- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാവലിൻ കേസിൽ ഇന്നും അത്ഭുതങ്ങളില്ല; കേസ് പരിഗണിക്കുന്നത് ഏപ്രിൽ ആറാം തീയ്യതിയിലേക്ക് മാറ്റി; ഇന്ന് കേസ് കേട്ടൂകൂടേയെന്ന് കോടതി ചോദിച്ചിട്ടും നടപടി സിബിഐയുടെ ആവശ്യം കൂടി പരിഗണിച്ച്; സോളിസിറ്റർ ജനറൽ കോടതിയിൽ ഹാജരായില്ല; സിപിഎം - ബിജെപി രഹസ്യ ധാരണയെന്ന ആരോപണം ശക്തമാക്കാൻ യുഡിഎഫ്
ന്യൂഡൽഹി: ലാവലിൻ കേസിൽ ഇന്നും അത്ഭുതങ്ങളില്ല. എസ്എൻസി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതിന് എതിരായ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രിൽ ആറിലേക്കു മാറ്റി. സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് കേസ് വീണ്ടും മാറ്റിയത്. സോളിസിറ്ററ് ജനറലും ഇന്ന് കോടതിയിൽ ഹാജരായില്ല.
നേരത്തെ ഇരുപതു തവണ മാറ്റിവച്ച കേസിൽ ഇന്നു വാദം തുടങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. സിബിഐ ഉദ്യോഗസ്ഥർ ഇന്നലെ കേന്ദ്ര സർക്കാരിന്റെ ഉന്നത അഭിഭാഷകരുമായി ചർച്ച നടത്തിയതോടെയാണ് ഇതു സംബന്ധിച്ച വാർത്തകൾ പ്രചരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ കേന്ദ്രം ലാവലിൻ കേസ് സജീവമാക്കുകയാണെന്നും വിലയിരുത്തലുകൾ വന്നു.
കേസ് ഇന്നു തന്നെ കേട്ടുകൂടേയെന്ന് രാവിലെ ഇക്കാര്യം പരിഗണനയ്ക്കു വന്നപ്പോൾ ബെഞ്ച് ആരാഞ്ഞെങ്കിലും മാറ്റിവയ്ക്കണമെന്ന നിലപാടിൽ സിബിഐ ഉറച്ചുനിൽക്കുകയായിരുന്നു. പിണറായി വിജയനെ ഒഴിവാക്കിയതിനെതിരെ സിബിഐയും കുറ്റപത്രത്തിനെതിരെ കസ്തൂരിരംഗ അയ്യർ അടക്കമുള്ള മറ്റ് പ്രതികളും നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്.
2017-ൽ സുപ്രീംകോടതിയിലെത്തിയ കേസിൽ ഇത്രയും കാലമായിട്ടും കാര്യമായൊന്നും സംഭവിച്ചിട്ടില്ല. കേസ് മാറ്റിവെക്കൽ മാത്രമാണ് ഇക്കാലയളവിൽ ഉണ്ടായിരിക്കുന്നത്. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദിരാ ബാനർജി, കെ.എം. ജോസഫ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് ഇന്ന് കേൾക്കാനിരുന്നത്. ജനുവരി 12-ന് കേസ് പരിഗണിച്ചപ്പോൾ സിബിഐ.ക്കു വേണ്ടി ഹാജരാകുന്ന സോളിസിറ്റർ ജനറൽ തുഷാർമേത്തയ്ക്ക് എത്താൻ സാധിക്കാത്തതിനാലാണ് കേസ് മാറ്റിവെച്ചത്.
ലാവലിൻ കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ. നൽകിയ അപ്പീലാണ് സുപ്രീംകോടതി കേൾക്കുന്നത്. വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കസ്തൂരിരംഗ അയ്യർ, ആർ. ശിവദാസൻ, കെ.ജി. രാജശേഖരൻ നായർ എന്നിവരുടെ അപ്പീലുമുണ്ട്. കോൺഗ്രസ് നേതാവ് വി എം. സുധീരനും പിന്നീട് കേസിൽ കക്ഷിചേർന്നു.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി. ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. കേരളത്തിൽ നിയമസഭാ തെരഞ്ഞടുപ്പു കൂടി അടുത്ത പശ്ചാത്തലത്തിലാണ് കേസ് പരിഗണിക്കുന്നത് എന്നതും ശ്രദ്ധേയമായിരുന്നു.
കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. ശക്തമായ വസ്തുതകൾ ഉൾപ്പെടുന്ന കുറിപ്പ് കോടതിക്ക് സമർപ്പക്കുമെന്ന് സിബിഐക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, പിന്നീട് കാര്യമായി കേസ് മുന്നോട്ടു പോയില്ല. ഇപ്പോൾ പുതുതായി എന്തു തെളിവ് കോടതിയിൽ സിബിഐ സമർപ്പിക്കും എന്നതാകും ആകാംക്ഷ.
മറുനാടന് മലയാളി ബ്യൂറോ