- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ കരള്‍ പകുത്തു നല്കി; അഞ്ചു വയസ്സുകാരന്റെ ശസ്ത്രക്രിയ വിജയകരം: വീണ്ടും ചരിത്ര നേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളേജ്
കോട്ടയം: അഞ്ചു വയസ്സുകാരനില്‍ നടത്തിയ കരള്‍ മാറ്റിവയ്ക്കല്‍ ശസ്തക്രിയ വിജയകരം. അമ്മ പകുത്ത് നല്കിയ കരള്‍ ആ കുഞ്ഞ് ശരീരത്തില്‍ തുടിച്ചു തുടങ്ങി. മലപ്പുറം തിരൂര്‍ സ്വദേശിയായ ആണ്‍കുട്ടിക്കാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ജീവിതം തിരികെ കിട്ടിയത്. 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് അഞ്ച് വയസ്സുകാരന്റെ ശരീരത്തില്‍ അമ്മയുടെ കരള്‍ തുന്നിച്ചേര്‍ത്തത്. 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ചരിത്രം രചിച്ചിരിക്കുകയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി.
കുട്ടികളിലെ കരള്‍മാറ്റ ശസ്ത്രക്രിയ അതിസങ്കീര്‍ണമാണ്. ഇതാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ വിജയകരമായി പൂര്‍ത്തീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളുടെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന ചരിത്ര നേട്ടവും കോട്ടയം മെഡിക്കല്‍ കോളജിനു സ്വന്തമായി. മലപ്പുറം തിരൂര്‍ സ്വദേശിയായ ആണ്‍കുട്ടിക്കാണ് കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തിയത്. ജന്മനാ കരള്‍ രോഗബാധിതനായിരുന്ന കുട്ടിയില്‍ ഇരുപത്തഞ്ചുകാരിയായ അമ്മയുടെ കരളിന്റെ ഒരു ഭാഗമാണ് തുന്നിച്ചേര്‍ത്തത്. കുട്ടിയുടെ ചികിത്സയ്ക്കായി മാതാപതാക്കള്‍ പല ആശുപത്രികളിലും കയറി ഇറങ്ങി.
കരള്‍ മാറ്റിവയ്ക്കല്‍ അല്ലാതെ മറ്റു മാര്‍ഗമില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി എങ്കിലും പല കാരണങ്ങളാല്‍ ചികിത്സ നടത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ കുട്ടിയുടെ പിതാവ് മരിക്കുകയും ചെയ്തതോടെ ചികിത്സ മുടങ്ങി. നാട്ടുകാരുടെ സഹായത്തോടെയാണ് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്ക് എത്തിയത്. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ കരള്‍ മാറ്റിവയ്ക്കണമെന്ന് വിധിയെഴുതി. കരള്‍ പകുത്തു നല്കാന് അമ്മ തന്നെ മുന്നോട്ടു വന്നതോടെ ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗം മേധാവി ഡോ. ആര്.എസ്.സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. വെള്ളിയാഴ്ചയായിരുന്നു ശസ്ത്രക്രിയ. ഇപ്പോള്‍ തൊറാസിക് വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടി സുഖം പ്രാപിച്ചു വരികയാണ്. അമ്മയെ ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ ഐസിയുവിലേക്കു മാറ്റിയിരുന്നു. സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രായം കുറഞ്ഞ കുട്ടികളില്‍ നടന്ന ആദ്യത്തെ കരള്‍മാറ്റ ശസ്ത്രക്രിയയാണിത്.
അനസ്തീസിയ വിഭാഗം മേധാവി ഡോ.ലത, റേഡിയോളജി വിഭാഗം മേധാവി ഡോ. സജിത, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി.ജയപ്രകാശ്, ഡോ.സിറില്‍, ഡോ.സന്ദേശ്, എറണാകുളം അമൃത ആശുപത്രിയിലെ ലിവര്‍ ട്രാന്‍പ്ലാന്റ് വിഭാഗം മേധാവി ഡോ. സുധീന്ദ്രന്‍, ഡോ. ഉണ്ണിക്കൃഷ്ണന് എന്നിവരും ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി.പുന്നൂസ്, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്.
ഗ്യാസ്ടോ എന്‍ട്രോളജി വിഭാഗത്തില്‍ ഡോ.ആര്.എസ്.സിന്ധുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആറാമത്തെ കരള്‍ മാറ്റ ശസ്ത്രക്രിയയാണിത്. 2022 ഫെബ്രുവരിയിലാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ലിവര്‍ ട്രാന്സ്പ്ലാന്റേഷന് ആരംഭിക്കുന്നത്. ശസ്ത്രക്രിയയില്‍ പങ്കെടുത്ത ടീമിനെ മന്ത്രിമാരായ വീണാ ജോര്‍ജും വി.എന്‍.വാസവനും അഭിനന്ദിച്ചു. മെഡിക്കല്‍ കോളജിന്റെ കൂട്ടായ പ്രവര്‍ത്തനം മൂലമാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നു ഡോ. ആര്.എസ്.സിന്ധു പറഞ്ഞു.