- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റീല്‍ ബോഗികള്‍, ഓട്ടോമാറ്റിക് വാതിലുകള്‍, ചൂടുവെള്ളവും ഷവറും; നവ്യാനുഭവവുമായി വന്ദേഭാരത് സ്ലീപ്പര്‍ ട്രാക്കിലേക്ക്
ബെംഗളൂരു: രാജ്യത്ത് ആദ്യമായി നിര്‍മിച്ച വന്ദേഭാരത് സ്ലീപ്പര്‍വണ്ടി ബെംഗളൂരുവില്‍ പുറത്തിറക്കി. രാജ്യത്തെ തീവണ്ടി യാത്രക്കാര്‍ക്ക് പുത്തന്‍ അനുഭവവുമായി അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് ഈ തീവണ്ടി നിര്‍മ്മിച്ചിരിക്കുന്നത്. ഒന്‍പതുമാസം കൊണ്ടായിരുന്നു നിര്‍മാണം. 11 എ.സി. ത്രീ ടയര്‍ കോച്ചുകളും (611 ബെര്‍ത്തുകള്‍), നാല് എ.സി. ടു ടയര്‍ കോച്ചുകളും (188 ബെര്‍ത്തുകള്‍), ഒരു ഒന്നാം ക്ലാസ് എ.സി.കോച്ചും (24 ബെര്‍ത്തുകള്‍) ഉള്‍പ്പെടെ മൊത്തം 16 കോച്ചുകളും 823 ബെര്‍ത്തുകളും ഉണ്ട്. വണ്ടി ബെംഗളൂരുവില്‍നിന്നും ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലേക്ക് പരീക്ഷണങ്ങള്‍ക്കായി […]
ബെംഗളൂരു: രാജ്യത്ത് ആദ്യമായി നിര്‍മിച്ച വന്ദേഭാരത് സ്ലീപ്പര്‍വണ്ടി ബെംഗളൂരുവില്‍ പുറത്തിറക്കി. രാജ്യത്തെ തീവണ്ടി യാത്രക്കാര്‍ക്ക് പുത്തന്‍ അനുഭവവുമായി അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് ഈ തീവണ്ടി നിര്‍മ്മിച്ചിരിക്കുന്നത്. ഒന്‍പതുമാസം കൊണ്ടായിരുന്നു നിര്‍മാണം. 11 എ.സി. ത്രീ ടയര്‍ കോച്ചുകളും (611 ബെര്‍ത്തുകള്‍), നാല് എ.സി. ടു ടയര്‍ കോച്ചുകളും (188 ബെര്‍ത്തുകള്‍), ഒരു ഒന്നാം ക്ലാസ് എ.സി.കോച്ചും (24 ബെര്‍ത്തുകള്‍) ഉള്‍പ്പെടെ മൊത്തം 16 കോച്ചുകളും 823 ബെര്‍ത്തുകളും ഉണ്ട്.
വണ്ടി ബെംഗളൂരുവില്‍നിന്നും ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലേക്ക് പരീക്ഷണങ്ങള്‍ക്കായി കൊണ്ടുപോകും. പാളത്തിലിറക്കിയുള്ള പരീക്ഷണ ഓട്ടവും പൂര്‍ത്തിയാക്കി സുരക്ഷ ഉറപ്പുവരുത്തി മൂന്നു മാസത്തിനുള്ളില്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബി.ഇ.എം.എല്‍.) ആണ് വണ്ടി രൂപകല്പനചെയ്ത് നിര്‍മിച്ചത്.
ബെംഗളൂരുവിലെ 'ബെമലി'ന്റെ നിര്‍മാണകേന്ദ്രത്തില്‍ കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവാണ് വണ്ടി പുറത്തിറക്കിയത്. സ്റ്റെയിന്‍ലെസ് സ്റ്റീലുകൊണ്ടാണ് കമ്പാര്‍ട്ട്മെന്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. കുലുക്കമൊഴിവാക്കാനും സുരക്ഷയ്ക്കുമായി ബഫറുകളും കപ്ലറുകളും ഘടിപ്പിച്ചിട്ടുണ്ട്. 160 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്നരീതിയിലാണ് രൂപകല്പന.
ലോകനിലവാരത്തിലുള്ള യാത്രാനുഭവം നല്‍കുന്നതാണ് പുതിയ വണ്ടിയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. റെയില്‍വേ സഹമന്ത്രി വി. സോമണ്ണ, റെയില്‍വേബോര്‍ഡ് സി.ഇ.ഒ. സതീഷ് കുമാര്‍, 'ബെമല്‍' ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശന്തനു റോയ് എന്നിവരും പങ്കെടുത്തു.
വന്ദേഭാരത് സ്ലീപ്പറിന്റെ പ്രത്യേകതകള്‍:
*സ്റ്റെയിന്‍ലെസ് സ്റ്റീല്‍കൊണ്ടുള്ള ബോഗികള്‍
*ഫൈബര്‍ഗ്ലാസ് പാനലുകള്‍ ഉപയോഗിച്ചുള്ള ഉള്‍ഭാഗത്തിന്റെ രൂപകല്പന
*മോഡുലാര്‍ പാന്‍ട്രി
*മികച്ചനിരവാരത്തിലുള്ള ഫയര്‍ സേഫ്റ്റി
*പ്രത്യേക പരിഗണനയുള്ളവര്‍ക്കായി പ്രത്യേക ബെര്‍ത്തുകളും ശൗചാലയങ്ങളും
*ഓട്ടോമാറ്റിക് വാതിലുകള്‍
*പൈലറ്റുമാര്‍ക്കും ശൗചാലയം
*ഒന്നാംക്ലാസ് എ.സി.കാറില്‍ ചൂടുവെള്ളവും ഷവറും
*യാത്രക്കാരുടെ വായനയ്ക്കായി പ്രത്യേക ലൈറ്റിങ് സംവിധാനം
*പബ്ലിക് അനൗണ്‍സ്മെന്റ്-വിഷ്വല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം
*വിശാലമായ ലഗേജ് മുറി.




