തൃശൂര്‍: വീട്ടുചെലവിനു വഴിയില്ലാതായതോടെ ആഹാരം വേവിച്ചു കഴിക്കുന്നതിനാണ് ചേലക്കര നാട്യന്‍ചിറ പാണ്ടിയോട്ടില്‍ അയ്യപ്പന്‍ എഴുത്തച്ഛന്‍ പുരയിടത്തിലെ മരങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. 5000 രൂപ മുന്‍കൂര്‍ നല്‍കിയ ശേഷം മരമെടുത്തവര്‍ മരം മുറിച്ചു. തടി വെട്ടി ലോറിയില്‍ കയറ്റിയ ശേഷം 20,000രൂപ കൂടി കൊടുത്തു. തല്‍ക്കാലം പിടിച്ചു നില്‍ക്കാനുള്ള പണമായെന്ന് കണ്ട ആവൃദ്ധന് സന്തോഷമാവുകയും ചെയ്തു.

എന്നാല്‍ തുകയുമായി ഇന്നലെ കടയില്‍ എത്തിയപ്പോഴാണ് അത് 2000 രൂപ നോട്ടുകളാണെന്നും എടുക്കില്ലെന്നും ഈ എണ്‍പത്തിനാലുകാരന്‍ അറിയുന്നത്. പൊട്ടിക്കരയുകയാണ് അദ്ദേഹം ചെയ്തത്. കരച്ചിലോടെ നിന്ന അദ്ദേഹത്തെ വ്യാപാരികള്‍ ആശ്വസിപ്പിച്ചു. പോസ്റ്റ് ഓഫിസ് വഴി നോട്ട് മാറ്റാന്‍ കഴിയുമെന്നു കേട്ടിട്ടുള്ളതിനാല്‍ ചേലക്കര പോസ്റ്റ് ഓഫിസില്‍ എത്തിച്ചു.

ഇദ്ദേഹത്തിന്റെ വിഷമം കണ്ട പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ നോട്ടുകള്‍ ഇന്‍ഷുര്‍ ചെയ്ത് റിസര്‍വ് ബാങ്കിലേക്ക് അയച്ചു. ഇന്‍ഷുറന്‍സിനു ചെലവായ 1730 തുകയും അയ്യപ്പനു തിരികെപ്പോകാനുള്ള വണ്ടിക്കൂലിയും ജീവനക്കാര്‍ പിരിവെടുത്തു നല്‍കുകയും ചെയ്തു. പണം മാറി കിട്ടിയതോടെ അയ്യപ്പന് ആശ്വാസമായി.

പോസ്റ്റ് ഓഫിസ് വഴി മാത്രമാണ് 2000 രൂപ നോട്ട് മാറ്റാന്‍ റിസര്‍വ് ബാങ്ക് അനുമതി. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും ബാങ്ക് അക്കൗണ്ട് വിവരങ്ങളും അപേക്ഷയോടൊപ്പം നല്‍കണം. നോട്ടുകള്‍ റിസര്‍വ് ബാങ്കിന്റെ റീജനല്‍ ഓഫിസിലേക്ക് അയയ്ക്കും. ഒരു നോട്ടിനു 173 രൂപയാണ് ഇന്‍ഷുറന്‍സ് തുക.