തിരുവനന്തപുരം: വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തമുണ്ടായതിന്റെ എട്ടാം ദിവസമായ ഇന്നലത്തെ തിരച്ചിലില്‍ മൃതദേഹങ്ങളൊന്നും ലഭിച്ചില്ല. എന്നാല്‍, ഏഴ് ശരീരഭാഗങ്ങള്‍ ഇന്നലത്തെ തിരച്ചിലില്‍ കിട്ടി. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ 152 പേരെ ക്കുറിച്ച് ഇനിയും വിവരം ലഭിക്കാനുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം മുതല്‍ മുണ്ടക്കൈയും ചൂരല്‍മലയും അടക്കമുള്ള മേപ്പാടി പഞ്ചായത്തിലെ ഭാഗങ്ങളിലും സൂചിപ്പാറ വെള്ളച്ചാട്ടം മുതല്‍ പോത്തുകല്ല്, നിലമ്പൂര്‍ വരെ ചാലിയാറിലും ഇന്നലെ സൂക്ഷ്മ പരിശോധന നടത്തി. സൂചിപ്പാറ ഭാഗത്തിനു താഴെ ദുര്‍ഘടമായ സണ്‍റൈസ് വാലിയില്‍ ഹെലികോപ്റ്ററില്‍ ദൗത്യസംഘത്തെ ഇറക്കിയായിരുന്നു പരിശോധന. എന്നാല്‍ മൃതദേഹങ്ങള്‍ ഒന്നും കണ്ടെത്താനായില്ല.

ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 224 ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരിച്ചറിയാത്ത 30 മൃതദേഹങ്ങളും 154 ശരീര ഭാഗങ്ങളും പുത്തുമലയിലെ ശ്മശാനത്തില്‍ സര്‍വമത പ്രാര്‍ഥനയോടെ സംസ്‌കരിച്ചു. 88 പേര്‍ ഇപ്പോഴും ആശുപത്രികളിലാണ്. 9 ക്യാംപുകളിലായി 1381 പേര്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ, വെള്ളാര്‍മല സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് മേപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബദല്‍ സൗകര്യമൊരുക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ നിശ്ചിതമേഖലകളില്‍ സര്‍ക്കാര്‍ 6 മാസത്തേക്കു വൈദ്യുതി വിതരണം സൗജന്യമാക്കും.