തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി മൈതാനത്ത് അദ്ധ്യാപകൻ സ്വയം തീകൊളുത്തി ജീവനൊടുക്കി. ലോ അക്കാദമി അദ്ധ്യാപകൻ സുനിൽകുമാറാണ് ജീവനൊടുക്കിയത്. ഗുരുതരമായി പൊള്ളലേറ്റ സുനിൽകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൈതാനത്ത് ചെന്ന് തലയിൽ കൂടി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. രണ്ട് മൂന്നുദിവസമായി അസ്വസ്ഥനായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു.

പൊള്ളലേറ്റ നിലയിൽ ഗ്രൗണ്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. രാവിലെ കോളേജിൽ ഓണാഘോഷ പരിപാടികൾ ഉണ്ടായിരുന്നു. പരിപാടിയിൽ സുനിൽ കുമാർ പങ്കെടുത്തിരുന്നു.അദ്ധ്യാപകൻ ഗ്രൗണ്ടിലിരിക്കുന്നത് വിദ്യാർത്ഥികൾ കണ്ടിരുന്നു.അദ്ധ്യാപകന്റെ ബാഗിൽ നിന്നും പെട്രോൾ വാങ്ങിയ കുപ്പി കണ്ടെത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

ക്ലാസിലൂണ്ടായിരുന്ന വിദ്യാർത്ഥികളുമായി സംസാരിച്ച ശേഷമാണ് സുനിൽകുമാർ മൈതാനത്തേക്ക് പോയത്. മരണത്തെക്കുറിച്ചായിരുന്നു സുനിൽ കുമാറിന്റെ ഇൻസ്റ്റഗ്രാമിലെ അവസാന പോസ്റ്റ്. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയുമെല്ലാം മൊഴി രേഖപ്പെടുത്തും.

വൈകുന്നേരം ഓണാഘോഷ പരിപാടിയിൽ സജീവമായിരുന്നു. പരിപാടിയുടെ കൺവീനർ കൂടിയായിരുന്നു സുനിൽ കുമാർ. നന്ദി പ്രസംഗവും സുനിലിന്റെ വകയായിരുന്നു. പതിവിലും സുദീർഘമായിരുന്നു നന്ദി പ്രസംഗമെന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും പറയുന്നു.

ലോ അക്കാദമിയിലെ മികച്ച അദ്ധ്യാപകനായി പേരെടുത്ത ആളാണ് സുനിൽ കുമാർ. കുടുംബപ്രശ്‌നങ്ങൾ ഉള്ളതായി അറിവില്ല. ഏതാനും ആഴ്ചകളായി സോഷ്യൽ മീഡിയയിൽ മരണത്തെ കുറിച്ചുള്ള പോസ്റ്റുകൾ ഇട്ടിരുന്നു. എന്നാൽ, അക്കാദമിയിലെ പരിപാടികളിൽ എല്ലാം സജീവമായിരുന്നു താനും.