തിരുവനന്തപുരം: ലോ അക്കാദമിയിൽ തിങ്കളാഴ്ച ക്ലാസ് തുടങ്ങിയാൽ നേരിടുമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ലോ കോളജ് സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് മുരളീധരൻ നടത്തുന്ന നിരാഹാരസമരം നാലാം ദിവസത്തിലേക്ക് കടന്നു. കോളജ് തുറക്കാൻ ശ്രമിച്ചാൽ നേരിടും. ലോ അക്കാദമി വിഷയത്തിൽ മുരളീധരനും ബിജെപി സംസ്ഥാന സെക്രട്ടറി വിവി രാജേഷും നടത്തുന്ന നിരാഹാരം തുടരുകയാണ്. ബിജെപിയും സമരം കടുപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്

സമരഭൂമിയെ കലാപഭൂമിയാക്കിയാൽ അതിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി. സമരങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമാണ് എന്നും എസ്.എഫ്.ഐക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ലോ അക്കാദമിക്ക് ഭൂമി വിട്ടുനൽകിയ പി.എസ് നടരാജപിള്ളയെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ദൗർഭാഗ്യകരമായിപ്പോയെന്നും മുരളീധരൻ പറഞ്ഞു ഇതോടെ സമരം കൂടുതൽ ശക്തമാവുകയാണ്.

അതിനിടെ വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥിനെ വിമർശിച്ച് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ രംഗത്ത് എത്തി. ലോ അക്കാഡമി സമരവുമായി ബന്ധപ്പെട്ട് ശനിയാഴ്ച നടന്ന ചർച്ചയിൽ വിദ്യാഭ്യാസമന്ത്രി സഹനശക്തി കാട്ടിയിരുന്നെങ്കിൽ സമരം അവസാനിപ്പിക്കാൻ കഴിയുമായിരുന്നുവെന്ന് പന്ന്യൻ പറഞ്ഞു. വിഷയത്തിൽ സർക്കാർ ഇടപെടൽ ഫലപ്രദമല്ല. വിദ്യാഭ്യാസമന്ത്രി തന്നെ ഇടപെട്ട് സമരം അവസാനിപ്പിക്കണമെന്നും പന്ന്യൻ രവീന്ദ്രൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ അനാവശ്യ പരാമർശത്തിൽ വേദനിക്കുന്ന മുൻ എംപി നടരാജപിള്ളയുടെ കുടുംബത്തോടും സമൂഹത്തോടും പിണറായി വിജയൻ മാപ്പു പറയണമെന്ന് കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ ആവശ്യപ്പെട്ടു. രാജ്യസ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗം സഹിച്ചയാളാണ് നടരാജപിള്ള. ദിവാൻ ഭരണത്തിനെതിരെ അദ്ദേഹം ശക്തമായ നിലപാടെടുത്തു. മുഖ്യമന്ത്രി നടത്തിയ പരാമർശം ലോ അക്കാദമി മാനേജ്‌മെന്റിനെ ന്യായീകരിക്കാനുള്ള വ്യഗ്രതയിൽ ഉണ്ടായതാണെന്നും സുധീരൻ ആരോപിച്ചു.

സർ സി.പി നടരാജപിള്ളയിൽ നിന്ന് കണ്ടുകെട്ടിയ ഭൂമിയിലാണ് ഇപ്പോൾ ലോ അക്കാദമി നിലനിൽക്കുന്നത്. ഒരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ ക്രമക്കേടുകൾ നടത്തുന്ന ഈ സ്ഥാപനം എന്തിനാണെന്നും സുധീരൻ ചോദിച്ചു. നടരാജപിള്ളയുടെ മകൻ വെങ്കിടേശിന്റെ വീട് സന്ദർശിക്കുന്നതിനിടെ സംസാരിക്കുകയായിരുന്നു സുധീരൻ.

'മനോമണിയം സുന്ദരനാർ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രശസ്ത തമിഴ് പണ്ഡിതനും അദ്ധ്യാപകനുമായിരുന്ന പ്രഫ. പി. സുന്ദരംപിള്ളയുടെ ഏക മകനും കോൺഗ്രസ് നേതാവുമായ പി.എസ് നടരാജപിള്ളയുടെ മകനാണ് വെങ്കിടേശൻ. ഒരു കാലത്ത് സുന്ദരംപിള്ളയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 11 ഏക്കർ 41 സെന്റ് ഭൂമിയാണ് 1968ൽ ലോ അക്കാദമിക്ക് മൂന്ന് വർഷത്തേക്ക് പാട്ടത്തിനു സംസ്ഥാന സർക്കാർ നൽകിയത്.-സൂധീരൻ പറഞ്ഞു.

സ്വത്വന്ത്ര്യം കിട്ടിയ ശേഷം പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള തിരു-കൊച്ചി മന്ത്രിസഭയിൽ 1954--55 കാലത്തു ധനകാര്യ മന്ത്രിയായിരുന്നു നടരാജ പിള്ള. 1962ൽ തിരുവനന്തപുരത്ത് നിന്നും പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നടരാജപിള്ള എംപിയായിരിക്കുമ്പോൾ 1966ലാണ് മരണമടഞ്ഞത്. രാജാവിനെതിരെയും ബ്രിട്ടീഷ് ഭരണത്തിനെതിരെയും സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പിതാവ് സുന്ദരംപിള്ളയിൽ നിന്ന് നടരാജപിള്ളക്ക് ലഭിച്ച ഭൂമി സർക്കാർ കണ്ടുക്കെട്ടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പിണറായിയുടെ കളിയാക്കൽ വിവാദത്തിലാകുന്നത്.