ഡാളസ് : ഡാളസിൽ സ്വന്തം ആവശ്യത്തിനു രണ്ട് ഔൺസിൽ താഴെ കഞ്ചാവ് കൈവശം വയ്ക്കുന്നവരെ അറസ്റ്റ് ചെയ്യില്ലെന്നു ഡാലസ് പൊലീസ് ചീഫ് എഡ്ഡി ഗാർസിയ അറിയിച്ചു.

ഏപ്രിൽ 20 മുതലാണ് ഈ നിയമം നിലവിൽ വരികയെന്നും അദ്ദേഹം പറഞ്ഞു. രണ്ടൗൺസിൽ കൂടുതൽ പിടിച്ചെടുക്കുകയോ, ഫയർ ആം കൈവശം ഉണ്ടായിരിക്കുകയോ ചെയ്താൽ പൊലീസ് ടിക്കറ്റ് നൽകും.അതോടൊപ്പം രണ്ട് ഔൺസുള്ള കൂടുതൽ ബാഗുകൾ കൈവശം വച്ചു വാഹനം ഓടിക്കുകയാണെങ്കിൽ നടപടി സ്വീകരിക്കുമെന്നും ചീഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

2019 ൽ ഡാലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ജോൺ, ചെറിയ തോതിൽ കഞ്ചാവ് കൈവശം വയ്ക്കുന്നതിന്റെ പേരിൽ പ്രോസിക്യൂട്ട് ചെയ്യുകയില്ലെന്നു വ്യക്തമാക്കിയിട്ടും ഡാലസ് പൊലീസ് അറസ്റ്റ് തുടർന്നിരുന്നു.

കഴിഞ്ഞ കാലങ്ങളിൽ കഞ്ചാവ് കൈവശം വെച്ചു അറസ്റ്റ് രേഖപ്പെടുത്തിയവരുടെ എണ്ണത്തിൽ 85% ശതമാനവും ചെറിയതോതിൽ കൈവശം വച്ചവരായിരുന്നുവെന്ന് കമ്മ്യൂണിറ്റി പൊലിസിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ഡാലസ് ഫോർട്ട്വർത്തിലെ പല സിറ്റികളിലും ഇതിനു സമാനമായി പൊലീസ് നയം രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഡാലസ് പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ പുതിയ തീരുമാനം മെമ്മൊ വഴി ഡാലസ് സിറ്റി കൗൺസിനെ അറിയിച്ചതായും പൊലീസ് ചീഫ് പറഞ്ഞു.