- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളപ്പണം വെളുപ്പിക്കൽ നിയമം ലാവലിൻ കരാറിനു ബാധകമാകില്ല; കരാർ ഒപ്പുവച്ചത് പിഎംഎൽഎ നിയമം നിലവിൽ വരുന്നതിന് മുമ്പ്; 2009 ൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികളല്ല; എൻഫോഴ്സ്മെന്റ് അന്വേഷണം ചോദ്യം ചെയ്ത് ലാവലിൻ കമ്പനി; ഹൈക്കോടതിയിൽ ഹർജി നൽകി
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ചോദ്യം ചെയ്ത് ലാവ്ലിൻ കമ്പനി ഹൈക്കോടതിയിൽ. കള്ളപ്പണം വെളുപ്പിക്കൽ നിയമം ലാവ്ലിൻ കരാറിനു ബാധകമാകില്ല എന്നു ചൂണ്ടിക്കാണിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
വിവാദമായ ലാവ്ലിൻ കരാർ സംബന്ധിച്ച കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് അന്വേഷണം. നിയമം നിലവിൽ വരുന്നതിനു മുൻപുള്ള കരാറാണ് ലാവ്ലിനുമായുള്ളത്. അതുകൊണ്ടു തന്നെ എൻഫോഴ്സ്മെന്റ് അന്വേഷണം ബാധകമാകില്ല എന്നാണ് കമ്പനിയുടെ നിലപാട്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തങ്ങൾക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ലാവ്ലിൻ കമ്പനി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.2009ൽ സി ബി ഐ സമർപ്പിച്ച കുറ്റപത്രത്തിൽ തങ്ങൾ പ്രതികളല്ല. കള്ളപ്പണം സംബന്ധിച്ച പി എം എൽ എ നിയമം നിലവിൽ വരുന്നതിന് മുമ്പാണ് കരാർ ഒപ്പുവച്ചതെന്നും കമ്പനി ഹർജിയിൽ പറയുന്നു. നിയമം നിലവിൽ വരുന്നതിന് മുമ്പുള്ള കരാർ അന്വേഷിക്കാനാവില്ലെന്നും കമ്പനി ഹർജിയിൽ വാദിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ ലഭിച്ച രേഖകളെ അടിസ്ഥാനമാക്കിയായിരുന്നു ഇഡിയുടെ നോട്ടിസ്. കേസിൽ ക്രൈം പത്രാധിപർ ടി.പി. നന്ദകുമാറിനോട് തെളിവ് സമർപ്പിക്കാൻ നേരത്തെ ഇഡി ആവശ്യപ്പെട്ടിരുന്നു
രാഷ്ട്രീയ നേതാക്കളുടെ നികുതി വെട്ടിപ്പ്, ദേശവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ ചൂണ്ടിക്കാണിച്ച് 15 വർഷം മുമ്പ് അയച്ച കത്തിലാണ് ഇഡി അന്വേഷണം തുടങ്ങിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിനാണ് പതിനഞ്ച് വർഷം മുമ്പ് നന്ദകുമാർ പരാതി നൽകിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രതികളെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയ ലാവ് ലിൻ കേസിൽ സിബിഐ സുപ്രീംകോടതിയിൽ നൽകിയ ഹർജി പരിഗണനയിലാണ്.
ഇടുക്കി ജില്ലയിലെ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനഡയിലെ കമ്പനിയായ എസ്.എൻ.സി ലാവ്ലിനുമായി ഉണ്ടാക്കിയ കരാറിൽ ക്രമക്കേട് ഉണ്ടെന്നാണ് സിബിഐ കണ്ടെത്തിയത്.
കരാറിലൂടെ സംസ്ഥാനത്തിന് നേരിട്ടത് ഭീമമായ നഷ്ടമാണ്. ഇത് വൈദ്യുതി മന്ത്രിയെന്ന നിലയിൽ പിണറായിയുടെ കടുത്ത വീഴ്ചയാണ്. കൺസട്ടൻസി കരാർ സപ്ലേ കരാറാക്കിയതിലും പിണറായിക്ക് പങ്കുണ്ട്. ഇതുപ്രകാരം കെഎസ്ഇബിക്ക് നഷ്ടം നേരിട്ടപ്പോൾ ലാവ്ലിൻ കമ്പനിക്ക് വൻ നേട്ടമാണുണ്ടാക്കിയത്.
ഇതിൽ നിന്നും പിണറായിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും സിബിഐ നേരത്തെ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധിയിൽ പിഴവുണ്ട്, കേസിലെ വസ്തുതകൾ പരിശോധിക്കാതെയാണ് വിധി പുറപ്പെടുവിച്ചത്. കസ്തുരിരംഗ അയ്യർ, ആർ ശിവദാസ് എന്നിവർക്കെതിരേയും തെളിവുകളുണ്ടെന്നും സിബിഐ പറയുന്നു.
യുഡിഎഫിന്റെ കാലത്താണു പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമകരാർ ഒപ്പിട്ടതു പിന്നീടുവന്ന ഇ.കെ.നായനാർ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.
1995 ഓഗസ്റ്റ് 10ന് യു.ഡി.എഫ് സർക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി. കാർത്തികേയനാണ് എസ്.എൻ.സി. ലാവ്ലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വച്ചത്. പിന്നീട് അവരെ തന്നെ പദ്ധതി നടത്തിപ്പ് കൺസൾട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാർ 1996 ഫെബ്രുവരി 24-നും ഒപ്പിട്ടു. ലാവ്ലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ