റിയാദ്: പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ കോഓർഡിനേറ്ററായി ലത്തീഫ് തെച്ചിയെ തിരഞ്ഞെടുത്തതായി ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ അറിയിച്ചു.

സൗദി അറേബ്യയിലെ അറിയപ്പെടുന്ന സാമൂഹികസാംസ്‌കാരിക പ്രവർത്തകനും, സന്നദ്ധ പ്രവർത്തകനുമായ അദ്ദേഹം രണ്ടു പതിറ്റാണ്ടിലേറെയായി സൗദിയിലെ പ്രവാസി ഇന്ത്യക്കാർ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങൾക്ക് സഹായ ഹസ്തവുമായി സജീവ പ്രവർത്തനം കാഴ്ചവയ്ക്കുന്ന വ്യക്തിയാണ്.

ഇന്ത്യൻ സമൂത്തിനുവേണ്ടിയും, ഇന്ത്യൻ കോൺസുലേറ്റിനുവേണ്ടിയും പ്രവർത്തിക്കുന്ന അദ്ദേഹം സൗദിയിലെ വിവിധ കോടതി ഗവർണറേറ്റുകൾ, മന്ത്രലയങ്ങൾ, ജയിലുകൾ, പൊലീസ് സ്റ്റേഷനുകൾ, വിവിധ കമ്പനികൾ എന്നിവിടങ്ങളിൽ നിത്യ സന്ദർശകനാണ്. സൗദിയിലെ റിയാദ്, ജിദ്ദ, ദമാം എന്നീ പ്രവശ്യകൾ കേന്ദ്രമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ പ്ലീസ് ഇന്ത്യയുടെ സ്ഥാപകനും സൗദി ചീഫ് കോഓർഡിനേറ്ററുമായിരുന്നു. ഐഡിയൽ വെൽഫെയർ ട്രസ്റ്റിന്റെ സൗദി ദേശീയ കമ്മിറ്റിയുടെ ചെയർമാനും, കക്കയം മലയോര മേഖലകളെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വാന്ത്വന റിയാദിന്റെ പ്രസിഡന്റും, തെച്ചിപ്രവാസി അസോസിയേഷൻ മുഖ്യ രക്ഷാധികാരിയും, പ്രവാസി സാംസ്‌കാരിക വേദി റിയാദ് വെസ്റ്റ് മേഖലാ പ്രസിഡന്റും ആണ്.

കോഴിക്കോട് ബാലുശ്ശേരിയാണ് സ്വദേശം. റിയാദ് പാലസിലെ മെയിന്റനൻസ് സൂപ്പർവൈസർ ആയി ജോലി നോക്കുകയാണ് അദ്ദേഹം. ഭാര്യ റഹീന ലത്തീഫും സാമൂഹികസാംസ്‌കാരികജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. റിയാദ് അൽ യാസ്മിൻ ഇന്റെർനാഷണൽ സ്‌കൂൾ സൂപ്രണ്ട് ആണ് റഹീന.

തന്നിൽ ഭരമേൽപ്പിച്ചിരിക്കുന്ന കർത്തവ്യം തികഞ്ഞ സന്തോഷത്തോടെയും ഉത്തരവാദിത്വത്തോടെയും നിറവേറ്റുമെന്ന് ലത്തീഫ് തെച്ചി പറഞ്ഞു. കൂടാതെ ജിസിസി രാജ്യങ്ങളിൽ സംഘടനയുടെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും ഓഗസ്റ്റിൽ തിരുവനന്തപുരത്ത് നടക്കുന്ന പ്രവാസി മലയാളി കുടുംബ സംഗമത്തിലേക്ക് ഗൾഫ് മേഖലയിൽ നിന്ന് കഴിവതും ആളുകളെ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു