മുംബൈ: ഗായിക ലതാ മങ്കേഷ്‌കർ അന്തരിച്ചു. 93 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന ഗായിക ലതാ മങ്കേഷ്‌കർ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു ലതാ മങ്കേഷ്‌കർ. ഇന്ന് രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്ത്യൻ സംഗീതത്തിലെ മറ്റൊരു കുലപതിയായിരുന്ന എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ജീവനും കോവിഡാണ് എടുത്തത്. അതിന് ശേഷം നാദ കോകിലത്തേയും ഈ രോഗം കൊണ്ടു പോകുന്നു.

ജനുവരി 11നാണ് കോവിഡ് ബാധയെത്തുടർന്ന് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ന്യുമോണിയയും ഗായികയെ അലട്ടിയിരുന്നു. 1942-ൽ 13-ാം വയസ്സിൽ തന്റെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്‌കർ നിരവധി ഇന്ത്യൻ ഭാഷകളിലായി 30,000-ത്തിലധികം ഗാനങ്ങൾ പാടി. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച പിന്നണിഗായകരിൽ ഒരാളായ ലതാ മങ്കേഷ്‌കറിന് 2001 ൽ ഭാരതരത്ന നൽകി രാജ്യം ആദരിച്ചിരുന്നു.

പത്മഭൂഷൺ, പത്മവിഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം, മറ്റ് നിരവധി പുരസ്‌കാരങ്ങൾ എന്നിവ ലഭിച്ച ലതാ മങ്കേഷ്‌കർ ഇന്ത്യയുടെ വാനമ്പാടി എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ലതാ മങ്കേഷ്‌കർ 1942-ൽ 13-ാം വയസ്സിലാണ് തന്റെ കരിയർ ആരംഭിച്ചത്. കരിയറിൽ, 'അജീബ് ദസ്തൻ ഹായ്', 'പ്യാർ കിയാ തോ ഡർണാ ക്യാ', 'നീല അസ്മാൻ സോ ഗയാ', 'തേരേ ലിയേ' തുടങ്ങിയ അവിസ്മരണീയമായ നിരവധി ഗാനങ്ങളാണ് ആ സ്വരമാധുരിയിൽ പിറവികൊണ്ടത്. മെലഡി ക്വീൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കറിന് രാജ്യത്തുടനീളം ആരാധകരുണ്ടായിരുന്നു. രാജ്യസഭയിലും നാമനിർദ്ദേശം ചെയ്ത വ്യക്തിയാണ് അവർ.

മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നുവട്ടം നേടിയിട്ടുണ്ട്. 1929 സെപ്റ്റംബർ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇൻഡോറിലാണ് ലത ജനിച്ചത്. സംഗീത സംവിധായകൻ ഹൃദയനാഥ് മങ്കേഷ്‌കർ, ഗായികകയും സംഗീതസംവിധായികയുമായ മീന ഖാദികർ, ഗായിക ഉഷാ മങ്കേഷ്‌കർ, ഗായിക ആഷാ ഭോസ്ലേ എന്നിവരാണ് ലതയുടെ സഹോദരങ്ങൾ. പേരെടുത്ത സംഗീതജ്ഞനും നാടകകലാകാരനുമായിരുന്നു ദീനനാഥ് മങ്കേഷ്‌കർ. ലതയ്ക്ക് ആദ്യം മാതാപിതാക്കളിട്ട പേര് ഹേമ എന്നായിരുന്നു. ദീനനാഥിന്റെ ഒരു നാടകത്തിലെ കഥാപാത്രത്തിന്റെ ഓർമയ്ക്ക് പിന്നീട് ലത എന്നു പേരു മാറ്റുകയായിരുന്നു.

ലതയുടെ 13 ാം വയസ്സിൽ പിതാവ് മരിച്ചു. അതോടെ കുടുംബത്തിന്റെ ചുമതല ലതയുടെ ചുമലിലായി. ദീനനാഥിന്റെ കുടുംബസുഹൃത്തും നവ്യുഗ് ചിത്രപഥ് മൂവി കമ്പനിയുടെ ഉടമയുമായ മാസ്റ്റർ വിനായകാണ് ലതയ്ക്ക് സിനിമയിൽ പാടാനും അഭിനയിക്കാനും അവസരം വാങ്ങിക്കൊടുത്തത്. ഗജഭാവു, ചിമുക്ലാ സംസാർ തുടങ്ങിയ മറാത്തി ചിത്രങ്ങളിലും ബഡീമാ, സുഭദ്ര, ജീവൻയാത്ര, മന്ദിർ തുടങ്ങിയ ഹിന്ദി സിനിമകളിലും ലത പാടി അഭിനയിച്ചു. 1945 ൽ മുംബൈയിലെത്തിയ ലത ഉസ്താദ് അമൻ അലി ഖാന്റെ ശിഷ്യയായി ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ തുടങ്ങി. ആപ് കി സേവാ മേം (1946) എന്ന ഹിന്ദി ചിത്രത്തിലെ 'രാ ലഗൂൻ കർ ജോരി' അടക്കമുള്ള ചില പാട്ടുകൾ ലതയെ ശ്രദ്ധേയയാക്കി.

ദിൽ മേരാ തോടാ, ബേ ദർദ് തേരേ ദർദ് കോ, മഹൽ എന്ന ചിത്രത്തിലെ ആയേഗാ ആനേവാലാ തുടങ്ങിയ ഗാനങ്ങൾ ഹിറ്റായി. നൗഷാദ്, ശങ്കർ-ജയ്കിഷൻ, എസ്.ഡി.ബർമൻ, പണ്ഡിറ്റ് ഹുസൻ ലാൽ ഭഗത് റാം, ഹേമന്ത് കുമാർ, സലിൽ ചൗധരി, ഉഷ ഖന്ന, സി.രാമചന്ദ്ര, മദൻ മോഹൻ, റോഷൻ, ലക്ഷ്മികാന്ത് പ്യാരേലാൽ തുടങ്ങി എ.ആർ.റഹ്മാൻ വരെയുള്ള സംഗീത സംവിധായകർക്കു വേണ്ടി ലത പാടിയിട്ടുണ്ട്. മന്നാ ഡേ, കിഷോർ കുമാർ, മുഹമ്മദ് റഫി, മുകേഷ് തുടങ്ങിയവർക്കൊപ്പം ലത പാടിയ പല ഗാനങ്ങളും ഇന്നും സംഗീതപ്രേമികളുടെ ഹൃദയത്തിലുണ്ട്.

1962 ൽ ഇന്ത്യാ-ചൈന യുദ്ധകാലത്ത് ലത ആലപിച്ച യേ മേരെ വതൻ കെ ലോഗോം എന്ന ദേശഭക്തിഗാനം ഇന്ത്യ മുഴുവൻ ഏറ്റുപാടി. ഏതാനും ഗാനങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ച ലത മങ്കേഷ്‌കർ നാലു ചിത്രങ്ങൾ നിർമ്മിച്ചിട്ടുമുണ്ട്. ഫൊട്ടോഗ്രഫിയും ക്രിക്കറ്റും വായനയും പാചകവുമായിരുന്നു ലതയുടെ മറ്റ് ഇഷ്ടങ്ങൾ.