- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനില്‍ കുത്തേറ്റ് 14 വയസ്സുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മരണം; മാതാപിതാക്കള്‍ക്ക് മേല്‍ കുറ്റം ചുമത്തി പോലീസ്
ലണ്ടന്‍: നെഞ്ചില്‍ കൊണ്ട ഒരൊറ്റ കുത്തേറ്റ് മരിച്ച സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പോലീസ് കോടതിയില്‍ ഹാജരാക്കി. കൗണ്ടി ഡുറാമിലെ ഡാര്‍ലിംഗ്ടണിലുള്ള ഒരു വീട്ടിലാണ് വെള്ളിയാഴ്ച രാത്രി 11 മണിയോടെ സ്കാര്‍ലറ്റ് വിക്കേഴ്സ് എന്ന പെണ്‍കുട്ടിയെ കുത്തേറ്റ നിലയില്‍ എമര്‍ജന്‍സി സര്‍വ്വീസുകാര്‍ കണ്ടെത്തുന്നത്. പ്രഥമശുശ്രൂഷകള്‍ക്ക് തുനിഞ്ഞെങ്കിലും പെണ്‍കുട്ടി മരണമടയുകയായിരുന്നു. നെഞ്ചില്‍ ഒരു കുത്ത് മാത്രം ഏറ്റ നിലയിലായിരുന്നു പെണ്‍കുട്ടി എന്ന് കോടതിയില്‍ പറഞ്ഞു.
തുടര്‍ന്ന് ഇന്നലെ രാവിലെയായിരുന്നു പെണ്‍കുട്ടിയുടെ പിതാവ് സൈമണ്‍ വിക്കേഴ്സിനെയും മാതാവ് സാറ ഹാളിനെയും പോലീസ് അറസ്റ്റ് ചെയ്ത് ന്യൂട്ടണ്‍ ഐക്ലിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. തങ്ങളുടെ പേരുകളും ജനന തീയതികളും സ്ഥിരീകരിക്കുവാന്‍ വേണ്ടി മാത്രമാണ് ഇരുവരും കോടതിയില്‍ സംസാരിച്ചത്. എന്നാല്‍, ഇരുവര്‍ക്കും വേണ്ടി ഹാജരായ അഭിഭാഷകര്‍, പ്രോസിക്യൂഷന്റെ ആരോപണങ്ങള്‍ എല്ലാം നിഷേധിക്കുകയായിരുന്നു.
ഇരു ഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട കോടതി, കൊലപാതക കേസ് വിചാരണക്ക് എടുക്കാന്‍ ക്രൗണ്‍ കോടതിക്ക് മാത്രമെ അധികാരമുള്ളു എന്ന് ചൂണ്ടിക്കാട്ടി ആഗസ്റ്റ് 5 ന് വിചാരണക്കായി കേസ് ടീസൈഡ് ക്രൗണ്‍ കോടതിയിലെക്ക് മാറ്റി. ജാമ്യാപേക്ഷ ഇന്ന് നല്‍കാമെന്നും അതുവരെ ഇരുവരും കസ്റ്റഡിയില്‍ തുടരുമെന്നും കോടതി വ്യക്തമാക്കി.
ഡാര്‍ലിംഗ്ടണിലെ ഹാഫ്ടണ്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട സ്കാര്‍ലെറ്റ്. വ്യാപകമായ സൗഹാര്‍ദ്ദങ്ങള്‍ സൂക്ഷിക്കുന്ന സൗമ്യയായ ഒരു വിദ്യാര്‍ത്ഥിനിയാണ് സ്കാര്‍ലെറ്റ് എന്നാണ് സഹപാഠികളും അദ്ധ്യാപകരും പറയുന്നത്. സ്കൂളിലെ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും സ്കൂളിലെത്തി സ്കാര്‍ലറ്റിന്റെ സ്മരണക്ക് മുന്പില് പുഷ്പാഞ്ജലി അര്‍പ്പിച്ചു.