ന്യൂഡൽഹി: ദേശീയതലത്തൽ ഒറ്റതിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്രസർക്കാരിന്റെ ആഗ്രഹത്തിന് അനുസരിച്ച് കരട് നിർദ്ദേശം രൂപീകരിച്ച് ലോ കമ്മിഷൻ. ഇതോടെ അടുത്തവർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒപ്പം നിരവധി സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

കേരളത്തിലുൾപ്പെടെ 19 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താൻ ശുപാർശ. നിയമ കമ്മിഷൻ നൽകിയ കരട് നിർദ്ദേശം പരിഗണിച്ച് കേന്ദ്രസർക്കാർ. ഇത് നടപ്പായാൽ കേരളത്തിലുൾപ്പെടെയുള്ള നിരവധി സർക്കാരുകൾ കാലാവധി പൂർത്തിയാകുന്നതിന് മുമ്പുതന്നെ ഇല്ലാതാവുകയും രാജ്യം ഒറ്റതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യും. ഇതിന്റെ ചർച്ച തുടങ്ങിയപ്പോൾ തന്നെ ഇത്തരത്തിൽ ആക്ഷേപം ഉയർന്നിരുന്നു. കേരളം, ബംഗാൾ, തമിഴ്‌നാട്, അസം, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിൽ രണ്ടുവർഷം നേരത്തേ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തിയാൽ സാമ്പത്തികമായി അത് വൻ ലാഭമാണെന്ന വിലയിരുത്തൽ കൂടി മുന്നിൽ വച്ചാണ് ഇത്തരമൊരു നിർദ്ദേശം കേന്ദ്രം കൊണ്ടുവരുന്നത്.

ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇത്തരമൊരു നിയമനിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്നു എന്ന വ്യക്തമായ സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. വരുന്ന 17ന് ലോ കമ്മിഷൻ വിശദ യോഗം ചേരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ നിർദ്ദേശം കേന്ദ്രസർക്കാരിന് മുന്നിലെത്തും. ഇത് പിന്നീട് ഭരണഘടനാ ഭേദഗതിയായി പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കേണ്ടതുണ്ട്. ഇതിന് മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണയും ഉണ്ടാവേണ്ടതുണ്ട്. ഇത്തരമൊരു നീക്കം ഫെഡറൽ സംവിധാനത്തിന്റെ ലംഘനമാണെന്നും സംസ്ഥാനങ്ങളുടെ അധികാരങ്ങളിലും ജനഹിതത്തിലും ഉള്ള കടന്നുകയറ്റമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഏതായാലും ഇത്തരമൊരു വിവരം പുറത്തുവന്നതോടെ വിഷയം വലിയ ചർച്ചയായിരിക്കുകയാണ്.