- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2017-ൽ സുപ്രീംകോടതിയിലെത്തിയ കേസ് 26 തവണ പരിഗണിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല; ഇന്ന് വീണ്ടും വാദം തുടങ്ങാനിരിക്കേ സിബിഐ ഉദ്യോഗസ്ഥർ അഭിഭാഷകരുമായി ചർച്ച നടത്തി; സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഹാജരായേക്കും; ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ എന്തു സംഭവിക്കും?
ന്യൂഡൽഹി: എസ്.എൻ.സി. ലാവലിൻ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. 2017-ൽ സുപ്രീംകോടതിയിലെത്തിയ കേസിൽ ഇത്രയും കാലമായിട്ടും കാര്യമായൊന്നും സംഭവിച്ചിട്ടില്ല. കേസ് മാറ്റിവെക്കൽ മാത്രമാണ് ഇക്കാലയളവിൽ ഉണ്ടായിരിക്കുന്നത്. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദിരാ ബാനർജി, കെ.എം. ജോസഫ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് ചൊവ്വാഴ്ച ഹർജികൾ പരിഗണിക്കുന്നത്.
ജനുവരി 12-ന് കേസ് പരിഗണിച്ചപ്പോൾ സിബിഐ.ക്കു വേണ്ടി ഹാജരാകുന്ന സോളിസിറ്റർ ജനറൽ തുഷാർമേത്തയ്ക്ക് എത്താൻ സാധിക്കാത്തതിനാലാണ് കേസ് മാറ്റിവെച്ചത്. ലാവലിൻ കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ. നൽകിയ അപ്പീലാണ് സുപ്രീംകോടതി കേൾക്കുന്നത്. വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കസ്തൂരിരംഗ അയ്യർ, ആർ. ശിവദാസൻ, കെ.ജി. രാജശേഖരൻ നായർ എന്നിവരുടെ അപ്പീലുമുണ്ട്. കോൺഗ്രസ് നേതാവ് വി എം. സുധീരനും പിന്നീട് കേസിൽ കക്ഷിചേർന്നു.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി. ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. കേരളത്തിൽ നിയമസഭാ തെരഞ്ഞടുപ്പു കൂടി അടുത്ത പശ്ചാത്തലത്തിലാണ് കേസ് പരിഗണിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വാദം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥർ അഭിഭാഷകരുമായി ചർച്ച നടത്തിയിട്ടുണ്ട്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അഡീഷനൽ സോളിസിറ്റർ ജനറൽമാരും ഹാജരാകുമെന്നറിയുന്നു.
ഇന്ന് കേസിൽ വാദത്തിന് തയാറാണെന്ന് സിബിഐ സുപ്രിംകോടതിയിൽ വ്യക്തമാക്കും. അതേസമയം ഹൈക്കോടതി ഉൾപ്പെടെ രണ്ട് കോടതികൾ തള്ളിയ കേസ് ആയതിനാൽ ശക്തമായ തെളിവുകൾ ഉണ്ടെങ്കിലെ കേസിൽ തുടർവാദം സാധ്യമാകൂ എന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിന്റെ പ്രധാന്യം വ്യക്തമാക്കുന്ന കത്ത് നൽകാൻ സിബിഐയോട് സുപ്രീംകോടതി നിർദേശിച്ചെങ്കിലും ഇതുവരെ അത് നൽകിയിട്ടില്ല. ഇ
കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. ശക്തമായ വസ്തുതകൾ ഉൾപ്പെടുന്ന കുറിപ്പ് കോടതിക്ക് സമർപ്പക്കുമെന്ന് സിബിഐക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, പിന്നീട് കാര്യമായി കേസ് മുന്നോട്ടു പോയില്ല. ഇപ്പോൾ പുതുതായി എന്തു തെളിവ് കോടതിയിൽ സിബിഐ സമർപ്പിക്കും എന്നതാകും ആകാംക്ഷ.
മറുനാടന് മലയാളി ബ്യൂറോ