- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യദുവിനെ കഞ്ചാവുമായി പിടിച്ചത് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍; സിപിഎം യുവമോര്ച്ചക്കാരനാക്കിയ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ മെഡല്‍ കിട്ടിയ ആള്
പത്തനംതിട്ട: പാര്‍ട്ടിയിലേക്ക് മാലയിട്ട് വരവേറ്റതിന് പിന്നാലെ യുവാവ് കഞ്ചാവുമായി പിടിയിലായ സംഭവത്തില്‍ ന്യായീകരിച്ച് സിപിഎം വീണ്ടും കെണിയിലായി. യുവമോര്‍ച്ചക്കാരനായ എക്സൈസ് ഉദ്യോഗസ്ഥന് അസീസ് യുവാവിനെ കളളക്കേസില്‍ കുടുക്കുകയായിരുന്ന എരിയാ സെക്രട്ടറി എം.വി. സഞ്ജുവിന്റെ ക്യാപ്സ്യൂള്‍ പൊളിഞ്ഞു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് മലയാലപ്പുഴ സ്വദേശി യദുകൃഷ്ണനെ രണ്ടു ഗ്രാം കഞ്ചാവും വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവുമായി തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. യദുവിന്റെ മൊഴിയും എക്സൈസിന്റെ രേഖകളും സിപിഎമ്മിനെ കൂടുതല്‍ കുഴപ്പത്തിലാക്കി.
അതിനിടെ തന്നെ എക്സൈസ് കളളക്കേസില്‍ കുടുക്കി എന്നാരോപിച്ച് യദു മലയാലപ്പുഴ പോലീസിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്കി. യദു അറസ്റ്റിലായ വിവരം മാധ്യമങ്ങള്‍ പുറത്തു വിടുകയും ഏരിയാ സെക്രട്ടറി ക്യാപ്സ്യൂളുമായി രംഗത്തു വരികയും ചെയ്തതിന് പിന്നാലെയാണ് യദുവിന്റെ പരാതി പൊലീസില്‍ ചെന്നിരിക്കുന്നത്.
മലയാലപ്പുഴയിലെ കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനൊപ്പം കഴിഞ്ഞ വെള്ളിയാഴ്ച സിപിഎമ്മിലേക്ക് ജില്ലാ സെക്രട്ടറിയും ആരോഗ്യമന്ത്രിയും ചേര്‍ന്ന് മാലയിട്ട് സ്വീകരിച്ചതാണ് യദുവിനെ. മൂന്നു ദിവസത്തിന് ശേഷമാണ് രണ്ടു ഗ്രാം കഞ്ചാവുമായി യദു എക്സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്. ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. യദുവിനെ ജാമ്യത്തിലിറക്കിയത് സിപിഎം ലോക്കല്‍ സെക്രട്ടറി അപ്പുണ്ണി എന്ന് വിളിക്കുന്ന മിഥുനായിരുന്നു. ഇന്നലെ ഇക്കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും നിയമസഭയില്‍ പ്രതിപക്ഷനേതാവ് ആരോഗ്യമന്ത്രിക്കെതിരേ രൂക്ഷമായ ആരോപണം ഉന്നയിക്കുകയും ചെയ്തപ്പോഴാണ് ക്യാപ്സ്യൂളുമായി ഏരിയ സെക്രട്ടറി രംഗത്തു വന്നത്.
യുവമോര്‍ച്ചക്കാരനായ എക്സൈസ് ഉദ്യോഗസ്ഥന് അസീസാണ് യദുവിനെ കളളക്കേസില്‍ കുടുക്കിയത് എന്നായിരുന്നു ഏരിയ സെക്രട്ടറിയുടെ ആരോപണം. ഈ വിഷയത്തില്‍ ഇന്ന് രാവിലെ എക്സൈസ് പ്രതികരിച്ചതോടെയാണ് സിപിഎം ഊരാക്കുടുക്കില്‍ വീണത്. ഏരിയ സെക്രട്ടറി ആക്ഷേപം ഉന്നയിച്ച അസീസ് മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ ഉദ്യോഗസ്ഥനാണ്. 23 വര്‍ഷമായി താന്‍ എക്സൈസില്‍ ജോലി ചെയ്യുകയാണെന്ന് അസീസ് പറഞ്ഞു. ഇത്തരമൊരു ആക്ഷേപം തനിക്കും കുടുംബത്തിനും അവമതിപ്പുണ്ടാക്കി. നിയമപ്രകാരമുള്ള ജോലിയാണ് ചെയ്യുന്നത്. ഏരിയ സെക്രട്ടറിക്കെതിരേ അസീസ് നിയമനടപടി സ്വീകരിക്കുമെന്നും സൂചനയുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ എങ്ങനെ എക്സൈസിന് സിപിഎം നേതാക്കള്‍ക്കെതിരേ കള്ളക്കേസ് എടുക്കാന്‍ കഴിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്.