പാലക്കാട്: കനത്തമഴയെത്തുടര്‍ന്ന് കൊങ്കണ്‍ റെയില്‍പ്പാതയില്‍ വെള്ളക്കെട്ട്. നിരവധി തീവണ്ടികള്‍ വഴിതിരിച്ചുവിട്ടു. ബുധനാഴ്ച യാത്രതുടങ്ങാനിരുന്ന ചില വണ്ടികള്‍ റദ്ദാക്കി.

കൊച്ചുവേളി, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍നിന്ന് യാത്രതുടങ്ങി കൊങ്കണ്‍പാതവഴി പോകേണ്ടതും കൊങ്കണ്‍വഴി ഇവിടങ്ങളിലേക്കു വരേണ്ടതുമായ വണ്ടികളാണ് ഷൊര്‍ണൂര്‍, പാലക്കാട്, ഈറോഡ് വഴി തിരിച്ചുവിട്ടത്.

ബുധനാഴ്ച തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള തീവണ്ടികളാണ് റദ്ദാക്കിയത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും യാത്രതുടങ്ങിയ 13 വണ്ടികള്‍ വഴിതിരിച്ചുവിട്ടു.

തെക്കന്‍ ഗോവയിലെ പെര്‍ണേമിലെ തുരങ്കത്തിലാണ് വെള്ളക്കെട്ട്. വെള്ളം പമ്പുചെയ്ത് ഒഴിവാക്കി പാത ഗതാഗതയോഗ്യമാക്കാനുള്ള ശ്രമം തുടരുകയാണ്.