- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെന്നിസ് കോർട്ടിൽ ഇനി അപൂർവ സംഗമം; ഫെഡററും നദാലും ജോക്കോവിച്ചും മറേയും ഒരു ടീമിൽ; ബിഗ് ഫോർ ഒരുമിച്ച് റാക്കറ്റ് വീശുക ലേവർ കപ്പിൽ; ആരാധകർ ആവേശത്തിൽ
സൂറിച്ച്: ടെന്നിസ് കോർട്ടിനെ ആവേശത്തിലാഴ്‌ത്തിയ ഇതിഹാസ താരങ്ങൾ ഒരുമിച്ച് ഒരു ടീമിൽ ഒരുമിച്ച് റാക്കറ്റ് വീശാൻ ഇറങ്ങുന്നു. റോജർ ഫെഡററും റാഫേൽ നദാലും നൊവാക് ജോകോവിച്ചും ആൻഡി മറേയും ആദ്യമായി ഒരുടീമിൽ കളിക്കാൻ ഒരുങ്ങുകയാണ്. സെപ്റ്റംബർ 23 മുതൽ 25 വരെ നടക്കുന്ന ലേവർ കപ്പിലാണ് ബിഗ് ഫോർ ഒരുമിച്ച് റാക്കറ്റേന്തുക.
ടെന്നിസ് കോർട്ടിൽ നദാലും ഫെഡററും ജോകോവിച്ചും മറേയുമെല്ലാം നേർക്കുനേർ പോരിനിറങ്ങിയപ്പോഴെല്ലാം ആരാധകർ കണ്ടത് ത്രസിപ്പിക്കുന്ന പോരാട്ടങ്ങളായിരുന്നു. എന്നാൽ ബിഗ്ഫോറിലെ നാല് താരങ്ങൾ ആദ്യമായി ഒരുമിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.
ഓസ്ട്രേലിയൻ ടെന്നിസ് ഇതിഹാസം റോഡ് ലേവറിന്റെ പേരിലുള്ള ത്രിദിന ടൂർണമെന്റിൽ യൂറോപ്പിലെ ഏറ്റവും മികച്ച ആറ് താരങ്ങളും യൂറോപ്പിന് പുറത്തുള്ള ആറ് താരങ്ങളുമാണ് ഏറ്റുമുട്ടുക. യൂറോപ്യൻ ടീമിലേക്ക് ജോകോവിച്ചിനെക്കൂടി ഉൾപ്പെടുത്തിയതോടെയാണ് കരിയറിൽ ആദ്യമായി ബിഗ്ഫോറിന് ഒരുമിക്കാനുള്ള അവസരം ഒരുങ്ങിയത്.
നദാലും ഫെഡററും മുൻപും ഒരുമിച്ച് കളിച്ചിട്ടുണ്ട്. നദാലും ജോകോവിച്ചും ഫെഡററും മറേയും ചേർന്ന് 66 ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്. ലോക ഇലവനിൽ ഫെലിക്സ് ഓഗർ അലിയാസിമെ, ടൈലർ ഫ്രിറ്റ്സ്, ഡീഗോ ഷ്വാർസ്മാൻ എന്നിവരുണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതിഹാസ താരങ്ങളായ ജോൺ മക്കെന്റോ ലോക ഇലവനേയും ബ്യോൺബോർഗ് യൂറോപ്യൻ ടീമിനെയും നയിക്കും.
ടെന്നിസ് കോർട്ടിലേക്ക് ഫെഡററുടെ തിരിച്ചുവരവ് കൂടിയായിരിക്കുമിത്. പരിക്കിനെ തുടർന്ന് ദീർഘകാലം കോർട്ടിൽ നിന്ന് പുറത്താണ് അദ്ദേഹം. അടുത്തിടെ റാങ്കിംഗിൽ നിന്നും ഫെഡറർ പുറത്തായിരുന്നു.
വിംബിൾഡൺ റാങ്കിങ് പോയിന്റ് പരിഗണിക്കേണ്ടെന്ന എടിപി തീരുമാനമാണ് താരങ്ങൾക്ക് തിരിച്ചടിയായത്. ഇത്തവണ ഒരു ഗ്രാൻസ്ലാം ടൂർണമെന്റിൽ പോലും ഫെഡറർ കളിച്ചിട്ടില്ല. 2021 വിംബിൾഡൺ ടൂർണമെന്റിലാണ് അവസാനമായി കളിച്ചത്.
സ്പോർട്സ് ഡെസ്ക്