കൊച്ചി: ലോ അക്കാദമി വിഷയത്തിൽ സമരത്തിനോടുള്ള നിലപാട് കുടുപ്പിക്കുമെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സൂചനയാണ് മുഖ്യമന്ത്രി നൽകുന്നത്. വിഷയത്തിൽ ഭൂമി പ്രശ്‌നം കൊണ്ടു വരുന്നതിനേയും അംഗീകരിച്ചു കൊടുക്കില്ല. സിപിഐയേയും വി എസ് അച്യുതാനന്ദനേയും ലക്ഷ്യമിട്ടാണ് പിണറായി കാര്യങ്ങൾ വിശദീകരിക്കുന്നത്. എന്നാൽ ഇതിന് കുറ്റപ്പെടുത്തിയത് കെ മുരളീധരനേയും. ഒരു കാരണവശാലും ലോ അക്കാദമി ഭൂമി ഏറ്റെടുക്കില്ലെന്ന് പിണറായി വ്യക്തമാക്കി.

മുന്മന്ത്രി പി.എസ്. നടരാജൻ പിള്ളയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പിണറായി പറഞ്ഞു. അദ്ദേഹത്തോട് ബഹുമാനം മാത്രമേയുള്ളൂ. നടരാജപിള്ളയുടെ പിതാവിനോടും വിരോധമില്ല. പേര് ഓർമയിൽ വരാത്തതുകൊണ്ടാണ് ഏതോ ഒരു പിള്ള എന്ന് പറഞ്ഞത്. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും പിണറായി വിശദീകരിച്ചു. രാജഭരണകാലത്താണ് നടരാജപിള്ളയുടെ ഭൂമി കണ്ടുകെട്ടിയത്. ഈ ഭൂമി തിരിച്ചെടുത്ത് നടരാജൻ പിള്ളയുടെ കുടുംബത്തെ ഏൽപ്പിക്കുക സാധ്യമല്ല. ഇക്കാര്യമാണ് താൻ വിശദീകരിച്ചത്. വിരട്ടലൊന്നും വേണ്ടെ, ജനങ്ങളാണ് സർക്കാരിന്റെ ശക്തി. സർക്കാർ ജനങ്ങൾക്കൊപ്പമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ലോ അക്കാദമിക്ക് അന്നത്തെ മാർക്കറ്റ് വില ഈടാക്കി ഭൂമി പതിച്ചുനൽകിയതെന്നും ആ ഭൂമി തിരിച്ചുപിടിക്കാനാണ് ഇപ്പോൾ മകൻ ഗേറ്റിൽ കിടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഡിവൈഎഫ്ഐ. അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അച്ഛനെതിരെ പലതും പറഞ്ഞിട്ടുള്ള മകനാണ് ഇതെന്ന് എല്ലാവർക്കുമറിയാം. ആത്മാവിൽ വിശ്വാസമുള്ളവരാണല്ലോ അവരെല്ലാം. അച്ഛന്റെ ആത്മാവ് ഇപ്പോൾ മുകളിലിരുന്ന് നോക്കി, ഈ മകൻ മുകളിൽ ചെന്നിട്ടും തന്നെ വിടുന്നില്ലല്ലോയെന്ന് ഓർക്കുന്നുണ്ടാവുമെന്നും പിണറായി കളിയാക്കി. ബിജെപി. കളിക്കുന്ന കളിയുടെ കൂടെ ചേർന്ന് സർക്കാരിനെ വിഷമിപ്പിക്കാമെന്ന് ആരും കരുതേണ്ട. 1959 ഒന്നുമല്ല ഇതെന്ന് ഓർത്താൽ നല്ലത്.

അതൊന്നും ഇനി പ്രായോഗികമല്ലെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ട് ആ വിരട്ടൽ വേണ്ട. ഞങ്ങൾ ഈ നാട്ടിലെ ജനങ്ങളുടെ കൂടെയാണ് ഉള്ളത്. അവരാണ് ഞങ്ങളുടെ ശക്തി. അവർക്ക് വേണ്ടതേ ഞങ്ങൾ ചെയ്യുകയുള്ളു. മറിച്ചുള്ള പ്രചാരണമെല്ലാം അവർ മനസ്സിലാക്കിക്കൊള്ളും. മറ്റ് പലതും പറയണമെന്നുണ്ട്, താൻ ഒരു സ്ഥാനത്തിരിക്കുന്നതു കൊണ്ട് അതിലേക്കൊന്നും പോകുന്നില്ല-പിണറായി പറഞ്ഞു. ലോ അക്കാദമിക്ക് കൊടുത്ത ഭൂമി തിരിച്ചുപിടിച്ച് നടരാജ പിള്ളയുടെ കുടുംബത്തിന് നൽകാൻ ഈ സർക്കാരിന് സാധിക്കില്ലെന്ന് പിണറായി ആവർത്തിച്ചു.

പിന്നീട് പല സർക്കാരുകൾ വന്നു. കേരള രൂപവത്കരണത്തിനു മുമ്പ് പട്ടം താണുപിള്ളയുടെ സർക്കാരുണ്ടായി. ആ മന്ത്രിസഭയിൽ നടരാജ പിള്ള ഉണ്ടായെങ്കിലും ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായില്ല. പിന്നീട് കേരള രൂപവത്കരണത്തിനു ശേഷം ഈ ഭൂമി ലോ അക്കാദമിക്ക് പാട്ടത്തിന് നൽകുകയായിരുന്നു. കൃഷിഭൂമി ആയതിനാൽ അന്നത്തെ കൃഷിമന്ത്രിയായിരുന്ന എം.എൻ. ഗോവിന്ദൻ നായരാണ് അക്കാദമിക്ക് ഭൂമി നൽകിയത്. എതിർപ്പുണ്ടായിരുന്നെങ്കിൽ അന്നേ അത് രേഖപ്പെടുത്തണമായിരുന്നു.

1984-ൽ കെ. കരുണാകരൻ വന്നപ്പോൾ ഈ സ്ഥലം മാർക്കറ്റ് വില വാങ്ങിയാണ് പതിച്ചുനൽകിയത്. അതും പരസ്യമായാണ് നടന്നത്. അതിനെതിരേ ഒരു ശബ്ദവും ഉയർന്നില്ല. അതിനുശേഷം നിരവധി സർക്കാരുകൾ വന്നു. അത്തരത്തിലുള്ളൊരു സ്ഥലം ഇപ്പോൾ സർക്കാരിന് ഏറ്റെടുത്ത് നടരാജൻ പിള്ളയുടെ കുടുംബത്തിന് കൊടുക്കാൻ സാധിക്കില്ലെന്നാണ് താൻ പറഞ്ഞത്-പിണറായി വിശദീകരിച്ചു.