്ലെന്നായിരുന്നു ഹൈക്കൊടതി ഉത്തരവ്. പ്രതികളുടെ അപ്പീല്‍ തള്ളിയായിരുന്നു ശിക്ഷ വര്‍ധിപ്പിച്ചത്. ഈ വിധിക്കെതിരെയാണ് പ്രതികള്‍ ഇപ്പോേള്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.