- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനന്ദയാത്രകൾ
'To Travel is to Live', Hans Christian Anderson
'ദ ടെംപസ്റ്റി'ലെയും 'റോബിൻസൺ ക്രൂസോ'വിലെയും കപ്പൽച്ചേതങ്ങൾ പഴയലോകത്തിന്റെ അന്ത്യമായിരുന്നുവെന്നു പറഞ്ഞത് ജയിംസ് ജോയ്‌സാണ്. ആധുനികകാലത്തിന്റെയും ലോകത്തിന്റെയും കൊടിക്കൂറകൾ പാറുന്ന ഭൂഖണ്ഡാന്തര സമുദ്രസഞ്ചാരങ്ങളുടെ ആരംഭവും അവിടെത്തന്നെയായിരുന്നു. യൂറോപ്പ്, അഞ്ചു ഭൂഖണ്ഡങ്ങളെയും കീഴടക്കിയതിന്റെ കഥ സാഹിതീയപാഠങ്ങളിൽ ഭാവിതചരിത്രമായി ആഖ്യാനം ചെയ്യപ്പെടുന്നതിന്റെ ആദ്യമാതൃകകളായി കരുതപ്പെടുന്ന മേല്പറഞ്ഞ രണ്ടു രചനകളും യാത്രാസാഹിത്യത്തിന്റെ അതിദീർഘമായ സാംസ്‌കാരികചരിത്രത്തിലെ വഴിത്തിരിവുകളായി മാറുന്നത് അവയുടെ ഈ രാഷ്ട്രീയസ്വഭാവം കൊണ്ടാണ്. കൊളോണിയലിസത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയപാഠങ്ങൾ. കൊളംബസിനും വാസ്‌കോഡഗാമക്കും ശേഷമാണല്ലോ ഇവയുടെ രചന. ഇതിഹാസപുരാണങ്ങളുടെ കാലം തൊട്ടുതന്നെ സാഹിത്യം സഞ്ചാരങ്ങളെ ആഖ്യാനത്തിന്റെ അച്ചുതണ്ടായി സങ്കല്പിക്കുന്നുവെന്നത് ചെറിയ കാര്യമല്ല. മനുഷ്യചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും അച്ചുതണ്ടും മറ്റൊന്നല്ലല്ലോ. ആധുനികതയാകട്ടെ, കാലമായാലും ലോകമായാലും, യാത്രാനുഭവങ്ങളെ സ്വയം ഒരു സാഹിത്യരൂപമാക്കി വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.
ജീവിക്കാനെന്നതുപോലെ യാത്രചെയ്യാനും ഓരോരുത്തർക്കും ഓരോ കാരണമുണ്ടാകാമെങ്കിലും ഒരു സാംസ്‌കാരികാനുഭൂതിയെന്ന നിലയിൽ ലോകമെമ്പാടും നിന്നുള്ള മനുഷ്യർ എന്തിനാണ് ഇങ്ങനെ നിരന്തരം യാത്രചെയ്തുകൊണ്ടേയിരിക്കുന്നത്? ഗോത്രായനങ്ങൾ മുതൽ രാഷ്ട്രീയാധികാരസ്ഥാപനം വരെയും തൊഴിൽ മുതൽ സാമ്പത്തിക സുരക്ഷ വരെയും പലായനം മുതൽ അഭയാർഥിത്വം വരെയും അതിജീവനത്തോട് ബന്ധപ്പെടുന്ന എത്രയെങ്കിലും കാരണമുണ്ടാകാം മനുഷ്യർക്ക് യാത്രചെയ്യാൻ. പക്ഷെ ഇവയൊന്നുമല്ലാതെയും യാത്രക്കു കാരണങ്ങളില്ലേ? നിശ്ചയമായും ഉണ്ട്. യാത്ര മറ്റൊരു ജീവിതം തന്നെയാണ്. മറ്റൊരു ലോകം. മറ്റൊരു കാലം. മറ്റൊരു അനുഭൂതിപ്രഞ്ചം. അദൃശ്യങ്ങളിലേക്കുള്ള പലായനം. അജ്ഞാതങ്ങളിലേക്കുള്ള കൂപ്പുകുത്തൽ. ആനന്ദത്തിലേക്കുള്ള ശരീരത്തിന്റെയും ആത്മാവിന്റെയും തീർത്ഥാടനങ്ങളാണ് യാത്രകൾ എന്നു സൂചിപ്പിക്കുകയും തെളിയിക്കുകയും ചെയ്യുന്ന ആമി ലക്ഷ്മിയുടെ ലാറ്റിനമേരിക്കൻ യാത്രകൾ എന്ന പുസ്തകം വായിക്കൂ. യാത്രകൾ കണ്ടെടുക്കുന്ന ദേശങ്ങൾ, കാഴ്ചകൾ, മനുഷ്യർ, ചരിത്രത്തിൽ സ്തംഭിച്ചുനിന്ന സംസ്‌കൃതികൾ, പ്രകൃതിവിസ്മയങ്ങൾ, ഓരോന്നും ആത്മീയവും ഭൗതികവും മാനസികവും ശാരീരികവും ബൗദ്ധികവും വൈകാരികവുമായി നിങ്ങൾക്കു നൽകുന്ന ജീവിതാനന്ദങ്ങളുടെ സ്ഫടികസുന്ദരമായ ഒരു ലോകം തൊട്ടറിയാം.
കഴിഞ്ഞ നൂറ്റാണ്ടിൽ മലയാളി മുഖ്യമായും എസ്.കെ. പൊറ്റക്കാടിലൂടെയും ഈ നൂറ്റാണ്ടിൽ ടെലിവിഷനിലൂടെയും ഭാവനയിൽ അനുഭവിച്ചറിഞ്ഞ ഭൂഖണ്ഡാന്തര സഞ്ചാരങ്ങളുടെ ആനന്ദമാർഗങ്ങളിൽ ചിലതിന്റെ ഇന്ദ്രിയബദ്ധമായ ആവിഷ്‌ക്കാരം. നാല് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്ക് സകുടുംബം നടത്തിയ യാത്രകൾ ഒരു അമേരിക്കൻ മലയാളിസ്ത്രീക്കു നൽകിയ ആഹ്ലാദങ്ങളുടെ കഥാനുഗാനങ്ങളാണ് ഈ പുസ്തകം. ചെറുത്. സുന്ദരം. ചരിത്രവും സംസ്‌കാരവും സമകാല ജനജീവിതവും പ്രകൃതിയും ഒന്നായിണങ്ങുന്ന സഞ്ചാരപഥങ്ങളുടെയും അവ നൽകുന്ന ചിറകുമുളച്ച ആത്മസ്വാതന്ത്ര്യങ്ങളുടെയും ലാവണ്യഭാവന. ഹാൻസ് ആൻഡേഴ്‌സൺ പറഞ്ഞതുപോലെ, യാത്രകളിൽ ജീവിക്കുന്ന മനുഷ്യരുടെ പ്രതിനിധിയാണ് താൻ എന്ന് പലരീതിയിൽ ആവർത്തിച്ചു സൂചിപ്പിക്കുന്ന ആമിയുടെ ലാറ്റിനമേരിക്കൻ അനുഭവങ്ങൾ മലയാളത്തിലെ സഞ്ചാരസാഹിത്യത്തിന്റെ ജനപ്രിയസ്വഭാവങ്ങൾ സമർഥമാംവിധം സ്വാംശീകരിക്കുന്നുണ്ട്. കാലാന്തരവും ദേശാന്തരവുമായ ജനസംസ്‌കൃതികളുടെ മൂർത്തസൂചകങ്ങൾ, ചടുലമായ അവതരണം, ദൃശ്യവൽക്കരണത്തിലെ നിതാന്ത ശ്രദ്ധ, പ്രത്യക്ഷത്തിനപ്പുറത്തുനിന്നുള്ളവ കണ്ടെടുക്കാനുള്ള താല്പര്യം, പൊതുവിവരങ്ങളിൽ നിന്നുള്ള മുന്നോട്ടുപോക്ക്, ലാവണ്യാത്മകമായ ഭാഷ, അനുഭവിച്ചത് അനുഭവിപ്പിക്കുന്ന ആഖ്യാനകല..... എന്നിങ്ങനെ.
ലാറ്റിനമേരിക്കൻ സംസ്‌കാരത്തോടുള്ള മലയാളിയുടെ വൈകാരികവും (സാഹിത്യം, സിനിമ, സംഗീതം) വൈചാരികവു(രാഷ്ട്രീയം)മായ ആഭിമുഖ്യങ്ങളാണ് ആമിയുടെ ഭാവമൂലധനങ്ങളിലൊന്ന്. മറ്റൊന്ന്, അപരിചിത ഭൂഭാഗങ്ങൾ തേടിയുള്ള യാത്രകളിൽ എപ്പോഴും തുറന്നിരിക്കേണ്ട, പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള സാംസ്‌കാരികാദേശങ്ങളുടെ സൂക്ഷ്മസുന്ദരമായ കലാത്മകതയും.
അർജന്റീന, ബൊളീവിയ, പെറു, കൊളംബിയ എന്നീ രാജ്യങ്ങളിലേക്കാണ് 2010, 2016, 2018 വർഷങ്ങളിൽ ആമി യാത്രചെയ്തത്. ആ യാത്രാനുഭവങ്ങളുടെ സ്മൃതിരേഖയാണ് ഈ പുസ്തകം. ഓർമ്മകളെ ദൃശ്യവൽക്കരിക്കുകയും അനുഭവങ്ങളെ വർത്തമാനവൽക്കരിക്കുകയുമാണ് മിക്ക യാത്രാവിവരണങ്ങളുടെയും കലാതന്ത്രം. നിശ്ചയമായും കാഴ്ചകളാണ് അതിന്റെ ആത്മാവ്. കാമറയായി മാറുന്ന കണ്ണുകളും കണ്ണുകളായി മാറുന്ന കാമറയുമാണ് ആ അനുഭൂതിസാക്ഷാത്കാരത്തിന്റെ പ്രാഥമിക സങ്കേതങ്ങൾ. ആമിയാകട്ടെ, കാഴ്ചക്കൊപ്പം മറ്റ് നാലിന്ദ്രിയങ്ങളുടെയും അനുഭൂതികളെ സമൂർത്തമായി പുനരാവിഷ്‌ക്കരിക്കാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്നു. വിശേഷിച്ചും നാവിന്റെ രുചിഭേദങ്ങളെ.
ഒരു കാര്യം എടുത്തുപറഞ്ഞുകൊണ്ടുവേണം ഈ പുസ്തകത്തിന്റെ വായനയിലേക്കു നിങ്ങളെ ക്ഷണിക്കേണ്ടത് എന്നു തോന്നുന്നു. അത്, സ്പാനിഷ് ഉൾപ്പെടെ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിലവിലുള്ള ഭാഷകളിലെ വാക്കുകൾക്ക്, (നിശ്ചയമായും അധിനിവേശം ഇല്ലായ്മ ചെയ്ത നിരവധിയായ തദ്ദേശഭാഷകളിലെയും) നൽകുന്ന ഉച്ചാരണരീതിയാണ്. സാമാന്യമായി നാം ഇംഗ്ലീഷിലൂടെ മനസ്സിലാക്കിയിട്ടുള്ള ആ വാക്കുകളുടെ (വ്യക്തിനാമങ്ങൾ, സ്ഥലനാമങ്ങൾ തുടങ്ങിയവ) തദ്ദേശഭാഷകളിലുള്ള ഉച്ചാരണം ആമി പുസ്തകത്തിലുടനീളം പിന്തുടരുന്നു.
ബ്രൂസ് ഷാട്വിന്റെ (Bruce Chatwin) 'ഇൻ പാറ്റഗോണിയ' എന്ന വിഖ്യാതമായ അർജന്റീനിയൻ സഞ്ചാരസാഹിത്യഗ്രന്ഥത്തിനു പിന്നിലെ യാത്രാനുഭവങ്ങളും അതിലേക്ക് അദ്ദേഹത്തെ നയിച്ച ജീവിതചോദനകളും സൂചിപ്പിച്ചുകൊണ്ടാണ് വിദൂരദേശങ്ങൾ തേടിയുള്ള പുറപ്പാടുകളുടെ മനുഷ്യമനഃശാസ്ത്രം ആമി അവതരിപ്പിക്കുന്നത്. തുടർന്ന് തന്റെ അർജന്റീനാ യാത്രയെ പ്രചോദിപ്പിച്ച ഏണസ്റ്റോ ചെ ഗുവേരയെയും ഏവ പെറോണിനെയും ലയണൽ മെസ്സിയെയും കുറിച്ചുള്ള സൂചനകളിലേക്ക് ഷാട്വിന്റെ പരാമർശത്തിൽ നിന്ന് ആമി എത്തുകയും ചെയ്യുന്നു. ഒളിപ്പോരും ഫുട്‌ബോളും ചേർന്ന് മലയാളിക്കു നിർമ്മിച്ചുകൊടുത്ത അർജന്റീനയെക്കുറിച്ചുള്ള ഐതിഹാസിക പ്രതീതികളുടെ ഉറവ തേടി പതിനാലുദിവസം ആ രാജ്യത്ത് താൻ നടത്തിയ സഞ്ചാരത്തിന്റെ കഥ പറയുന്നു ഗ്രന്ഥകാരി. വിശാലമായ രാജ്യത്തിനുള്ളിൽ തന്നെ അഞ്ചു വിമാനയാത്രകൾ. വെനസൈറിസ് (Buenos Aires) എന്ന തലസ്ഥാന നഗരം. പ്രകൃതിഭംഗിക്കു കേളികേട്ട ബാറിലേച്ചേ, തെക്കെ അമേരിക്കയിലെ ഏറ്റവും വലിയ ഹിമാനിപ്രദേശമായ എൽകാലഫാറ്റെ, ലോകത്തെ തന്നെ ഏറ്റവും വലിയ ജലപാതങ്ങളിലൊന്നായ ഇഗ്വാസു, ടാൻഗോനൃത്തം, വിഖ്യാതങ്ങളായ മ്യൂസിയങ്ങൾ, പാർക്കുകൾ, 'ലോകത്തിന്റെ അറ്റം', ചെഗുവേരയുടെ ജന്മസ്ഥലമായ റൊസാരിയോ, മെസ്സി ടൂർ... എന്നിങ്ങനെ അർജന്റീനയിലേക്ക് ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന ഇടങ്ങളും ദൃശ്യങ്ങളും തങ്ങൾ കണ്ടറിഞ്ഞ രീതി ആമി ഒന്നൊന്നായി വിവരിക്കുന്നു. രാഷ്ട്രീയവും സിനിമയും ഫുട്‌ബോളും നൃത്തവും സംഗീതവും ഭക്ഷണവും ഒന്നൊന്നായി അനാവരണം ചെയ്യപ്പെടുന്ന ആഖ്യാനം. മനുഷ്യരും പക്ഷിമൃഗാദികളും കാലാവസ്ഥയും വന്യഭൂഭാഗങ്ങളും നഗരങ്ങളും ഗ്രാമങ്ങളും പർവതങ്ങളും നദികളും സ്മാരകങ്ങളും ഉത്സവങ്ങളും.... സംസ്‌കാരവും ചരിത്രവും സ്ഥലകാലങ്ങളിലൂടെ ഒരു ദേശത്തിന്റെയും ജനതയുടെയും ജീവിതമാവിഷ്‌ക്കരിച്ച രീതികൾ കണ്ടറിയുകയാണ് യാത്രിക. ഒരു ദൃശ്യം വായിക്കൂ:
'ഈ യാത്രയിലെ ഏറ്റവും കാത്തിരുന്ന ദിവസം ഇന്നാണ്. പാറ്റഗോണിയയിലെ ഹിമാനികൾ (Glaciers) സന്ദർശിക്കാനുള്ള അസുലഭസന്ദർഭം ഇന്ന് യാഥാർഥ്യമാകുന്നു. എന്താണ് ഗ്ലേസിയർ അല്ലെങ്കിൽ ഹിമാനി? പർവതനിരകളുടെ താഴ്‌വരകളിൽ വർഷങ്ങളായി വീണുകൊണ്ടിരിക്കുന്ന മഞ്ഞ് കൂടിച്ചേർന്നുണ്ടാകുന്ന മഞ്ഞിൻപാടങ്ങളെയാണ് ഗ്ലേസിയർ എന്നു പറയുന്നത്. പാറ്റഗോണിയയിലെ ഗ്ലേസിയേഴ്‌സിനെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും, ആ മഹാദ്ഭുതം നേരിട്ടു കാണുവാനുള്ള അവസരം ഇതാ എത്തിക്കഴിഞ്ഞു. സാന്റാ ക്രൂസ് പ്രൊവിൻസിൽ 6,00,000 ഹെക്റ്റർസ് (Per UNESCO) വിസ്താരമുള്ള ആരെയും വിസ്മയിപ്പിക്കുന്ന പ്രതിഭാസമാണ് പാറ്റഗോണിയ ഗ്ലേസിയേഴ്‌സ്. 1981-ൽ യുനെസ്‌കോ ഈ പാർക്കിനെ വേൾഡ് ഹെറിറ്റേജ് സൈറ്റ് ആയി പ്രഖ്യാപിച്ചു. 2600 കിലോമീറ്റർ ഐസ് പാടങ്ങളും, 47 ഗ്ലേസിയേഴ്‌സ് ഡിസെന്റുകളും (Descend വലിയ ഐസ് പാറകൾ ഇടിഞ്ഞുവീഴുന്ന ദൃശ്യം) ഇവിടെ കാണാം. ഇവിടുത്തെ ഏറ്റവും ഗംഭീരമായ ഹിമാനി, ചിലെയുടെ അതിർത്തിയിൽ സാന്ത ക്രൂസ് പ്രൊവിൻസിൽ സ്ഥിതിചെയ്യുന്ന പെരിട്ടോ മോറിനോ (Perito Moreno) ഗ്ലേസിയേഴ്‌സ് ആണ്. വെള്ളത്തിനു മീതേ, 240 അടി ഉയരത്തിലുള്ള മഞ്ഞുമതിലുകളുടെ അദ്ഭുതപ്രതിഭാസമാണ്, ഈ ഹിമാനി.
രാവിലെ ഒൻപതുമണിയോടുകൂടി, ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ ഗൈഡ് പെഡ്രോ വന്നു. ട്രാവൽ കമ്പനി പ്രത്യേകം പറഞ്ഞതനുസരിച്ച് പോകുന്നതിനു മുൻപേ തണുപ്പിനെ നേരിടാൻ സ്വെറ്റർ, ജാക്കറ്റ്, ഹാഖ്ഖ്, ഗ്ലൗസ് എന്നിവയ്ക്കു പുറമേ സൺഗ്ലാസ്, സൺസ്‌ക്രീൻ ലോഷൻ എന്നിവയെല്ലാം ഞങ്ങൾ കരുതിയിരുന്നു. ഗ്ലേസിയേഴ്‌സിൽ നടക്കാൻ ഉദ്ദേശിക്കുന്നവർ അതിനുവേണ്ടിയുള്ള പ്രത്യേക ഹൈക്കിങ് ബൂട്‌സും മറ്റു സാമഗ്രികളും കൂടെ കരുതണം. ബോട്ടുയാത്ര, ട്രെക്കിങ്, ലഞ്ച് അടക്കം ഒരു ദിവസത്തെ യാത്രയാണ് ഞങ്ങൾക്കുവേണ്ടി അവർ പ്ലാൻചെയ്തിരുന്നത്.
പെറിട്ടോ മൊറിനോയിൽ എത്തി, ബോർഡ് വാക്കിലൂടെ (Board Walk) നടന്ന് ഞങ്ങൾ ഗ്ലേസിയേഴ്‌സിന്റെ മുൻപിലെത്തി. ഇടയ്ക്കിടെ ആളുകൾക്ക് നിന്ന് നോക്കി ആസ്വദിക്കാനുള്ള തട്ടുകൾ (Viewing Platform) അവിടെയെല്ലാം നിർമ്മിച്ചിട്ടുണ്ട്. ആദ്യം ഞങ്ങൾ എത്തിയത് സൈവ കർവ് (Urva De Los Suspiros, Sigh Curve) എന്നറിയപ്പെടുന്ന പാനരോമിക് വ്യൂ പോയിന്റിലാണ്. പേരിന്റെ അർഥം പോലെതന്നെ, ഇവിടെനിന്ന് നോക്കുമ്പോൾ പെറിട്ടോ മൊറിനോ എന്ന ഹിമാനിയുടെ ആദ്യത്തെ കാഴ്ച ആരെയും സ്തബ്ധരാക്കും. ഒരു മാന്ത്രികലോകത്തിന്റെ മുൻപിലെന്നപോലെ കണ്ണിമവെട്ടാതെ ഞാൻ നോക്കിനിന്നു. അർജന്റിനോ തടാകത്തിൽ (Lago Argentino) ഉയർന്നുനില്ക്കുന്ന പടുകൂറ്റൻ മഞ്ഞുമതിലുകൾ! ചുറ്റുമുള്ള കാടിന്റെ പശ്ചാത്തലത്തിൽ വെളുത്ത മഞ്ഞുമതിലുകൾ, സൂര്യവെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്ന കാഴ്ച വിവരിക്കാൻ വാക്കുകളില്ല. വ്യൂയിങ് പ്ലാറ്റ്‌ഫോമിൽനിന്ന് നോക്കിക്കൊണ്ടിരിക്കുമ്പോൾ, അടിയിൽ ഭൂമി ചലിക്കുന്നതുപോലെ.... വലിയ ഐസ് പാറകൾ പൊട്ടിച്ചിതറുന്ന ശബ്ദവും അതുണ്ടാക്കുന്ന ചലനങ്ങളുമാണ് ഞങ്ങൾക്കനുഭവപ്പെട്ടത്. കുറച്ചുനേരം ബോർഡ് വാക്കിൽ പലയിടത്തുനിന്ന് ഭീമാകാരം പൂണ്ട ഐസുമതിലുകളുടെ ഗാംഭീര്യം കണ്ടും, പല ആംഗിളിൽനിന്ന് ഫോട്ടോസ് എടുത്തും നടക്കുമ്പോൾ, ഇതൊക്കെ എന്ത്? ബോട്ടിലേക്ക് പോകേണ്ട നേരമായി, ബോട്ടിൽനിന്ന് കാണുന്ന കാഴ്ചകൾക്കു മുന്നിൽ ഇതൊന്നും വലിയ കാര്യമല്ല എന്നു പറഞ്ഞുകൊണ്ട് പെഡ്രോ ഞങ്ങളെ ബോട്ടിലേക്കു നയിച്ചു.
സീനിക് വ്യൂ പോയിന്റിനടുത്തുള്ള സോംബ്രാസ് പോർട്ടിൽ (Muelle Bajo Las Sombras) നിന്നാണ് ഞങ്ങൾ ബോട്ടിൽ കയറിയത്. അർജന്റീനോ തടാകത്തിലൂടെ എട്ടുമണിക്കൂർ ദൈർഘ്യമുള്ള ബോട്ടുസവാരിയിൽ ഗ്ലേസിയേഴ്‌സിന്റെ വളരെ അടുത്തുകൂടെയാണ് യാത്പ. ഇടയ്ക്കു നിർത്തി ഫോട്ടോ എടുക്കാനും, അടുത്തുള്ള കരയിൽ ഇറങ്ങി നടക്കാനുമുള്ള സൗകര്യങ്ങൾ അവർ തയ്യാറാക്കിയിരുന്നു. ബോട്ടിൽ കുടിക്കാനും കഴിക്കാനുമുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. ബോട്ടിന്റെ ഡെക്കിൽ ഇറങ്ങിയാൽ ഗ്ലേസിയേഴ്‌സിന്റെ വളരെ അടുത്ത് നില്ക്കാമെങ്കിലും, തണുപ്പും കാറ്റും അസഹ്യമായിരുന്നു. പോരാത്തതിന് വലിയ ഐസ് പാറകൾ മുറിഞ്ഞു (Ice Crackling Rupturing) വീഴുന്ന ശബ്ദവും, ബോട്ട് കുലുങ്ങുന്ന അനുഭവവും, അദ്ഭുതമെങ്കിലും ഭയാനകമായിരുന്നു. വലിയൊരു ഐസ് പാറ എന്റെ കൺമുൻപിൽ അലർച്ചയോടെ ഇടിഞ്ഞുവീണപ്പോൾ, ഞാനും അറിയാതെ ഉറക്കെ ശബ്ദമുണ്ടാക്കി. ഗ്ലേസിയേഴ്‌സിന്റെ വളരെ അരികിൽക്കൂടി, സാവധാനത്തിലാണ് ബോട്ട് നീങ്ങിയിരുന്നത്. എത്രയോ കാലമായി ആറ്റുനോറ്റിരുന്ന എനിക്ക് ഇവിടെ എത്താനും, നേരിട്ട് ഈ മഹാദ്ഭുതം കാണാനും സാധിച്ചത് ജീവിതത്തിലെ അസുലഭനിമിഷങ്ങളിൽ ഒന്നുതന്നെ. ലക്ഷക്കണക്കിനു വർഷങ്ങൾ പഴക്കമുള്ള ഈ പ്രകൃതിവിലാസത്തിനു മുൻപിൽ എത്രനേരം നിന്നാലും മതിയാവില്ല! നിശ്ശബ്ദതയ്ക്കിടയിൽ ഭീമാകാരത്തിലുള്ള മഞ്ഞിൻകട്ടകൾ കീറിമുറിയുന്ന ശബ്ദങ്ങളും, മഞ്ഞുകൊണ്ട് തീർത്ത ഭിത്തികളുടെ അദ്ഭുതലോകവും, വായനക്കാർക്ക് പകർന്നുതരാൻ പറ്റാത്ത അനുഭവങ്ങളായിരുന്നു. പ്രത്യേകിച്ച് കേരളത്തെപ്പോലെ ഉഷ്ണമേഖലാപ്രദേശത്തുള്ളവർക്ക് ഇത്തരം ഒരു പ്രതിഭാസം അവിടെയിരുന്ന് ഊഹിക്കാൻ പോലും പ്രയാസമായിരിക്കും'.
പെറു, ബൊളീവിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകളാണ് രണ്ടധ്യായങ്ങൾ. ലോകമാനവസംസ്‌കൃതികളിൽ ഏറ്റവും പ്രസിദ്ധമായ ഇൻകാ വംശത്തിന്റെ അത്ഭുതകരമായ ഈടിരുപ്പുകൾ തേടി പെറുവിൽ മാച്ചുപിച്ചുവും മറ്റ് സ്ഥലങ്ങളും സന്ദർശിച്ച അനുഭവമാണ് ഒന്ന്. കയ്‌റോ കഴിഞ്ഞാൽ ഏറ്റവും വലിയ മരുഭൂനഗരമായ ലീമയാണ് പെറുവിന്റെ തലസ്ഥാനം. ആമി എഴുതുന്നു:
'പസിഫിക് സമുദ്രത്തിനും ആൻഡീസ് മലകൾക്കുമിടയിൽ സ്ഥിതിചെയ്യുന്ന ഈ നഗരം ഈജിപ്തിലെ കയ്‌റോ കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ വലിയ ഡെസർട്ട് സിറ്റി (മരുഭൂമിയിലെ നഗരം) എന്ന് അറിയപ്പെടുന്നു. ഇതിനു കാരണം, ഇവിടെ വളരെക്കുറച്ചേ മഴ പെയ്യൂ എന്നുള്ളതാണ്. പെറുവിന്റെ തലസ്ഥാനമായ ലീമയ്ക്കു വളരെ സമ്പന്നമായ ഒരു ചരിത്രമുണ്ട്. ലീമ, വാറി, യഷ്മ എന്നീ സംസ്‌കാരങ്ങൾക്കു ശേഷമാണ് ഇൻക സംസ്‌കാരം ലീമയിൽ വന്നുചേർന്നത്. പിന്നീടാണ് ഏകദേശം 1535-ൽ ഫ്രാൻസിസ്‌കോ പിസാറോ എന്നു പേരുള്ള സ്പാനിഷ് സൈനികൻ ലീമയെ കീഴടക്കി ഇൻക സാമ്രാജ്യമായ പെറുവിനെ സ്പാനിഷ് സംസ്‌കാരത്തിലേക്ക് കൊണ്ടുവന്നത്. എന്നാൽ ഇൻക വംശക്കാർക്കു മുൻപേതന്നെ, ഇവിടെ തഴച്ചുവളർന്നിരുന്ന-എ.ഡി. 700-ൽ നാശം സംഭവിച്ച-ലീമാസംസ്‌കാരത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും ഇവിടെ കാണാം. അവർ ഇഷ്ടികകൊണ്ട് നിർമ്മിച്ച ആരാധനാലയങ്ങളുടെയും, ഔദ്യോഗികസ്ഥാപനങ്ങളുടെയും അവശിഷ്ടങ്ങളായ വാക്ക പുക്കാനയിലൂടെ (Huaca Pucllana) നടക്കുമ്പോൾ ലീമ സമ്പ്രദായത്തിൽ പണിതീർത്ത മതിലുകളും അതിന്റെ മേൽക്കൂരകളും ചൂണ്ടിക്കാണിച്ചുകൊണ്ട് മരിയ ആ കാലഘട്ടത്തിന്റെ ഓർമകളെ പുതുക്കിയെടുത്തു. പ്ലാസയുടെ നടുവിൽ കാണുന്ന, ലീമാസംസ്‌കാരത്തിന്റെ അവശിഷ്ടമായ, കളിമണ്ണുകൊണ്ടും ഇഷ്ടികകൊണ്ടും നിർമ്മിച്ച, ഏഴു നിലകളിലുള്ള പിരമിഡ് അന്നത്തെ ഭരണകേന്ദ്രമായോ, മറ്റ് ആചാരങ്ങൾക്കു വേണ്ടിയോ ഉപയോഗിച്ചിരുന്നിരിക്കണം എന്നു പറയുന്നു.
റീമാക് (Rimac) നദിയുടെ കരയിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം (ഇന്ന് ലീമ എന്നറിയപ്പെടുന്ന പ്രദേശം) സ്പാനിഷ് അധിനിവേശത്തിനു ശേഷം വെള്ളിക്കച്ചവടത്തിന്റെയും മറ്റ് സൗത്ത് അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള ഗതാഗതസൗകര്യങ്ങളുടെയും പ്രധാന കേന്ദ്രമായി മാറി. ഓരോ സംസ്‌കാരവും അവശേഷിപ്പിക്കുന്ന കൈയൊപ്പെന്നപോലെ, സ്പാനിഷ് ശൈലിയിലുള്ള കെട്ടിടങ്ങളും പള്ളികളും ലീമയടക്കം എല്ലാ സൗത്ത് അമേരിക്കൻ നഗരങ്ങളിലും കാണാൻ സാധിക്കും. പത്തൊൻപതാം നൂറ്റാണ്ടുവരെ ലീമയായിരുന്നു സ്പാനിഷ് സാമ്രാജ്യത്തിൽപ്പെട്ട പെറു, ഇക്വഡോർ, ബൊളീവിയ, ചിലെ എന്നീ രാജ്യങ്ങളുടെ തലസ്ഥാനം. 1821-ൽ പെറുവിനു സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ലീമ, പെറുവിന്റെ മാത്രം തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു'.
1534ൽ ഫ്രാൻസിസ്‌കോ പിസാറോയും കൂട്ടരും ചേർന്നു കണ്ടെത്തിയ ഇൻകസാമ്രാജ്യത്തിന്റെ ഹൃദയമായ കുസ്‌കോ നഗരം, സമുദ്രനിരപ്പിൽ നിന്ന് 11000ലധികം അടി ഉയരത്തിലുള്ള സേക്രഡ്‌വാലി, പിസാക് അവശിഷ്ടങ്ങൾ, ഇൻകവംശജരുടെ കോട്ടയായ ഒളത്യേതമ്പോ, പാബ്ലോ നെരൂദയുടെ കവിതയിലൂടെ ലോകമെങ്ങും കേളികേട്ട മാച്ചുപിച്ചു, ചരിത്രപ്രാധാന്യമുള്ള ദേവാലയങ്ങൾ എന്നിങ്ങനെ പെറുവിന്റെ സാംസ്‌കാരിക സമ്പത്തുകൾ ഒന്നൊന്നായി കണ്ടുനീങ്ങുകയാണ് ആമി. ചരിത്രം ഈ യാത്രകൾക്ക് നിരന്തരം അകമ്പടി സേവിക്കുകയും ചെയ്യുന്നു. വായിക്കൂ:
'പെറുവിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള സിറ്റിയും, അമേരിക്കൻ രാജ്യങ്ങളിലെ ആർക്കിയോളജിക്കൽ സിറ്റികളുടെ തലസ്ഥാനവുമാണ് കുസ്‌കോ. ഇൻക വംശജക് കോസ്‌കോ () എന്ന് വിളിച്ചിരുന്നതുകൊണ്ടാണത്രെ, കുസ്‌കോ എന്ന പേരു വന്നത്. പെറുവിന്റെ തെക്കുകിഴക്കായി, ആന്റിസ് പർവതനിരകൾക്കിടയിൽ ഉറുബമ്പാ () താഴ്‌വരയിലാണ് കുസ്‌കോ നഗരം സ്ഥിതിചെയ്യുന്നത്. പതിമൂന്നാം നൂറ്റാണ്ടു മുതൽ പതിനാറാം നൂറ്റാണ്ടു വരെയുള്ള ഇൻക സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കുസ്‌കോ. സമുദ്രനിരപ്പിൽനിന്നും ഏകദേശം 11,150 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം 1983ലാണ് യുനെസ്‌കോ വേൾഡ് ഹെറിറ്റേജ് സെന്റർ ആയി പ്രഖ്യാപിച്ചത്. ഇൻക വംശം ലാറ്റിനമേരിക്കയിൽ ഏറ്റവും ഉന്നതസ്ഥിതിയിലെത്തിയിരുന്നപ്പോഴാണ് സ്പാനിഷുകാർ ലാറ്റിനമേരിക്കയെ ആക്രമിച്ചത്. പെറു, ബൊളീവിയ, ഇക്വഡോർ എന്നീ രാജ്യങ്ങൾക്കു പുറമേ, അർജന്റീന, ബ്രസീൽ, കൊളംബിയ, ചിലെ എന്നീ രാജ്യങ്ങളുടെ ചില ഭാഗങ്ങളും ഒരുകാലത്ത് ഇൻക വംശത്തിന്റെ കീഴിലായിരുന്നു. അവരുടെ അവസാനത്തെ നേതാവായ ടൂപാക് അമറുവിനെ 1781-ൽ കുസ്‌കോവിൽ വച്ചാണ് സ്പാനിഷുകാർ വധിച്ചത്. അദ്ദേഹത്തിന്റെ ആത്മാവ് കുസ്‌കോവിന്റെ ആത്മാവാണെന്നു അവിടത്തുകാർ പറയുന്നു. അത്രമാത്രം ഇൻക വംശത്തിനുവേണ്ടി ടൂപാക് അമറു പോരാടിയിട്ടുണ്ട്. ടൂപാക് അമറുവിന്റെ പ്രസിദ്ധമായ വരികൾ ഇന്നും അടിച്ചമർത്തപ്പെട്ടവരുടെ പ്രിയപ്പെട്ട മുദ്രാവാക്യമാണ്.
'I Will be Back and There Will be Millions of Us'
കുസ്‌കോ നഗരത്തിന്റെ ഹൃദയമായ അർമാസ് പ്ലാസയിലേക്കു (അവിടെയും ഒരു അർമാസ് പ്ലാസയുണ്ട്, Plaza de Armas) നയിച്ചുകൊണ്ട്, ഗൈഡ് ഹൊസെ കുസ്‌കോ നഗരത്തിന്റെ വിശേഷങ്ങൾ പറയാൻ തുടങ്ങി. ടൂപാക് അമറുവിന്റെ പ്രതിമ അർമാസ് പ്ലാസയുടെ നടുവിലായി കാണാം. പ്ലാസയ്ക്കു ചുറ്റുമുള്ള സ്പാനിഷ് ശൈലിയിൽ നിർമ്മിച്ച കെട്ടിടങ്ങൾ അധികവും സ്വർണനിറത്തിലുള്ള ചായം പൂശിയവയാണ്. ഭീമാകാരമായ പാറക്കല്ലുകൾകൊണ്ട് ഇൻക വംശം നിർമ്മിച്ച മതിൽക്കെട്ടുകളുടെയും കൊട്ടാരങ്ങളുടെയും അടിത്തറകൾ പൊളിച്ചുമാറ്റാൻ സ്പാനിഷുകാർക്ക് കഴിഞ്ഞില്ലത്രേ. അതിന്റെ നിർമ്മാണരഹസ്യം ഇൻക വംശജർ സ്പാനിഷുകാർക്കു പറഞ്ഞുകൊടുത്തതുമില്ല. അങ്ങനെ ആ കൽത്തറകൾക്കു മുകളിൽ അവരുടെ സ്ഥാപനങ്ങൾ പണിതുയർത്താൻ സ്പാനിഷുകാർ നിർബന്ധിതരായി. സ്പാനിഷ് സംസ്‌കാരവും ഇൻക സംസ്‌കാരവും ഇണചേർന്ന് നിർമ്മിക്കപ്പെട്ട നഗരമാണ് ഇന്നത്തെ കുസ്‌കോ'.
'ബൊളീവിയൻ ഡയറി' എന്നാണ് ബൊളീവിയയിലെ യാത്രക്കു നൽകുന്ന ശീർഷകം. സൈമൻ ബൊളിവറുടെ ഐതിഹാസികമായ ജീവിതം, ക്വെച്വ, അയ്മാരാ തുടങ്ങിയ തദ്ദേശഭാഷകളുടെ ചരിത്രം, ഇൻകാസംസ്‌കാരത്തിന്റെ കളിത്തൊട്ടിലായറിയപ്പെടുന്ന ടിടികാക്ക തടാകം, നിരവധിയായ ചരിത്രാവശിഷ്ടങ്ങൾ, 13000ലധികം അടി ഉയരത്തിലുള്ള ലാപാസിലെ മാർക്കറ്റുകൾ, മൂൺവാലി എന്ന പ്രകൃതിവിസ്മയം, അത്ഭുതവിസ്മയങ്ങൾ ജനിപ്പിക്കുന്ന യുയുണി ഉപ്പുതടാകങ്ങൾ, ഭീമാകാരമായ കള്ളിച്ചെടികൾ നിറഞ്ഞ ദ്വീപ്, ബാൽവദോർദാലി താഴ്‌വര, പച്ചത്തടാകം, ചുവപ്പുതടാകം, ചെഗുവേരയുടെ പ്രതിമ.... ബൊളീവിയൻ ഡയറിയിൽ ആമി രേഖപ്പെടുത്തുന്നത് ആ രാജ്യത്തിന്റെ ഭൂതവർത്തമാനങ്ങളുടെ സംഗൃഹീത സംസ്‌കാരമാകുന്നു. ബൊളീവിയൻ ചെഗുവേരയെക്കുറിച്ചുള്ള ഭിന്നവീക്ഷണങ്ങൾ മറനീക്കുന്നു, ആമി.
'ബൊളീവിയയിൽ ചെ ഒരു പരാജയമായിരുന്നുവെന്ന് പൊതുവേ അവിടത്തുകാർക്കിടയിൽ അഭിപ്രായമുണ്ട്. അതിനു പല കാരണങ്ങളുമുണ്ട്. 1952-ലാണ് ചെ, ല പാസിൽ ആദ്യമായി എത്തിയത്. ബൊളീവിയ അന്ന് വലിയൊരു വിപ്ലവത്തിന്റെ തീച്ചൂളയിലായിരുന്നു. 1941 മുതൽ 1951 വരെ ബൊളീവിയയിൽ നടന്ന നാഷണൽ റെവല്യൂഷനറി മൂവ്‌മെന്റ്(Movimiento Nacionalista Revolucionario) അന്നത്തെ പൊളിറ്റിക്കൽ സിസ്റ്റത്തെ മാറ്റുകയും, ജനങ്ങൾക്ക് വോട്ടു ചെയ്യാനുള്ള സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു. അങ്ങനെ ചെയുടെ സാന്നിധ്യം ബൊളീവിയയ്ക്ക് വേണ്ടിയിരുന്നില്ല എന്ന് പറയപ്പെടുന്നു. മറ്റൊരു കാരണം 1966 മുതൽ 1969 വരെ ബൊളീവിയ ഭരിച്ച റെനേ ബറിയെന്റോയെ (Rene Barriento) പാവപ്പെട്ടവരടക്കം എല്ലാ ബൊളീവിയക്കാരും വളരെയധികം സ്‌നേഹബഹുമാനത്തോടെയാണ് കണ്ടിരുന്നത്. അദ്ദേഹം അവരുടെ ഗോത്രഭാഷയായ കെച്വ (Quechua) സംസാരിക്കുകയും, അവരുടെ കൂടെ ഇടപഴകുകയും ചെയ്തിരുന്നതുകൊണ്ട് ബൊളീവിയക്കാർക്ക് മറ്റൊരു നേതാവിനെ ആവശ്യമുണ്ടായിരുന്നില്ലെന്നു മാത്രമല്ല, പലരും ചെയെ ഒരു ഗറില്ല ഭീകരനെന്ന നിലയിൽ മാത്രമേ കണ്ടിരുന്നുള്ളൂവെന്നും പറയുന്നവരുണ്ട്. എല്ലാറ്റിനും പുറമേ ചെ ബൊളീവിയയിലുണ്ടെന്ന റിഞ്ഞതോടെ ബൊളീവിയൻ ഗവൺമെന്റും സിഐ.എയും (C.I.A.) ചേർന്ന് ചെയെ പിടികൂടാൻ അയച്ച ഉപദേശകർക്കും സൈനികർക്കും കണക്കില്ല. അങ്ങനെ ചെ, ബൊളീവിയയിൽ ഒരു പരാജയമായി എന്നു ചില ബൊളീവിയക്കാർ പറയുന്നു. ബൊളീവിയൻ ഗവൺമെന്റും യുണൈറ്റഡ് സ്റ്റേറ്റ്‌സ് കുറ്റാന്വേഷണവിദഗ്ധരും കൂടി ഒക്ടോബർ 9, 1967-ൽ ചെയെ പിടികൂടി വെടിവെച്ചു കൊന്നതോടെ ചെ എന്ന ഇതിഹാസം അവസാനിച്ചുവെങ്കിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ചെ എന്ന വികാരം മാറ്റൊലികൊള്ളുന്നതായി കാണാമല്ലോ. ചെ ഗുവേരയ്ക്ക് അന്ന് മുപ്പത്തിയൊൻപതു വയസ്സു മാത്രമേ പ്രായമായിരുന്നുള്ളൂ.
ചെയുടെ മരണം ബൊളീവിയയിലെ, സാന്തക്രൂസ് ഡിപ്പാർട്ട്‌മെന്റിൽപ്പെട്ട ഇഗുവേരയിൽ (La Higuera) വച്ചായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മൃതദേഹം വയെ ഗ്രാൻഡെയിൽ (Valle Grande) അടക്കം ചെയ്തുവെങ്കിലും 1997-ൽ ക്യൂബയിലെ സാന്റാ ക്ലാരയിലേക്കു മാറ്റി, അവിടെ വീണ്ടും അടക്കം ചെയ്യുകയാണുണ്ടായത്. സമയക്കുറവും ദൂരവും കാരണം ഞങ്ങളുടെ യാത്രയിൽ വയെ ഗ്രാൻഡെ ഉൾപ്പെടുത്തിയിരുന്നില്ല. പകരം ല പാസിൽ ചെയുടെ ഓർമയ്ക്കായി നിർമ്മിച്ച പ്രതിമ കാണുക എന്ന തീരുമാനത്തിൽ ഞങ്ങളെത്തി.
ല പാസിന്റെ പ്രാന്തപ്രദേശത്ത് 'എൽ ആൾട്ടോ (El Alto)' എന്ന സ്ഥലത്താണ് ചെയുടെ പ്രതിമ പണിതീർത്തിട്ടുള്ളത്. അവിടേക്കു പോകാൻ വേണ്ടി ഒരു ടാക്‌സി ഏർപ്പെടുത്താൻ ഹോട്ടലിലെ റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടപ്പോൾ അവർ ഞങ്ങളെ തീരെ നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. വളരെ അപകടംപിടിച്ച ഒരു പ്രദേശത്താണ് പ്രതിമയുടെ സ്ഥാനം എന്നും, പ്രതിമയ്ക്ക് ചുറ്റും ഒട്ടേറെ പോക്കറ്റടിക്കാരുണ്ടെന്നും അവർ ഞങ്ങളെ ഓർമിപ്പിച്ചു. എന്റെ നിർബന്ധം സഹിക്കാനാവാതെ അവസാനം എനിക്കും ഭർത്താവിനും വേണ്ടി ഒരു ടാക്‌സിയും ഡ്രൈവറെയും അവർ ഏർപ്പെടുത്തി. വളരെ ശ്രദ്ധയോടെ ഞങ്ങളെ കൊണ്ടുപോയി തിരിച്ചെത്തിക്കണമെന്ന് ഹോട്ടൽ റിസപ്ഷനിസ്റ്റ് ഡ്രൈവറോട് പ്രത്യേകം പറയുകയും ചെയ്തു. എന്റെ കൂട്ടുകാരായ ലക്ഷ്മിയും ഹിരണും ഷോപ്പിങ്ങിനായി പുറപ്പെട്ടു.
എൽ ആൾട്ടോവിലെത്തിയപ്പോൾ പ്രതിമ സ്ഥിതിചെയ്യുന്ന സ്ഥലത്തിനരികെ, പുറത്തുള്ള റോഡിൽ കാർ നിർത്തി വളരെ കരുതലോടെ ഡ്രൈവർ ഞങ്ങൾക്കൊപ്പം നടന്നു. പ്രതിമ കണ്ട് വേഗം മടങ്ങണമെന്ന് അയാൾ കൂടെക്കൂടെ ഓർമിപ്പിക്കുന്നുണ്ടായിരുന്നു. ഏകദേശം മുപ്പത് അടിയോളം ഉയരത്തിൽ ലോഹശകലങ്ങളെക്കൊണ്ട് നിർമ്മിച്ച ചെയുടെ പ്രതിമയ്ക്ക് രണ്ടു വ്യക്തമായ അടയാളങ്ങളുണ്ട്. പറന്നുയരാൻ ശ്രമിക്കുന്ന പരുന്തിനെ (അമേരിക്കയുടെ പ്രതീകം) ചവിട്ടിമെതിക്കുന്ന കാലുകളാണ് അതിലൊന്ന്. മറ്റൊന്ന് തദ്ദേശികളുടെ (Indigenous) മുഖത്തെ ഓർമിപ്പിക്കുന്ന ചെയുടെ മുഖഭാവവും. ഒരുപക്ഷേ എല്ലാവർക്കും ഈ ശില്പം ഇഷ്ടപ്പെട്ടെന്നു വരില്ലെങ്കിലും, ഫെലിക്‌സ് ഡുറാന്റെ (Felix Duran) ഈ കലാരൂപം എന്തുകൊണ്ടും അതുല്യമാണ്. പ്രതിമയ്ക്കു ചുറ്റും ഇരിക്കുന്ന യാചകരുടെയും പാവപ്പെട്ടവരുടെയും ഇടയിലൂടെ തിങ്ങിനിരങ്ങി ഡ്രൈവർ ഞങ്ങളെ പ്രതിമയുടെ അടുത്തെത്തിച്ചു. ഒന്നു രണ്ട് ഫോട്ടോ എടുത്തതിനു ശേഷം വേഗത്തിൽ അയാൾ ഞങ്ങളെ കാറിലേക്കു നയിച്ചു.
ചരിത്രത്തിലെന്നപോലെ, ലോകം മുഴുവനും ഒരുപാട് ആരാധകരുടെ ഹൃദയം പകുത്തെടുത്ത ചെയെ തൊട്ടറിഞ്ഞ ഒരു പ്രതീതിയാണ് എനിക്കുണ്ടായത്. എന്റെ വിശ്വാസങ്ങൾ എന്തോ ആകട്ടെ, ലോകചരിത്രത്തിന്റെ ഗതിയെ മാറ്റിയെഴുതിയ വ്യക്തി എന്ന നിലയിൽ ചെ, എന്റെ മുൻപിൽ ഉത്തരമില്ലാത്ത ചോദ്യംപോലെ നിന്നു. ചെ എന്ന പ്രതീകം, മുതലാളിത്തത്തിനെതിരായി ലോകമെമ്പാടുമുള്ള ഇടതുപക്ഷജനതയുടെ ഓർമയിൽ എന്നും തെളിഞ്ഞുനില്ക്കുന്ന പ്രതിരൂപം. അവർക്കുവേണ്ടി ആത്മാഹൂതി ചെയ്ത ഗറില്ലാവിപ്ലവകാരി, അർജന്റീനയിൽ ജനിച്ച ഡോക്ടർ-ബുദ്ധിജീവി-എഴുത്തുകാരൻ. മോട്ടോർസൈക്കിൾ ഡയറീസ്, ബൊളീവിയൻ ഡയറീസ് എന്നീ കൃതികളിലൂടെ എന്നെ വശീകരിച്ച മികച്ച എഴുത്തുകാരൻ!'.
കൊളംബിയയിലേക്കുള്ള യാത്ര 2020ലാണ്. ഗാർസിയാ മാർക്കേസ് മുതൽ ഹിഗ്വിറ്റയും പാബ്ലോ എസ്‌കോബാറും വരെയുള്ളവർ സൃഷ്ടിച്ചിട്ടുള്ള കൊളംബിയയെക്കുറിച്ചുള്ള മിത്തുകൾ പിൻപറ്റി ബോഗട്ട, കാർഥഹീന, മെഡിജിൻ എന്നീ മൂന്നു നഗരങ്ങളിലൂടെ നടത്തുന്ന പത്തുദിവസത്തെ യാത്രയാണ് ഈയധ്യായത്തിന്റെ ഉള്ളടക്കം. സ്പാനിഷ് സംസ്‌കാരത്തിന്റെ കളിത്തട്ടും ലാറ്റിനമേരിക്കൻ സംഗീതത്തിന്റെ കേന്ദ്രങ്ങളിലൊന്നുമാണ് ബോഗട്ട. മ്യൂസിയങ്ങളുടെ നഗരം. സ്‌പെയിൻകാരിൽ നിന്ന് പെറുവിനും ബൊളീവിയക്കുമൊപ്പം ബൊളിവർ മോചിപ്പിച്ച രാജ്യമാണ് കൊളംബിയ. മാർക്കേസിന്റെ പല കൃതികളുടെയും പശ്ചാത്തലമാണ് കാർഥഹീന. മാർക്കേസിയൻ ഭാവന പിൻപറ്റി ആ നഗരത്തിന്റെ കാഴ്ചകളവതരിപ്പിക്കുന്നു, ആമി. തുടർന്ന് മാർക്കേസിന്റെ ജന്മസ്ഥലവും ഏകാന്തതയുടെ നൂറുവർഷങ്ങളിലെ 'മാക്കൊണ്ട'യ്ക്കു പ്രേരണയുമായ അരക്കട്ടാക്കയിലും അവർ സഞ്ചരിക്കുന്നു.
ലോകപ്രസിദ്ധനായ കൊക്കെയ്ൻ ചക്രവർത്തി പാബ്ലോ എസ്‌കോബാറിന്റെ നാടായ മെഡജിൻ 'നിത്യവസന്തത്തിന്റെ നഗരം' എന്നാണറിയപ്പെടുന്നത്. കൊളംബിയൻ സംസ്‌കാരങ്ങളുടെ ഈറ്റില്ലം.
സ്പാനിഷ് അമേരിക്ക എന്നുകൂടി അറിയപ്പെടുന്ന ലാറ്റിനമേരിക്കയിലെ നാല് രാജ്യങ്ങളിൽ നടത്തിയ സഞ്ചാരങ്ങളുടെ ഈ വിവരണം, യാത്രകൾ ജീവിതത്തിന്റെ ആനന്ദതീർത്ഥാടനങ്ങളായി മാറുന്നതിന്റെ മികച്ച മാതൃകകളാണ്. ചരിത്രവും രാഷ്ട്രീയവും ഭൂതവും വർത്തമാനവും ഭാഷകളും ഭക്ഷണവും പെരുമാറ്റങ്ങളും ഉൾപ്പെടുന്ന ജനജീവിതസംസ്‌കാരത്തിന്റെയും പ്രകൃതിയുടെയും നാഗരികതയുടെയും വിസ്മയാവഹങ്ങളായ ദൃശ്യങ്ങളും നിർമ്മിതികളുമായിത്തീരുന്ന മനുഷ്യാധ്വാനത്തിന്റെ മഹാകാരങ്ങളും.... ആമി കണ്ടെത്തുന്ന ലാറ്റിനമേരിക്ക മലയാളിക്കു മുന്നിൽ ആകർഷകവും പ്രലോഭനീയവുമായ ഒരു ദേശത്തിന്റെ കഥകളായി ചുരുൾനിവരുന്നു.
പുസ്തകത്തിൽ നിന്ന്
'കൊളംബിയൻ യാത്രയിൽ ഏറ്റവും കാത്തിരുന്ന അനുഭവം, കൊളംബിയക്കാരുടെയും ലോകത്തിന്റെയും പ്രയങ്കരനായ ഗാബോ എന്നു വിളിക്കപ്പെടുന്ന ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ കൃതികളുടെ പശ്ചാത്തലമായ കാർഥഹീനയും അദ്ദേഹത്തിന്റെ ജന്മസ്ഥലമായ അരക്കട്ടാക്കയും സന്ദർശിക്കുക എന്നതായിരുന്നു. ഈ രണ്ടു സ്ഥലങ്ങളും എന്റെ ലിസ്റ്റിൽ ഏറ്റവും മുകളിൽത്തന്നെ സ്ഥാനംപിടിച്ചിരുന്നു. പിറ്റേദിവസം ക്രിസ്മസായിരുന്നു. അന്ന് ഞങ്ങൾ ബോഗട്ടയിൽനിന്നും കാർഥഹീനയിലേക്ക് പുറപ്പെട്ടു. ഏകദേശം ഒരുമണിക്കൂർ ഫ്‌ളൈറ്റ് സമയമേയുള്ളൂ കാർഥഹീനയിലേക്ക്. തൊണ്ണൂറു ശതമാനം ജനവും കത്തോലിക്കരായ കൊളംബിയയിൽ, ലോകത്തിലെ മിക്കയിടങ്ങളിലുമെന്നപോലെ അന്ന് ഒഴിവുദിവസമായിരുന്നെങ്കിലും ടൂറിസ്റ്റുകേന്ദ്രമായ കാർഥഹീന ഉണർന്നിരുന്നു. കൊളംബിയയുടെ വടക്കുഭാഗത്ത് കരീബിയൻ കടലിന്റെ തീരത്തു സ്ഥിതിചെയ്യുന്ന കാർഥഹീന ബോഗട്ടയിൽനിന്നും തികച്ചും വ്യത്യസ്തമായ ഒരു സിറ്റിയാണ്. കാർഥഹീന ഒരു കൊച്ചു കേരളം തന്നെയാണെന്നു പറയാം. കേരളത്തിലെന്നപോലെയുള്ള കാലാവസ്ഥയും തെങ്ങുകളും പൂക്കളും കായ്കനികളും ബീച്ചുകളും മലയാളികളായ ഞങ്ങളുടെ ഗൃഹാതുരത ഉണർത്താതിരുന്നില്ല. എവിടെ നോക്കിയാലും കടലാസുപൂക്കളും കോളാമ്പിപ്പൂക്കളും ചെന്തെങ്ങും കൊണ്ട് അനുഗൃഹീതമായ ഭൂപ്രകൃതി. ഡിസംബർ മാസമായതുകൊണ്ടും സ്‌കൂൾ അവധിക്കാലമായതുകൊണ്ടും ടൂറിസ്റ്റുകൾ ധാരാളമുണ്ടായിരുന്നു.
അമേരിക്കൻ ഭൂഖണ്ഡത്തിലെ ആദ്യത്തെ സ്പാനിഷ് കോളനിയായിരുന്നു കാർഥഹീന. സിറ്റിയെ രണ്ടായി തരംതിരിക്കാം. പഴയ സിറ്റിയെ വാൾഡ് സിറ്റി എന്ന് വിളിക്കുന്നതിനു കാരണം മറ്റൊന്നുമല്ല, സിറ്റിയുടെ ചുറ്റും സ്പാനിഷ് കൊളോണിയൽ കാലത്തു കെട്ടിയ കോട്ടകൾ ഇപ്പോഴും നിലനില്ക്കുന്നു. സ്പാനിഷ് സ്റ്റൈലിൽ, പല നിറങ്ങളിൽ ചായം തേച്ച കെട്ടിടങ്ങളും ചർച്ചുകളും ഇവിടെയുണ്ട്.
ബീച്ചിനടുത്തുള്ള പുതിയ ഹോട്ടലുകളും ആധുനികരീതിയിൽ നിർമ്മിച്ച കെട്ടിടങ്ങളുമുള്ളതാണ് രണ്ടാമത്തെ വിഭാഗം. ഞങ്ങളുടെ ഹോട്ടൽ ഈ വിഭാഗത്തിൽ, ബീച്ചിനോടു ചേർന്നുള്ള ഹോളിഡേ ഇൻ കാർഥഹീന, മോറോസിലായിരുന്നു. ഹോട്ടലിൽനിന്നും ഏതാനും ചുവടുകളേയുള്ളൂ അവിടുത്തെ ബീച്ചിലേക്ക്.
ഗബ്രിയേൽ ഗാർസ്യ മാർക്കേസിന്റെ പുസ്തകങ്ങളിൽ വിവരിച്ചിട്ടുള്ള പ്രദേശങ്ങളും അദ്ദേഹത്തിന്റെ അന്തിമ വിശ്രമസ്ഥലവും ഉൾപ്പെട്ട ഇടങ്ങളിലേക്ക് ഒരു കാൽനട യാത്രയായിരുന്നു പിറ്റേ ദിവസത്തേക്ക് ഏർപ്പാട് ചെയ്തിരുന്നത്. മാർക്കേസിന്റെ ജീവചരിത്രത്തെയും കൃതികളെയും കുറിച്ച് വ്യക്തമായ അറിവുള്ള ഡുറാൻ ഡുറാൻ എന്ന ഒരു ടൂർ ഗൈഡ് ആണ് ഞങ്ങളെ യാത്രയിൽ നയിച്ചത്. ഏകദേശം നാലുമണിക്കൂർ ദൈർഘ്യമുള്ള ഈ യാത്ര തികച്ചും ഫലപ്രദമായിരുന്നു എന്ന് എടുത്തുപറയേണ്ടതാണ്.
ഹോട്ടൽ സാന്റ തെരേസയിൽനിന്നും തുടങ്ങിയ യാത്ര മാർക്കേസിന്റെ അന്തിമവിശ്രമസ്ഥലമായ ല മെർസെഡ് മൊണാസ്റ്ററിയിൽ (La Merced Monastery) അവസാനിച്ചു. ടൂറിനിടയിൽ മിസ്റ്റർ ഡുറാൻ, മാർക്കേസിന്റെ ജീവചരിത്രം വിസ്തരിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. നാലു പെയ്‌സോയും ഒരു സിഗററ്റും ഒരു ഷർട്ടുമായി, ബോഗട്ടയിലെ രാഷ്ട്രീയകലാപത്തിൽ നിന്നും കാർഥഹീനയിലേക്ക് ഓടിവന്ന മാർക്കേസ് പിന്നീട് ബൊളിവർപാർക്കിൽ തളർന്നുവീണതും, പൊലീസു പിടികൂടിയതുമെല്ലാം വിവരിക്കുകയും ആ സ്ഥലങ്ങളെല്ലാം കാണിച്ചുതരികയുമുണ്ടായി.
ഒരുപാടു കാലം മെക്‌സിക്കോയിലാണ് മാർക്കേസ് താമസിച്ചതെങ്കിലും കാർഥഹീനയിൽ അദ്ദേഹത്തിന് ഒരു വീടുണ്ടായിരുന്നു. കാർഥഹീനയെ 'ഗാബോവിന്റെ സിറ്റി' എന്ന് വിളിക്കപ്പെടുന്നതിൽ അദ്ഭുതമില്ല. ഒരിക്കൽ സുഹൃത്തും ആരാധകനുമായ ഒരാളെയും കൊണ്ട് കാർഥഹീന സന്ദർശിച്ചപ്പോൾ അയാൾ മാർക്കേസിനോട് പറഞ്ഞുവത്രേ, 'നിങ്ങളുടെ ഭാവനയുടെ വെറും ഒരു സാക്ഷി മാത്രമാണ് നിങ്ങൾ' എന്ന്. സ്പാനിഷ് സാമ്രാജ്യത്തിന്റെ ഇരിപ്പിടമായ കാർഥഹീന, ആ സഞ്ചാരിയെ അദ്ഭുതപ്പെടുത്തിയതിൽ തെറ്റില്ലെന്ന് അവിടെ സന്ദർശിക്കുന്ന ആർക്കും മനസ്സിലാകും. പതിനെട്ടാം ശതകത്തിലെ മാർബിൾ കൊട്ടാരങ്ങളും അതിമനോഹരമായ പള്ളികളും, കോബിൾസ്റ്റോൺ പതിച്ച വഴികളും, ഇന്നും അവിടെ നിലനില്ക്കുന്നു.
കാർഥഹീനയിലെ പഴയ നഗരത്തിലാണ് ഗാബോവിന്റെ ഓഫ് ലവ് ആൻഡ് ഡീമൻസ് (Of love and Demons), ലവ് ഇൻ ദി ടൈം ഓഫ് കോളറ (Love in the Time of Cholera), ദ ജനറൽ ഇൻ ഹിസ് ലാബറിന്ത് (The General in His Labyrinth) എന്നീ നോവലുകളുടെ പശ്ചാത്തലവും, അദ്ദേഹത്തിന്റെ വീടും, പഠിച്ചിരുന്ന യൂണിവേഴ്‌സിറ്റിയും സ്ഥിതിചെയ്യുന്നത്. ഞാൻ ആദ്യത്തെ രണ്ടു പുസ്തകമേ വായിച്ചിട്ടുള്ളുവെന്നു മാത്രമല്ല വളരെ നാളുകൾ മുൻപാണ് അവ വായിച്ചതും. വായനക്കാരോടുള്ള എന്റ അപേക്ഷ-കാർഥഹീനയ്ക്കുള്ള യാത്രയ്ക്കു മുൻപേ ഈ പുസ്തകങ്ങൾ വീണ്ടും വായിച്ച് ഓർമ പുതുക്കാൻ കഴിഞ്ഞാൽ ഈ ടൂർ കൂടുതൽ ഫലപ്രദമാകും. കോളറക്കാലത്തെ പ്രണയകഥാപാത്രങ്ങളായ ഫ്‌ളോറന്റീനോ അരിസ(Florentino Ariza)യുടെയും ഫെർമിന ദാസ(Fermina Daza)യുടെയും വികാരഭരിതമായ പ്രണയത്തിന്റെ പശ്ചാത്തലം, ആ തെരുവുകൾ, ഫെർമിനയുടെ വിവാഹം നടന്ന കത്തീഡ്രൽ എല്ലാം കണ്ടുനടക്കുമ്പോൾ ഇത് യാഥാർഥ്യമോ മാജിക്കോ എന്ന് തിരിച്ചറിയാൻ കഴിയാതെ ഞാൻ പണിപ്പെട്ടു. ഫ്‌ളോറന്റീനോ അരിസയുടെ വീടും, ഫെർമിനയുടെ വീടിനടുത്തുള്ള ചെറിയ പാർക്കും (The little Park of Evangels) അൽമണ്ട് മരങ്ങളും മിസ്റ്റർ ഡുറാൻ കാണിച്ചുതരുമ്പോൾ, പണ്ടെങ്ങോ വായിച്ച ആ പ്രണയകഥയ്ക്ക് ചിറകുകൾ മുളയ്ക്കുകയായിരുന്നു, മനസ്സിൽ. അതേ, ഞാൻ 'കോളറക്കാലത്തെ പ്രണയം' നേരിട്ട് കാണുകയായിരുന്നു. ജീവിതത്തിലെ അസുലഭമായ, കോരിത്തരിപ്പിക്കുന്ന അനുഭവങ്ങൾ തന്നെയായിരുന്നു ഈ കാഴ്ചകളും അന്തരീക്ഷവും.
മാർക്കേസിന്റെ ചെറുപ്പകാലത്ത് അദ്ദേഹം സ്ഥിരം സന്ദർശിച്ചിരുന്ന ഒരു ബാർ ആയിരുന്നു സാന്റ ക്ലാരസ് ഏൽക്കറോ (Elcoro Santa Clara). അദ്ദേഹം ഒരു പത്രറിപ്പോർട്ടറായി ജോലി ചെയ്തിരുന്നപ്പോൾ ബാറിന്റെ താഴേയുള്ള ഒരു മുറിയിലെ ശവക്കല്ലറയ്ക്കകത്തു കണ്ടെത്തിയ ഒരു പെൺകുട്ടിയുടെ അസ്ഥികൂടത്തെയും, മരണശേഷവും വളർന്ന ഇരുപത്തിരണ്ടു മീറ്റർ നീളമുള്ള അവളുടെ തലമുടിയെപ്പറ്റിയുമുള്ള കെട്ടുകഥ, പിന്നീട് ഇത് മാർക്കേസിന്റെ 'ഓഫ് ലവ് ആൻഡ് ഡീമൻസ്' (Of love and Demons) എന്ന കഥയ്ക്ക് പ്രചോദനമായെന്നും മിസ്റ്റർ ഡുറാൻ ആ കെട്ടിടത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.
പാവപ്പെട്ട എഴുത്തുകാർക്കുവേണ്ടി മാർക്കേസ് സ്ഥാപിച്ച ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനും ഈ യാത്രയിൽ കാണാനിടയായി. മാർക്കേസിന്റെ സഹോദരനാണ് ഇപ്പോൾ ഈ സ്ഥാപനം നടത്തുന്നതത്രേ. കാലത്തു ചെന്നിരുന്നെങ്കിൽ അദ്ദേഹത്തെ കാണാമായിരുന്നു എന്ന് മിസ്റ്റർ ഡുറാൻ പറഞ്ഞപ്പോൾ, അതു സാധിക്കാതെപോയതിൽ നിരാശ തോന്നി.
ഇടയ്ക്ക് ഞങ്ങൾ കാപ്പിയും ലഘുഭക്ഷണവും കഴിക്കാൻ വഴിയിലുള്ള ഒരു ചെറിയ റെസ്റ്റോറന്റിൽ കയറി. യൂറോപ്യൻ സംസ്‌കാരത്തിലെന്നപോലെ പുറത്തിരുന്നുകൊണ്ടാണ് എല്ലാവരും ഭക്ഷണം കഴിക്കുക. അവിടുത്തെ കാലാവസ്ഥ അതിനനുയോജ്യമാണുതാനും. അവരുടെ പ്രാദേശികഭക്ഷണമായ അരീപ്പാ (വട്ടത്തിലുള്ള ഒരുതരം കോൺ ബ്രെഡിനുള്ളിൽ ചീസ് നിറച്ചത്) എമ്പനാടാ (സമോസപോലെയുള്ള ഒരു പലഹാരം), സിവിച്ചേ (ഒരുതരം സീഫുഡ് സാലഡ്) എല്ലാം ഓർഡർ ചെയ്തു. ലാറ്റിനമേരിക്കൻ പാചകവിദഗ്ധരുടെ വിവിധ രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കാനും അതിന്റെയെല്ലാം ഫോട്ടോ എടുക്കാനും ഞാനും എന്റെ മകൾ സന്ധ്യയും കിട്ടിയ ഒരവസരവും പാഴാക്കിയില്ല.
മാർക്കേസിന്റെ മരണം, 2014-ൽ മെക്‌സിക്കോയിൽ വച്ചായിരുന്നു. മരണശേഷം, കുടുംബാംഗങ്ങളുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ചിതാഭസ്മം കാർഥഹീനയിലേക്കു കൊണ്ടുവന്ന്, യൂണിവേഴ്‌സിറ്റി ഓഫ് കാർഥഹീനയോടനുബന്ധിച്ചുള്ള ലാ മെർസെഡ് മൊണാസ്റ്ററിയിൽ അടക്കം ചെയ്തു'.
ലാറ്റിനമേരിക്കൻ യാത്രകൾ
ആമി ലക്ഷ്മി
മാതൃഭൂമി ബുക്‌സ്
2022
180 രൂപ
കേരള സര്വകലാശാലയില് ഗവേഷകവിദ്യാര്ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില് തുടര്ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില് ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള് പുറത്തുവന്നിട്ടുണ്ട്.