തിരുവനന്തപുരം: പൂക്കാലത്തിന് ശേഷം വിജയരാഘവന്‍ വീണ്ടും എണ്‍പതുകാരന്റെ വേഷത്തിലെത്തുന്നു. നവാഗതനായ ശരത്ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഔസേപ്പിന്റെ ഒസ്യത്ത്' എന്ന ചിത്രത്തിലാണ് വേഷപ്പകര്‍ച്ചയിലൂടെ വിജയരാഘവന്‍ വീണ്ടും ഞെട്ടിക്കാന്‍ ഒരുങ്ങുന്നത്.മെഗൂര്‍ ഫിലിംസിന്റെ ബാനറില്‍ എഡ്വേര്‍ഡ് ആന്റണിയാണ് ചിത്രം നിര്‍മിക്കുന്നത്.

അപ്പനും മക്കളും അടങ്ങുന്ന സമ്പന്നമായ ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
കിഴക്കന്‍ മലമുകളില്‍ വന്യമൃഗങ്ങളോടും,പ്രതികൂല സാഹചര്യങ്ങളോടുമൊക്കെ മല്ലിട്ട് വാരിക്കൂട്ടിയ സമ്പത്തിന്റെ ഉടമയായ ഔസേപ്പിന്റേയും മൂന്ന് ആണ്‍മക്കളുടേയും കഥയാണ് ഈ ചിത്രം പറയുന്നത്.ഇമോഷണല്‍ ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്.ഫസല്‍ ഹസ്സന്റേതാണ് തിരക്കഥ.

ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ഹേമന്ത് മേനോന്‍, ജോജി മുണ്ടക്കയം, കനി കുസൃതി, ജയിംസ് എല്യാ, അഞ്ജലി കൃഷ്ണ, ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോര്‍ഡി പൂഞ്ഞാര്‍, സെറിന്‍ ഷിഹാബ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.ഏലപ്പാറ - വാഗമണ്‍ റൂട്ടിലൂടെ സഞ്ചരിച്ചെത്തുന്ന ഒരു കുന്നിന്‍ മുകളിലെ തേയിലത്തോട്ടങ്ങളുടേയും ഏലത്തോട്ടത്തിന്റേയും നടുവിലായി സ്ഥിതി ചെയ്യുന്ന ഒരു വലിയ എസ്റ്റേറ്റ് ബംഗ്ലാവിലായിരുന്നു ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കൂടിയാണ് ഈ ബംഗ്ലാവ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഔസേപ്പിന്റെ തറവാടായിട്ടാണിവിടം ചിത്രീകരിക്കുന്നതെന്ന് സംവിധായകനായ ശരത്ചന്ദ്രന്‍ പറഞ്ഞു.

നിര്‍മാതാവ് എഡ്വേര്‍ഡ് ആന്റണി സ്വിച്ചോണ്‍ കര്‍മ്മവും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുശില്‍ തോമസ് ഫസ്റ്റ് ക്ലാപ്പും നല്‍കി ചിത്രീകരണത്തിനു തുടക്കമിട്ടു.നിര്‍മാതാവ് എഡ്വേര്‍ഡ് ആന്റണി, വിജയരാഘവന്‍, സംവിധായകന്‍ ശരത്ചന്ദ്രന്‍, ജോജി മുണ്ടക്കയം, ഹേമന്ത് മേനോന്‍, അഞ്ജലി കൃഷ്ണ, സുശീല്‍ തോമസ്, സ്ലീബാ വര്‍ഗീസ്, ഫസല്‍ ഹസന്‍ (തിരക്കഥാകൃത്ത് ), സിന്‍ജോ ഒറ്റത്തൈക്കല്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.

സംഗീതം- സുമേഷ് പരമേശ്വര്‍, ഛായാഗ്രഹണം -അരവിന്ദ് കണ്ണാബിരന്‍, എഡിറ്റിംഗ്- ബി.അജിത് കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - അര്‍ക്കന്‍ എസ്. കര്‍മ്മ, മേക്കപ്പ് - നരസിംഹസ്വാമി, കോസ്റ്റ്യൂം ഡിസൈന്‍ -അരുണ്‍ മനോഹര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - കെ.ജെ. വിനയന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേര്‍സ് - സ്ലീബാ വര്‍ഗീസ്, സുശീല്‍ തോമസ്, ലൊക്കേഷന്‍ മാനേജര്‍ -നിക്സന്‍ കുട്ടിക്കാനം, പ്രൊഡക്ഷന്‍ മാനേജര്‍- ശിവപ്രസാദ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സിന്‍ ജോ ഒറ്റത്തൈക്കല്‍. കുട്ടിക്കാനം, ഏലപ്പാറ, പീരുമേട്ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായ ശരത്ചന്ദ്രന്‍ ഏറെക്കാലമായി പരസ്യചിത്രവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. പി.ആര്‍.ഒ -വാഴൂര്‍ ജോസ്, ഫോട്ടോ - ശ്രീജിത്ത് ചെട്ടിപ്പടി.