മുംബൈ: മോദിപ്രഭാവം തെരഞ്ഞെടുപ്പുകളിൽ തുടരുന്നു. മഹാരാഷ്ട്രയിലെ ലത്തൂരിലെ മുനിസപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി പൂജ്യത്തിൽനിന്ന് 41 സീറ്റുകൾ സ്വന്തമാക്കി അട്ടിമറിനടത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ 49 സീറ്റുകൾ സ്വിന്തമാക്കിയ കോൺഗ്രസ് 26ലേക്കു ചുരുങ്ങി.

മോദിപ്രഭാവവും അമിത്ഷായുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങളും ഒരിക്കൽക്കൂടി വിജയം കാണുന്നതാണ് ലത്തൂരിൽ ദൃശ്യമായത്. മഹാരാഷ്ട്രയിലെ മറാത്തമേഖലയിലുള്ള ലത്തൂർ മുനിസിപ്പൽ കോർപ്പറേഷൻ കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു.

2012 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റ സീറ്റിൽ ഇവിടെ വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. 2012ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 49ഉം എൻസിപി 13ഉം ശിവസേന ആറും സീറ്റുകളാണ് നേടിയിരുന്നത്. കോൺഗ്രസിന്റെ രണ്ട് മുഖ്യമന്ത്രിമാരുടെ തട്ടകം കൂടിയാണ് ലത്തൂർ. വിലാസ് റാവു ദേശ്മുഖും അശോക് ചവാനും ലത്തൂറുകാരാണ്.

തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസിന് അടിപതറുന്ന കാഴ്ച ഒരിക്കൽക്കൂടി ദൃശ്യമാകുകയാണ്. നേരത്തേ അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് അമ്പേ പരാജയപ്പെട്ടിരുന്നു. മണിപ്പൂർ സംസ്ഥാനത്ത് ബിജെപി പൂജ്യത്തിൽനിന്ന് അധികാരം പിടിച്ചതിന്റെ ആഘാതം കോൺഗ്രസിനു വിട്ടുമാറിയിട്ടില്ല. ഉത്തർപ്രദേശിലും ഗോവയിലും ഉത്തരാഖണ്ഡിലും ബിജെപി അധികാരം പിടിച്ചു. കോൺഗ്രസിന് ആശ്വാസ ജയം ലഭിച്ചത് പഞ്ചാബിൽ മാത്രമായിരുന്നു.