കുമരകം: ലതിക സുഭാഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ 'കേരള ഷാഡോ ക്യാബിനറ്റ്', 'വുമൺ ഫോർ പൊളിറ്റിക്കൽ ജസ്റ്റിസ്' പ്രവർത്തകരായ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം നടന്നെന്ന് പരാതി. വെള്ളിയാഴ്ച പകൽ 12 കഴിഞ്ഞു കുമ്മനം കുളപ്പുരകടവ് ജംഗ്ഷനിൽ ഇടതു - വലതു മുന്നണികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾക്ക് സമീപം ആയിരുന്നു സംഭവം.

ഭവനസന്ദർശനം നടത്തി നോട്ടീസുകളും ലഘുലേഖകളും വിതരണം ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശികളായ നാല് വിദ്യാർത്ഥികളെ ഇരുചക്രവാഹനങ്ങളിൽ എത്തിയ സംഘം മർദിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. വിദ്യാർത്ഥികളോട് കയർത്ത് സംസാരിച്ച സംഘം ഇവരെ തള്ളി താഴെയിട്ടശേഷം കയ്യിലുണ്ടായിരുന്ന നോട്ടീസും മറ്റ് പ്രചരണസാമഗ്രികളും പിടിച്ചു വാങ്ങി. നോട്ടീസുകൾ കുറേ കീറികളയുകയും ബാക്കിയുള്ളവ കൊണ്ടുപോകുകയും ചെയ്തു.

അര മണിക്കൂറോളം ഒരു ഇടവഴിയിൽ തടഞ്ഞു വെച്ച ശേഷം ഇനി ഈ വഴി കണ്ടാൽ കാലും കൈയും വെട്ടിമാറ്റി കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി ഇവരെ സ്ഥലത്തുനിന്നും ഓടിക്കുകയായിരുന്നു. വാഹനങ്ങളുടെ നമ്പർ നോട്ട് ചെയ്യാനോ ചിത്രമെടുക്കാനോ സമ്മതിക്കാതെ മൊബൈൽ ഫോൺ പിടിച്ചെടുക്കാനും ശ്രമം നടന്നു. ജീവനുംകൊണ്ട് ഓടിയ വിദ്യാർത്ഥികൾ കുളപ്പുരകടവ് പാലത്തിനക്കരെ താഴത്തങ്ങാടിയിൽ എത്തി ഓട്ടോയിൽ കയറും വരെ സംഘം പിന്തുടർന്നു.

സംഭവത്തിൽ കോട്ടയം ഡിവൈഎസ്‌പിയുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ നിർദേശപ്രകാരം കുമരകം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. നിയോജക മണ്ഡലത്തിൽ ഉടനീളം ലതികയുടെ ബോർഡുകളും പോസ്റ്ററുകളും നശിപ്പിക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു.