നിലമ്പൂര്‍: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍, മലപ്പുറം ജില്ലയിലെ ചാലിയാര്‍ പുഴയില്‍ നിന്ന് കണ്ടെടുത്തത് 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളുമെന്ന് ജില്ലാ ഭരണകൂടം. നിലമ്പൂര്‍, മുണ്ടേരി എന്നിവിടങ്ങളില്‍ നിന്നായി ചൊവ്വാഴ്ച വൈകിട്ട് 7.30 വരെ കണ്ടെടുത്ത മൃതദേഹങ്ങളുടെ കണക്കാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ദുരന്തമുണ്ടായതിന് പിന്നാലെ രാവിലെ 6 മണി മുതലാണ് പോത്തുകല്ല് ഭാഗത്ത് നിന്ന് രക്ഷാ പ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ തുടങ്ങിയത്.

കണ്ടെടുത്ത മൃതദേഹങ്ങളില്‍ 19 പുരുഷന്‍മാരും, 11 സ്ത്രീകളും, 2 ആണ്‍കുട്ടികളും ഉണ്ട്. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ ഇത് മുണ്ടക്കൈ ഭാഗത്ത് നിന്നുള്ളതാണെന്ന് സംശയമുണ്ടായിരുന്നെങ്കിലും വൈകാതെ ഇത് സ്ഥിരീകരിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതില്‍ 26 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാരെ എത്തിച്ച് നിലമ്പൂരില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ജില്ലാ ആശുപത്രിയിലെ രണ്ട് നില പേവാര്‍ഡുകള്‍ പൂര്‍ണമായി മൃതദേഹങ്ങള്‍ കിടത്തിയിരിക്കുകയാണ്. ഇതിനായി 50 ലധികം ഫ്രീസറുകളും ആശുപത്രിയിലേക്ക് വിവിധ ഇടങ്ങളില്‍ നിന്നായി എത്തിച്ചിട്ടുണ്ട്. രാത്രിയിലും ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടരും.