തിരുവനന്തപുരം: സർക്കാരിന്റെ ഉപദേഷ്ടാവും എൽഡിഎഫ് ചെയർമാൻ സ്ഥാനവും സിപിഐ(എം) സെക്രട്ടറിയേറ്റ് അംഗത്വവുമെല്ലാം കണ്ടിട്ടാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശ വാദമൊന്നും ഉന്നയിക്കാതെ 94ാം വയസ്സിൽ വി എസ് അച്യൂതാനന്ദൻ വഴിമാറി കൊടുത്തത്. അങ്ങനെ പിണറായി വിജയൻ മുഖ്യമന്ത്രിയായി. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് വിഎസിനെ വീട്ടിൽ ചെന്ന് കണ്ടപ്പോൾ എല്ലാം ശരിയായെന്നും കരുതി. എന്നാൽ വിഎസിന് മാത്രം ഒന്നും കിട്ടിയില്ല. ഔദ്യോഗിക വസതിയിലേക്ക് താമസം മാറിയ വി എസ് വെറും എംഎൽഎയുമായി. എന്നാൽ വലിയ വിവാദങ്ങളൊന്നും വി എസ് ഉണ്ടാക്കുന്നുമില്ല. 

പിണറായി വിജയനെതിരെ ആഞ്ഞടിക്കാൻ അനുയോജ്യമായ സമയത്തിനായി കാത്തിരിക്കുകയാണ് വി എസ്. ലാവ്‌ലിനിലെ ഹൈക്കോടതിയിലെ തുടർവാദം ഇതിന് അവസരമൊരുക്കുമെന്നായിരുന്നു വിഎസിന്റെ കണക്ക് കൂട്ടൽ. എന്നാൽ ഈ കാത്തിരിപ്പ് തിരിച്ചറിഞ്ഞ് പിണറായി വിജയൻ നടത്തിയ നീക്കങ്ങൾക്ക് ആദ്യ ഘട്ടത്തിൽ വിജയം കാണുന്നു. സിബിഐയെ അനുകൂലമാക്കി വിവാദങ്ങളിൽ നിന്ന് തലയൂരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായത്താൽ ഇത് സാധ്യമാക്കാനാണ് നീക്കം. കേന്ദ്ര സർക്കാരുമായി ധാരണയിലെത്തി സിബിഐയെ വരുതിയിൽ കൊണ്ടുവരാനാണ് ചർച്ചകൾ നടക്കുന്നത്. ഇതിന്റെ സൂചനയാണ് ഇന്ന് ഹൈക്കോടിതിയിൽ കണ്ടത്. പിണറായിയുടെ വാദങ്ങളെ സിബിഐ അനുകൂലിച്ചതു കൊണ്ടാണ് ലാവ്‌ലിനിൽ ഇടപെടാനുള്ള മൂന്നാം കക്ഷികളുടെ നീക്കം പൊളിഞ്ഞത്.

സിബിഐ നിലപാട് കടുപ്പിച്ചില്ലെങ്കിൽ നിലവിലെ അവസ്ഥയിൽ കുറ്റവിമുക്തനാക്കിയതിനെതിരായ അപ്പീലിൽ പിണറായിയുടെ വാദം ഹൈക്കോടതിക്ക് അംഗീകരിക്കേണ്ടി വരും. മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായ എംകെ ദാമോദരന് ഇക്കാര്യത്തിൽ പൂർണ്ണ ആത്മവിശ്വാസമാണ് ഉള്ളത്. ലാവ്‌ലിനിൽ പിണറായി അഴിമതി പണം വാങ്ങിയതിന് തെളിവില്ലെന്ന് സിബിഐ തന്നെ കുറ്റപത്രത്തിൽ വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ പിണറായി വരില്ലെന്ന വാദം ഹൈക്കോടതി അംഗീകരിക്കും. എന്നാൽ കേസിൽ കൂടുതൽ തെളിവുകൾ ഹൈക്കോടതിയിൽ സിബിഐ ഹാജരാക്കിയാൽ പ്രശ്‌നങ്ങൾ മാറും. അത്തരത്തിലൊരു സാക്ഷിയെ സിബിഐ സംഘടിപ്പിച്ചതായുള്ള വിവരം പിണറായി ക്യാമ്പിന് കിട്ടിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപടലുണ്ടായാൽ ഹൈക്കോടതിയിൽ ഈ സാക്ഷിയെ സിബിഐ ഹാജരാക്കില്ല. ഇതോടെ കേസ് അപ്രസക്തവുമാകും.

ഇതിനുള്ള സാധ്യതയാണ് കേന്ദ്ര സർക്കാരുമായി കൂടിയാലോചനകളിലൂടെ തേടുന്നത്. പ്രധാനമന്ത്രിക്ക് രണ്ട് നിർദ്ദേശങ്ങൾ മാത്രമേ ഒത്തുതീർപ്പിൽ പകരമായി മുന്നോട്ട് വയ്ക്കാനുള്ളൂ എന്നാണ് സൂചന. കേന്ദ്ര സർക്കാരിന്റെ ജിഎസ്ടി ബില്ലിന് കേരളത്തിന്റെ പൂർണ്ണ അംഗീകാരം. ഇതിനൊപ്പം അദാനിയുടെ നേതൃത്വത്തിൽ നിർമ്മാണം നടക്കുന്ന വാതക പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാക്കുകയും വേണം. ഇതിനൊപ്പം വിഴിഞ്ഞത്തിൽ അദാനിക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും മോദി ആഗ്രഹിക്കുന്നു. ഇതിന് രണ്ടിനും പിണറായി സഹകരിച്ചാൽ ലാവ്‌ലിനിൽ പിണറായി നിലപാട് കടുപ്പിക്കില്ല. ഈ ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നത് കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ ജോൺ ബ്രിട്ടാസിന്റെ നേതൃത്വത്തിലാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് വിവാദം ഒഴിവാക്കാൻ ബ്രിട്ടാസിനെ മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവാക്കിയത്. ഇതിലൂടെ ഔദ്യോഗിക ചർച്ചകളെന്ന വ്യാജേന ലാവ്‌ലിനിൽ കേന്ദ്രത്തിലെ പ്രമുഖ മന്ത്രിമാരുമായി ബ്രിട്ടാസ് ആശയവിനിമയം തുടരും..

ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയിൽ ലാവ്‌ലിനിൽ വിശദവാദത്തിന് രണ്ട് മാസത്തെ സമയം സിബിഐ തേടിയതെന്നാണ് സൂചന. വിലപേശലുകൾക്ക് പിണറായിക്ക് ഇതിലൂടെ അവസരം ഒരുക്കാം. കേരളത്തിൽ ബിജെപിയുടെ രാഷ്ട്രീയ സാധ്യതകൾക്ക് സഹായകമാകുന്ന തരിത്തിൽ കേന്ദ്ര സർക്കാർ പ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടേണ്ടിയും വരും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ ഈ ബന്ധത്തിന് തെളിവാണെന്നും വിലയിരുത്തുന്നു. സംസ്ഥാനം ചോദിക്കുന്നത് എന്തും തരാൻ പ്രധാനമന്ത്രി സന്നദ്ധനാണെന്നും പിണറായി പറഞ്ഞത് വലിയ മാദ്ധ്യമ പ്രാധാന്യം കിട്ടുകയും ചെയ്തു. വാതകപൈപ്പ് ലൈനിലെ അനുകൂല നിലപാടും പിണറായി വ്യക്തമാക്കി. വിഴഞ്ഞത്തിൽ അദാനിയോട് എടുക്കുന്ന സമീപനവും നിർണ്ണായകമാകും. ഈ ചർച്ചകളിലും നിർണ്ണായക പങ്ക് ബ്രിട്ടാസിന് തന്നെയാകും.

എസ്എൻസി ലാവ്‌ലിൻ കേസിൽ വാദം കേൾക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിച്ചത് കഴിഞ്ഞ ദിവസമാണ്. എസ്എൻസി ലാവ്‌ലിൻ കേസിൽ സിബിഐ ഒഴികെയുള്ളവരുടെ റിവിഷൻ ഹർജികളിൽ പിണറായിക്ക് അനുകൂല വിധിയും വന്നു. അതിനാൽ സിബിഐ മാത്രമാണ് ഈ കേസിൽ പിണറായിക്ക് മുന്നിലെ ഏക തടസം. ണ്ടു മാസം കൂടി നീട്ടി വെയ്ക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പരംജിത് സിങ് പഠ്‌വാലിയ കേസിൽ ഹാജരാകുമെന്നും ഈ സാഹചര്യത്തിൽ അപേക്ഷ അനുവദിക്കണമെന്നും സിബിഐ സമർപ്പിച്ച ഉപഹർജിയിൽ പറയുന്നു. അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പരംജിത് സിങ് ഹാജരാകുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനാണ് കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുന്നതെന്നും സിബിഐയുടെ അഭിഭാഷകൻ പി. ചന്ദ്രശേഖരൻപിള്ള അറിയിച്ചു. ഈ കാലതാമസം പിണറായിക്ക് അനുവദിച്ചു കൊടുക്കുന്നത് ചർച്ചകൾക്ക് വേണ്ടിയാണെന്നാണ് സൂചന.

ടി.പി. നന്ദകുമാർ, വി എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്ന കെ.എം. ഷാജഹാൻ തുടങ്ങിയവരുടെ റിവിഷൻ ഹർജികളും ഹൈക്കോടതി തള്ളിയിട്ടുണ്ട്. ജസ്റ്റീസ് ബി. കെമാൽപാഷയാണ് ഹർജികൾ പരിഗണിച്ചത്. ഈ നിയമനടപടികളിലാണ് വി എസ് അച്യുതാനന്ദന്റെ കണ്ണ്. കെമാൽപാഷയുടെ ബെഞ്ചിൽ നിന്ന് പിണറായിക്ക് എതിരായ വിധി വരുമെന്നാണ് അച്യുതാനന്ദന്റെ പ്രതീക്ഷ. അങ്ങനെ വന്നാൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായിയെ മാറ്റണമെന്ന ആവശ്യം വി എസ് അച്യുതാനന്ദൻ സജീമാക്കും. ഇതു മനസ്സിലാക്കിയാണ് പിണറായി സിബിഐയെ കൈയിലെടുക്കാൻ ശ്രമിക്കുന്നതും. ഇതിൽ ആദ്യ വിജയം പിണറായിക്ക് തന്നെയാണ്. ഭരണങ്ങാനം സ്വദേശി ജീവന് നൽകിയ ഹർജി ഹൈക്കോടതി തള്ളിയത് ശുഭപ്രതീക്ഷയാണ്. ലാവ്‌ലിൻ കേസിൽ ഇനി തെളിവ് നൽകാൻ സിബിഐയ്ക്ക് മാത്രമേ അധികാരമുള്ളൂ എന്ന തരത്തിലാണ് കോടതി ഉത്തരവ്. 

ഖത്തറിലെ ഒരു സ്ത്രീയുടെ കൈയിൽ പിണറായിക്ക് ലാവ്‌ലിൻ നൽകിയ സാമ്പത്തിക ഇടപാടിന് തെളിവുണ്ടെന്നാണ് സൂചന. ഈ തെളിവുകൾ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടു വരാനായിരുന്നു റിവിഷൻ ഹർജികളിലൂടെയുള്ള നീക്കം. അതു ഫലിച്ചാൽ പിണറായി ലാവ്‌ലിൻ കുരുക്കിൽ വീണ്ടും പെടും. അന്വേഷണം തുടരാൻ സിബിഐ നിർബന്ധിതമാവുകയും ചെയ്യും. ഇതുകൊണ്ട് തന്നെയാണ് ഹൈക്കോടതി ഉത്തരവ് പിണറായിക്ക് ആശ്വാസമാകുന്നത്. പിണറായിക്ക് സമാനമായ വാദങ്ങളാണ് ഹൈക്കോടതിയിൽ ജീവന്റെ ഹർജിയിൽ സിബിഐയും എടുത്തത്. ദുഷ്ടലാക്കോടെയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ക്രിമിനൽ പ്രോസിക്യൂഷൻ ഹർജിയിൽ അപരചിതർക്ക് അവകാശമില്ല. അന്വേഷണത്തിലോ കോടതി നടപടികളിലോ മറ്റ് വ്യക്തികളെ പങ്കെടുപ്പിക്കാനാവില്ലെന്നായിരുന്നു പിണറായിയുടെ വാദം. ഇത് കോടതി അംഗീകരിക്കാൻ കാരണം സിബിഐയും അനുകൂലിച്ചതു കൊണ്ടാണ്.

ഇരകൾക്കും, അടുത്ത ബന്ധുക്കൾക്കു മാത്രമാണ് ഹർജിയുമായി ബന്ധപ്പെട്ട് ഇടപെടുന്നതിനു നിയമപരമായി അവകാശമുള്ളത്. ലാവ്‌ലിൻ കേസ് 2007ലാണ് രജിസ്റ്റർ ചെയ്തത്. സിബിഐ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ച ശേഷം ഇത്രയേറെ വൈകി ഇത്തരം ഹർജിയുമായി കോടതിയെ സമീപിക്കുന്നത് അംഗീകരിക്കാനാവില്ല. മാത്രമല്ല കേസിൽ വാദം കേട്ട സിബിഐ കോടതി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തനാക്കിയിരുന്നു. കേസിൽ സിബിഐ റിവിഷൻ ഹർജി 2014 ൽ നൽകിയെങ്കിലും 2016 മെയ് 18നാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചിരിക്കുന്നത്. ഇത്തരം ഹർജി അനുവദിക്കരുതെന്നും പിണറായി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കപ്പെട്ടതോടെ കേസിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ ഉണ്ടാകില്ലെന്ന് ഉറപ്പായി. പിണറായിയുടെ ഈ ന്യായങ്ങൾ കോടതി അംഗീകരിച്ചതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. ഇനി ബിജെപിയുമായി രഹസ്യ ചർച്ചകൾ തുടരും. ഇതിന് ബ്രിട്ടാസ് തന്നെ ചുക്കാൻ പിടിക്കുകയും ചെയ്യും.

ഇത് വിഎസിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ ലാവ്‌ലിനിൽ വി എസ് ചില അപ്രതീക്ഷിത കളികൾ നടത്തുമെന്ന് കരുതുന്നവരുമുണ്ട്. റിവിഷൻ ഹർജി തള്ളിയ തീരുമാനത്തിനെതിരെ മേൽകോടതിയെ ഹർജിക്കാർ സമീപിക്കാനും സാധ്യതയുണ്ട്. ഇതിന്റെ സാധ്യതകളും പരിശോധിക്കുകയാണ്.