തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്ഥാനത്തെ കെഎസ്ഇബി, ജലസേചന വകുപ്പുകളുടെ അണക്കെട്ടുകളിലെ ജലനിരപ്പുയരുന്നു. ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ ഡാമുകളില്‍ 24 മണിക്കൂറും നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയതായി കെഎസ്ഇബി ഡാം സുരക്ഷാ വിഭാഗവും ജലസേചന വകുപ്പും അറിയിച്ചു. കെഎസ്ഇബി അണക്കെട്ടുകളില്‍ നിലവില്‍ 59%, ജലസേചന വകുപ്പിന്റെ ഡാമുകളില്‍ 60% വീതം ജലമുണ്ട്.

മൂഴിയാര്‍, മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍ക്കുത്ത് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ടും ബാണാസുര സാഗറില്‍ ഓറഞ്ച് അലര്‍ട്ടും കുറ്റ്യാടിയില്‍ ബ്ലൂ അലര്‍ട്ടും നിലവിലുണ്ട്. ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷിയുടെ 55% ജലമുണ്ട്. ഇന്നലെ 2360.56 അടിയായിരുന്നു ഇടുക്കിയിലെ ജലനിരപ്പ്.
അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ജലമൊഴുക്കുന്ന പ്രദേശങ്ങളിലെ ജനവാസ മേഖലകളെക്കുറിച്ചും സുരക്ഷിതമായി പാര്‍പ്പിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചും വിവരശേഖരണം ആരംഭിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കെഎസ്ഇബിക്ക് 18 ഡാമുകളും ജലസേചന വകുപ്പിന് 16 ഡാമുകളും 3 ബരാജുകളും ഉണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതലയുള്ള കലക്ടറര്‍മാരുടെ നേതൃത്വത്തില്‍ അണക്കെട്ടുകളിലെ ജലനിരപ്പ് വിലയിരുത്തുന്നുണ്ട്. ബാണാസുര സാഗര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്തു ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിന്റെ 3 ഷട്ടറുകള്‍ തുറന്നു. ഇടുക്കി ജില്ലയിലെ കുണ്ടള, മാട്ടുപെട്ടി, പൊന്‍മുടി, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ ഡാമുകളിലും ജലനിരപ്പ് സംഭരണശേഷിയുടെ തൊട്ടടുത്താണ്.