- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീംകോടതിയിൽ ലാവലിൻ കേസ് പരിഗണിക്കുമ്പോൾ ഇങ്ങ് കേരളത്തിൽ ജനങ്ങൾ വിധിയെഴുതും! ഏപ്രിൽ ആറിന് ചാനലുകൾക്ക് രണ്ടും മാറി മാറി കാണിക്കേണ്ടി വരുമോ? കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ സുപ്രീംകോടതിയിൽ കേസ്; തെരഞ്ഞെടുപ്പു തീയ്യതി പ്രഖ്യാപനത്തിൽ രാഷ്ട്രീയമുണ്ടോ എന്ന് സൈബറിടത്തിൽ ചർച്ച
ന്യൂഡൽഹി: കേരളത്തിൽ വോട്ടെടുപ്പു നടക്കുന്നത് ഏപ്രിൽ ആറിനാണ്. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ തെരഞ്ഞെടുപ്പു തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ സൈബർ ഇടങ്ങൾ ആദ്യം ഉയർന്നത് അപ്രതീക്ഷിതമായി രണ്ട് കാര്യങ്ങളിലെ തീയ്യതികളിൽ ഉണ്ടായ സാമ്യങ്ങളാണ്. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന തെരഞ്ഞെടുപ്പിൽ ജനത വിധിയെഴുതുമ്പോൾ സുപ്രീംകോടതിയിൽ പരിഗണിക്കുക അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും അധികം പിന്തുടർന്ന ലാവലിൻ കേസ് സുപ്രിംകോടതി പരിഗണിക്കുന്നു എന്നത് തന്നെയാകും.
പിണറായി ഇടതു മുന്നണിയുടെ ക്യാപ്ടനാകുമ്പോൾ തന്നെ ലാവലിൻ കേസ് ഇതോടെ വീണ്ടും സജീവ ചർച്ചാവിഷയം ആകുകയും ചെയ്യും. കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്ന ദിവസം ലാവ്ലിൻ കേസ് സുപ്രീംകോടതി പരിഗണിക്കും. സിബിഐയുടെ വാദം പരിഗണിച്ച് ഏപ്രിൽ ആറിലേക്കാണ് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി നീട്ടി വെച്ചിരിക്കുന്നത്. ഇത് 26-ാം തവണയാണ് സുപ്രീംകോടതി കേസ് നീട്ടി വയ്ക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ മുൻ ഊർജ്ജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ വെറുതെവിട്ട ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സിബിഐ സമർപ്പിച്ച ഹർജിയിലാണ് ഏപ്രിൽ ആറിന് സുപ്രീം കോടതി വാദം കേൾക്കുന്നത്. അടിയന്തിര പ്രധാന്യമുള്ള കേസാണെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
അതേസമയം തെരഞ്ഞെടുപ്പു തീയ്യതിയും ലാവലിൻ കേസിലെ പരിഗണിക്കുന്നതും ഒരുപോലെ വന്ന ഘട്ടത്തിൽ സോഷ്യൽ മീഡിയയിലും ഇത് ഏറെ ചർച്ചയായിട്ടുണ്ട്. മലയാളം ചാനലുകൾ കോടതിയിലെ കേസും കേരളത്തിലെ തിരഞ്ഞെടുപ്പും മാറി മാറി കാണിക്കുമോ എന്നതാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യം. കേന്ദ്രം തെരഞ്ഞെടുപ്പു അജണ്ട സൃഷ്ടിക്കുമ്പോൾ അങ്ങനെ സംഭവിച്ചാൽ അത്ഭുതപ്പെടാനില്ലെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ബിഹാർ തെരഞ്ഞെടുപ്പിൽ സുശാന്ത് സിങ് രജ്പുത്തിന്റെ കേസാണ് ഗോഡി മീഡിയ ചർച്ച ചെയ്തത്. ഇക്കാര്യം ഓർമ്മിപ്പിച്ചു കൊണ്ടാണ് സൈബർ ഇടങ്ങളിലെ അഭിപ്രായങ്ങൾ വരുന്നത്.
അതേസമയം സ്വഭാവികമായും തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചേക്കാവുന്ന കേസ് ആയതിനാൽ സുപ്രീംകോടതി കേസ് വീണ്ടും നീട്ടാനാണ് സാധ്യത എന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. അതേസമയം രണ്ട് കോടതികൾ വിധിപറഞ്ഞ കേസിൽ വീണ്ടു പുനപ്പരിശോധിക്കണമെങ്കിൽ ശക്തമായ തെളിവുകൾ വേണമെന്നാണ് കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. ഇത് പ്രകാരം വിവരങ്ങൾ എഴുതി നൽകാമെന്ന് സിബിഐ അറിയിക്കുകയുണ്ടായി. ഇക്കാര്യം കോടതിയിൽ ഇനിയും എഴുതി നൽകിയിട്ടില്ല. ഈ രേഖ ഏപ്രിൽ ആറിന് സിബിഐ നൽകുമോ എന്നാണ് അറിയേണ്ടത്.
കഴിഞ്ഞ ചൊവ്വാഴ്ച വാദം തുടങ്ങാൻ തയാറാണെന്ന് കോടതിയെ അറിയിച്ചിരുന്നെങ്കിലും വീണ്ടും നീട്ടാൻ ആവശ്യപ്പെടുകയായിരുന്നു. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസ് കെ.എം. ജോസഫും ജസ്റ്റിസ് ഇന്ദിര ബാനർജിയുമാണുള്ളത്. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകൾ ശേഖരിച്ച് കൊണ്ടിരിക്കുകയാണെന്നും കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നുമായിരുന്നു സിബിഐയുടെ ആവശ്യം.
ഇടുക്കി ജില്ലയിലെ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിന് ആധാരം. ലാവലിൻ കമ്പനിക്ക് കരാർ നൽകാൻ പ്രത്യേക താൽപ്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം.
മറുനാടന് മലയാളി ബ്യൂറോ