കോട്ടയം: ഉമ്മൻ ചാണ്ടിയുടെ അടുത്ത അനുയായിയായി അറിയപ്പെടുന്ന ലതികാ സുഭാഷ് പാർട്ടിയിൽ നിന്നുള്ള പരിഗണനകൾ ഒന്നൊന്നായി വഴിമാറി പോകുന്ന സാഹചര്യത്തിൽ സ്വന്തമായി ജീവിതമാർഗം കരുപ്പിടിപ്പിക്കുന്നു. കെപിസിസി ജനറൽ സെക്രട്ടറിയായ ഈ മുൻനിര വനിതാ നേതാവ് സ്വന്തമായി മോട്ടോർ ഡ്രൈവിങ് സ്്കൂൾ തുടങ്ങിയാണ് വരുമാനം കണ്ടെത്താൻ ഒരുങ്ങുന്നത്.

ഖദറിന്റെ വെണ്മയുള്ള തൂവെള്ള സാരിയുടുത്ത് സ്വന്തമായി തുടങ്ങിയ മഹാത്മാ മോട്ടോർ ഡ്രൈവിങ് സ്‌കൂളിന്റെ അമരക്കാരിയായി ലതികാ സുഭാഷ് എത്തിയപ്പോൾ അത് കാഴ്ചക്കാർക്കും കൗതുകമായി. കുമാരനെല്ലൂർ ഇലവനാട്ട് ഇല്ലം ബിൽഡിങ്‌സിലാണ് സ്‌കൂളിന്റെ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഉദ്ഘാടനം ചെയ്തത് മുൻ ഗതാഗതമന്ത്രി കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎ‍ൽഎയാണ്. രാഷ്ട്രീയവേദികളിൽ എന്നും നിറസാന്നിദ്ധ്യമായ ലതികയുടെ മഹാത്മാ ഡ്രൈവിങ് സ്‌കൂളിൽ സ്ത്രീകൾക്ക് തന്നെയാണ് മുൻഗണന.

വനിതകളുടെ പരിശീലകർ വനിതകൾ തന്നെ. സ്ത്രീകളുടെ ആശങ്ക അകറ്റാൻ ബോധവത്കരണ ക്ലാസുകളും നൽകും. ഗ്രൗണ്ടിൽ ഹൈടെക് രീതിയിലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് പരിശീലനം. നേരത്തേ തന്നെ എൽ.ഐ.സി ഏജന്റുമാണ് ലതിക. പാർട്ടി സംബന്ധമായ യാത്രകൾക്കും മറ്റും കിട്ടുന്ന വരുമാനം തികയാതായതോടെയാണ് പുതിയ സംരംഭത്തിലേക്ക് കടക്കുന്നതെന്ന് അവർ വ്യക്തമാക്കുന്നു.

അടുത്തകാലത്തായി കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരിൽ ഏറെ തഴയപ്പെട്ട നേതാവുകൂടിയായ ലതികയുടെ പുതിയ ചുവടുവയ്പ് ഇതിനകം തന്നെ ചർച്ചയായിക്കഴിഞ്ഞു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുമെന്ന് കരുതപ്പെട്ടെങ്കിലും അവസാന നിമിഷം അത് വഴുതിമാറിയിരുന്നു. ഇതിന് പിന്നാലെ ഡിസിസി പുനഃസംഘടന വന്നപ്പോൾ പരിഗണിക്കപ്പെടുമെന്നായി അടുത്ത വാർത്തകൾ.

പക്ഷേ, ഉമ്മൻ ചാണ്ടി വിഭാഗത്തിലെ പലരും തഴയപ്പെട്ടതിനൊപ്പം ലതികയ്ക്കും ഡിസിസി മേധാവി സ്ഥാനം ലഭിച്ചില്ല. ഏറ്റവുമൊടുവിൽ ബിന്ദു കൃഷ്ണ കൊല്ലം ഡിസിസി പ്രസിഡന്റാവുന്നതോടെ ലതികയെ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം നൽകുമെന്നും വാർത്തകൾ വന്നു. പക്ഷേ, അതും ഉണ്ടായില്ല. അങ്ങനെ രാഷ്ട്രീയ ഭാവി അനിശ്ചിതമായി തുടരുന്നതിനിടെയാണ് ലതികാ സുഭാഷ് പുതിയ ജീവിത വഴി തേടുന്നത്.

ഡിസിസി പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടിക്കുള്ള അതൃപ്തി നീക്കാൻ ലതികാ സുഭാഷിനെ മഹിളാ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷയാക്കാൻ തീരുമാനിച്ചതായാണ് കഴിഞ്ഞമാസം വാർത്തകൾ വന്നത്. ഇക്കാര്യത്തിൽ എന്തെങ്കിലും അന്തിമ തീരുമാനം ഉണ്ടാകും മുമ്പാണ് ലതികാസുഭാഷ് വേറെ വഴി നോക്കുന്നത്.

കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷയാണ് ലതികാ സുഭാഷ്. മാദ്ധ്യമ പ്രവർത്തകയായ ലതിക മംഗളത്തിന്റെ വനിതാ പ്രസിദ്ധീകരണമായ കന്യകയുടെ മുൻ സബ് എഡിറ്റർ ആയിരുന്നു. കന്യകയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് ജില്ലാ പഞ്ചായത്തിൽ മത്സരിക്കുകയും അധ്യക്ഷയാകുകയും ചെയ്തത്. മുൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്ബുഴയിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ്. അച്യുതാനന്ദനെതിരെ മത്സരിക്കാൻ കോൺഗ്രസ് നിയോഗിച്ചത് ലതികയെ ആയിരുന്നു. കഴിഞ്ഞ  നിയമസഭാ തെരഞ്ഞെടുപ്പിൽ ലതികയുടെ ഭർത്താവ് സുഭാഷ് വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.