ലപ്പുറം കാക്കഞ്ചേരിയിലെ കിൻഫ്രയുടെ വ്യവസായ പാർക്കിൽ മലബാർ ഗോൾഡിനു സ്വർണ്ണനിർമ്മാണ യൂണിറ്റ് തുടങ്ങാൻ സ്ഥലം അനുവദിച്ചത് വലിയ വിവാദമായിരിക്കുകയാണ്. ഭക്ഷ്യ അനുബന്ധ വ്യവസായങ്ങൾക്കു വേണ്ടിയുള്ള കേരളത്തിലെ ആദ്യ പ്രത്യേക സാമ്പത്തിക മേഖല എന്ന നിലയിൽ പ്രവർത്തനം തുടങ്ങിയ കാക്കഞ്ചേരിയിലെ കിൻഫ്ര പാർക്കിന്റെ തുടക്കത്തിൽ ഹൈവേയോടു ചേർന്നുള്ള രണ്ടേക്കർ മിച്ചം വരുന്ന പ്ലോട്ടിൽ മാരക രാസപദാർത്ഥങ്ങൾ ഉപയോഗിക്കുന്ന സ്വർണ്ണാഭരണ നിർമ്മാണശാല വരുന്നതിനെ നാട്ടുകാരും പാർക്കിലെ ഭക്ഷ്യവ്യവസായികളുടെ അസോസിയേഷനും ഒരേപോലെ എതിർക്കുകയാണ്. സ്ഥാപനത്തിനാവട്ടെ, ഇതേവരെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പാരിസ്ഥിതികാനുമതി ലഭിച്ചിട്ടുമില്ല. എന്നിട്ടും ഇവിടെ തന്നെ യൂണിറ്റ് തുടങ്ങാൻ ഉദ്ദേശിച്ച് നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്, മലബാർ ഗോൾഡ്. ഇതിനെതിരെ പൗരസമിതിയെ പ്രതിനിധീകരിച്ച് ചെന്നൈയിലെ ഗ്രീൻ ട്രിബ്യൂണലിനെ സമീപിച്ച ഹർജിക്കാർക്ക് ലഭിച്ച അനുകൂല വിധി കോടതി തിരികെ വിളിപ്പിച്ചു തിരുത്തിവിട്ടത് വലിയ ചർച്ചയായിരിക്കുകയാണ്. ഹർജിക്കാരുടെ അഭിഭാഷകൻ ഹരീഷ് വാസുദേവൻ തന്നെയാണ് ഇതുസംബന്ധിച്ച വിവാദത്തിനു തിരികൊളുത്തിയത്. ഇതുസംബന്ധിച്ച വാർത്ത മറുനാടൻ മലയാളി ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഹരീഷ് വാസുദേവനുമായി മറുനാടൻ മലയാളി നടത്തിയ പ്രത്യേക അഭിമുഖമാണ് ഇതോടൊപ്പം.

  • കാക്കഞ്ചേരിയിലെ കിൻഫ്ര പാർക്കിലുള്ള മലബാർ ഗോൾഡിന്റെ നിർമ്മാണ പ്രവ‌ർത്തനങ്ങൾ വലിയ വിവാദമായിരിക്കുകയാണല്ലോ. എന്താണ് ഈ വിവാദത്തിന്റെ അടിസ്ഥാനം?

ഫുഡ് പ്രോസസിങ്ങിനുവേണ്ടി മാത്രം എന്ന ലക്ഷ്യത്തിൽ തുടങ്ങിയ ഒരു ഇൻഡുസ്ട്രി പാർക്കിൽ ഗ്രീൻ ക്യാറ്റഗറി ഇൻഡുസ്ട്രി മാത്രമേ അനുവദിക്കാവൂ എന്ന നിബന്ധനയിൽ നിന്നു വ്യതിചലിച്ച് റെഡ് ക്യാറ്റഗറി ഇൻഡുസ്ട്രി ആരംഭിക്കുന്നു എന്നതാണ് ഇവിടുത്തെ അടിസ്ഥാന പ്രശ്നം. കേരളത്തിലേതെന്നല്ല, ഇന്ത്യയിലെ തന്നെ ആദ്യ സമ്പൂർണ്ണ ഫുഡ് പ്രോസസിങ് വ്യവസായ പാർക്ക് എന്നൊക്കെയുള്ള അവകാശവാദത്തോടെയാണ്, നാഷണൽ ഹൈവേയോടു ചേർന്നുള്ള സ്ഥലം കിൻഫ്ര ലീസിനു നൽകിയിരുന്നത്. പാർക്കിൽ 15% ഐറ്റി മേഖലയ്ക്കും മാറ്റിവച്ചു. പാർക്കിൽ മറ്റാർക്കും അലോട്ട് ചെയ്യാതിരുന്ന, വാണിജ്യാവശ്യങ്ങൾക്കായി മാറ്റിവച്ചിരുന്ന 2 ഏക്കർ 25 സെന്റ് സ്ഥലം ഇപ്പോൾ മലബാർ ഗോൾഡിന്റെ സ്വർണ്ണാഭരണ നിർമ്മാണശാലയ്ക്കു വേണ്ടി വിട്ടുകൊടുത്തിരിക്കുകയാണ്. ഇവിടെ ഇപ്പോൾ തകൃതിയിൽ നിർമ്മാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. 2 ലക്ഷം ചതുരശ്ര അടി സ്ഥലത്താണ് 200 കോടി രൂപ മുതൽമുടക്കുള്ള ആഭരണനിർമ്മാണശാല പ്രവർത്തനമാരംഭിക്കാൻ പോകുന്നത്.

  • ഇൻഡുസ്ട്രിയിൽ പാർക്കിൽ വ്യവസായങ്ങൾ വരുന്നതിനെ തടയാനൊക്കുമോ? പാർക്കിൽ ഏതുതരം വ്യവസായങ്ങൾ ആരംഭിക്കണം എന്നു പാർക്ക് നടത്തുന്നവരല്ലേ തീരുമാനിക്കുക?

ഇവിടെ മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾ ഉണ്ടാവില്ലെന്നു പറഞ്ഞാണ് വിവിധ ഫുഡ് പ്രോസസിങ് വ്യവസായങ്ങളെ ഇവിടേക്കു ക്ഷണിച്ചത്. നിലവിൽ ഭക്ഷ്യസംസ്കരണ അനുബന്ധ മേഖലയിലുള്ള 30 സ്ഥാപനങ്ങളും 26 ഐറ്റി സ്ഥാപനങ്ങളും അടക്കം അറുപതോളം സ്ഥാപനങ്ങളും മൂവായിരത്തോളം തൊഴിലാളികളും ഉള്ള വലിയ വ്യവസായ പാർക്കായി ഇതു മാറിക്കഴിഞ്ഞിരിക്കുന്നു. ഈ ഭക്ഷ്യവ്യവസായ യൂണിറ്റുകളൊക്കെ തങ്ങളുടെ ഉത്പന്നങ്ങൾ ഏതാണ്ട് പരിപൂർണ്ണമായും വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നവയാണ്. അങ്ങനെ വിലയേറിയ വിദേശനാണ്യം നേടിത്തരുന്ന വ്യവസായങ്ങൾ കൂടിയാണിവ. ഐറ്റി സ്ഥാപനങ്ങളാവട്ടെ, ഈ ഫുഡ് പ്രോസസിങ് ഇൻഡുസ്ട്രിക്കു് ഹാനികരമായ യാതൊരു മാലിന്യങ്ങളും ഉത്പാദിപ്പിക്കുന്നുമില്ല. ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറിക്ക് തൊട്ടടുത്ത് അപകടകരമായ രാസമാലിന്യങ്ങൾ പുറന്തള്ളുന്ന റെഡ് ക്യാറ്റഗറിയിൽ പെട്ട ഒരു സ്ഥാപനം നിലവിൽ വരുന്നത് കിൻഫ്ര പാർക്കിൽ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മുപ്പതോളം ഭക്ഷ്യോൽപ്പന്ന/ഭക്ഷ്യസംസ്കരണ യൂണിറ്റുകളുടെ നിലനിൽപ്പ് ത്രിശങ്കുവിലാക്കുമെന്ന് മാത്രമല്ല, പരിസരവാസികളുടെ ജീവനും ആരോഗ്യത്തിനും ഗുരുതര ഭീഷണി ഉയർത്തുകയും ചെയ്യും. ഭക്ഷ്യോൽപ്പന്ന യൂണിറ്റുകൾക്ക് സമീപം രാസവ്യവസായങ്ങൾ അനുവദിക്കുന്നത് കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണ്. അത് അവിടെ നേരത്തെ പ്രവർത്തനം തുടങ്ങിയ ഭക്ഷ്യവ്യവസായങ്ങളുടെ ഉത്പന്നങ്ങളുടെ സ്വീകാര്യതയെ തന്നെ പ്രതികൂലമായി ബാധിക്കും. വിദേശ ഓർഡറുകൾ റദ്ദാവാനും കോടികൾ മുടക്കിത്തുടങ്ങിയ വ്യവസായങ്ങൾ തകരാനും അതിടയാക്കും.

വലിയ മുതലാളിമാർ വരുമ്പോൾ ചെറിയ മുതലാളിമാർ സഫർചെയ്യണം എന്നത് എന്തു ന്യായമാണ്? സ്വർണ്ണാഭരണനിർമ്മാണത്തിൽ സ്വർണ്ണത്തിന്റെ പ്രോസസിങ്ങിന് നിരവധി ഹസാർഡസ് കെമിക്കൽസ് ആവശ്യമുണ്ടു്. ഹൈഡ്രോ ക്ലോറിക് ആസിഡ്, നൈട്രിക് ആസിഡ്, സൾഫ്യൂരിക് ആസിഡ്, വിവിധ കോപ്പർ ഓക്സൈഡുകൾ, കാഡ്മിയം, സിങ്ക്, നിക്കൽ, റുഥീനിയം, സെലിനിയം, ടെലൂറിയം, ഈയം, പ്ലാറ്റിനം, പലേഡിയം, മെർക്കുറി, പൊട്ടാസ്യം സയനൈഡ് തുടങ്ങിയ മാരക രാസപദാർത്ഥങ്ങളാണ് ഇവിടെ ഉപയോഗിക്കുക. ഇതു ഹൈവേയോടു ചേർന്നു കിടക്കുന്ന സ്ഥലമാണു്. എന്തു പ്രശ്നമുണ്ടായാലും അതു നേരിട്ടു് ഹൈവേയിലൂടെ പോകുന്നയാളുകളെയും ബാധിക്കും. പ്രതിലക്ഷം മൂന്നുലക്ഷം ലിറ്റർ വെള്ളം ഇവിടെ ഉപയോഗിക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇത് സ്വാഭാവികമായും പ്രദേശത്തെ ജലസ്രോതസ്സുകളെ വിഷലിപ്തമാക്കും.

  • ഇത്രയും സ്ഥലം ഏറ്റെടുക്കാൻ വേറെയാരും തയ്യാറല്ലാത്തതിനാലാവുമല്ലോ, അത് ഒടുവിൽ മലബാർ ഗോൾഡിനു വിട്ടുകൊടുത്തത്...

അങ്ങനെയല്ല. മലബാർ ഗോൾഡിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയതുപോലത്തെ ടെൻഡർ പരസ്യമായിരുന്നു, ഈ പ്ലോട്ടിനുവേണ്ടി നടത്തിയത്. കൃത്യമായ പദ്ധതിയുടെ പുറത്തുതന്നെയായിരുന്നു ഇത്.

  • വ്യവസായ പാർക്കിൽ പോലും ഒരു വ്യവസായം തുടങ്ങാൻ അനുവദിക്കില്ല എന്നു പറയുന്നത് ശരിയാണോ? ഇങ്ങനെയായാൽ അവർക്ക് എവിടെയെങ്കിലും ഫാക്ടറി തുടങ്ങാൻ കഴിയുമോ?

ഒരിക്കലും അങ്ങനെ കാണാൻ പാടില്ല. ഇവിടെ ഗ്രീൻ ക്യാറ്റഗറി വ്യവസായങ്ങൾ ഇനിയും ആരംഭിക്കുന്നതിൽ ആർക്കും എതിർപ്പില്ല. ഹോസ്പിറ്റലുകൾക്കും ടെക്സ്റ്റൈൽ അപ്പാരൽ ഇൻഡുസ്ട്രിക്കും സ്വർണ്ണാഭരണശാലകൾക്കുമായി പാണക്കാട്ട് പുതിയ വ്യവസായ പാർക്ക് വരുന്നുണ്ടല്ലോ. ആയിരം ഏക്കർ സ്ഥലമാണ് അതിനായി ഏറ്റെടുത്തിരിക്കുന്നത്. എന്തുകൊണ്ട് ഈ ഫാക്ടറി അവിടെ സ്ഥാപിച്ചുകൂടാ? വ്യവസായമന്ത്രിയുടെ സ്വന്തം വീടിരിക്കുന്ന സ്ഥലമല്ലേ അത്? അപ്പോൾ ഒരാൾക്കും തങ്ങളുടെ വാസസ്ഥലത്തിനടുത്ത് റെഡ് ക്യാറ്റഗറി വ്യവസായങ്ങൾ വരുന്നത് ഇഷ്ടമല്ല. മലബാ‌ർ ഗോൾഡിന്റെ ഗോൾഡ് മാനുഫാക്ചറിങ് യൂണിറ്റ് നേരത്തെ കോഴിക്കോടു ജില്ലയി‍ൽ തിരുവണ്ണൂരി‍ൽ സിറ്റി പ്ലാസ എന്ന കെട്ടിടത്തിൽ വാടകയ്ക്കെടുത്ത സ്ഥലത്ത് പ്രവ‌ർത്തിച്ചിരുന്നതാണ്. അത് ഇത്രയും ലാർജ് സ്കെയിൽ ആയിരുന്നില്ല. ചെറിയ തോതി‍ൽ മാത്രമായിരുന്നു. അവിടെ നാട്ടുകാ‌ർ മലിനീകരണം കാരണം ഫാക്ടറി ആക്രമിച്ചു. അടച്ചുപൂട്ടി. അങ്ങനെ എതിർപ്പിനെ തുടർന്ന് ഒരിടത്തുനിന്ന് കുടിയിറക്കപ്പെട്ട സ്ഥാപനമാണ് ഇവിടെ വരുന്നത്. ഇവർക്ക് ഫാക്ടറി സ്ഥാപിക്കണമെങ്കിൽ കിൻഫ്രയുടെ തന്നെ മറ്റ് ധാരാളം വ്യവസായ പാർക്കുകളുണ്ടല്ലോ. അവയിൽ പലതും റെഡ് ക്യാറ്റഗറി വ്യവസായങ്ങൾക്കു വേണ്ടി ഉള്ളവയാണ്. അവിടങ്ങളിൽ ആരംഭിക്കാവുന്നതേയുള്ളൂ.

  • പാണക്കാട്ടെ പാർക്കിൽ ആശുപത്രികളുമുണ്ടെന്നല്ലേ പറഞ്ഞത്? അതും ഹസാർഡസ് തന്നെയല്ലേ?

ആശുപത്രിജന്യമായ മാലിന്യങ്ങൾ ട്രാൻസ്പോർട്ടിബിൾ ആണ്. അത് ഇവിടെനിന്ന് വേറൊരിടത്തേക്കു കൊണ്ടുപോയി സംസ്കരിക്കാനാവും. എന്നാൽ മലബാർ ഗോൾഡിന്റെ പദ്ധതി പ്രാവർത്തികമാവുകയാണെങ്കിൽ, അത് സൃഷ്ടിക്കുക ജലവായു മലിനീകരണമാണ്. അത് വേറൊരിടത്ത് എത്തിച്ച് സംസ്കരിക്കുക എന്നത് പ്രായോഗികമല്ല. കെമിക്കൽ ഹബ്ബുകളിൽ മാത്രമേ ഇത് സാധ്യമാകൂ.

  • ഇത് നിലവിലുള്ള വ്യവസായികളെ ബാധിക്കുന്ന പ്രശ്നമാണെന്നല്ലേ പറഞ്ഞത്? അതിൽ നാട്ടുകാരെന്തിനാണ് ഇടപെടുന്നത്?

നാട്ടുകാർക്കും ഇതേപോലെ പ്രശ്നങ്ങളുണ്ട്. റെഡ് ക്യാറ്റഗറി വ്യവസായങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ റെസിഡൻഷ്യൽ ഏരിയ പാടില്ലെന്നാണ് നിയമം. ഇവിടെയാവട്ടെ, ഈ പ്ലോട്ടിന്റെ 25 മീറ്റർ പരിധിയിൽ മാത്രം നാലുവീടുകളുണ്ട്. നൂറുമീറ്റർ പരിധിയിൽ അനേകം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ചില ഐറ്റി കമ്പനികളിലെ ജീവനക്കാരുടെ ക്വാർട്ടേഴ്സും ഇവിടുണ്ട്.

മലബാർ ഗോൾഡിന്റെ പരസ്യം തന്നെ ഇത് തങ്ങളുടെ ഏക നിർമ്മാണ യൂണിറ്റാണ് എന്നതാണ്. അതേ പരസ്യത്തിൽ തങ്ങൾക്ക് ലോകമെമ്പാടുമായി  120 ശാഖകളുള്ളതായും പറയുന്നു. ചുരുക്കത്തിൽ ഇത്രയും ജൂവലറികളിലേക്കുള്ള മുഴുവൻ സ്വർണ്ണാഭരണങ്ങളും ഇവിടെയാണ് നിർമ്മിക്കാൻ പോകുന്നത്. പ്രോസസിങ് സെന്റട്രലൈസ് ആകുന്തോറും ഡിസാസ്റ്റർ സാധ്യത കൂടും. മുൻപ് ഒരു സ്വർണ്ണപ്പണിക്കാരൻ വീട്ടിലിരുന്ന് സ്വർണ്ണപ്പണിയെടുക്കുമ്പോൾ ആവശ്യമായി വരുന്ന രാസപദാർത്ഥങ്ങളുടെ അളവ് തുലോം തുച്ഛമാണ്. അത്രയും ചെറിയ എമൗണ്ട് മാത്രം സൂക്ഷിക്കാനെ, അവർക്ക് അനുമതിയും ലഭിക്കുമായിരുന്നുള്ളൂ. എന്നാൽ ഇവിടെ അതല്ല സ്ഥിതി. കൂടാതെ ഇവരവകാശപ്പെടുന്നതുപോലെ മൂവായിരത്തോളം പേർക്ക് തൊഴിൽ ലഭിക്കും എന്നതൊക്കെ അതിവാദമാണ്. ഇതിനകത്തെല്ലാം മെക്കനൈസ്ഡ് സിസ്റ്റംസ് ആണ്. നിക്ഷേപം വലിയതാകാമെങ്കിലും തൊഴിൽപരമായി വലിയ വ്യവസായ സംരംഭമാകാൻ സാധ്യതയില്ല. നാട്ടുകാർ ഈ പ്രശ്നം ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, മന്ത്രി ആര്യാടൻ മുഹമ്മദ്, ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷൺ എന്നിവരെ കണ്ടു. ഇത്തരം സ്ഥാപനങ്ങൾ എവിടെങ്കിലും തുടങ്ങേണ്ടേ എന്നാണ് അവരുടെ നിലപാട്.

  • മലബാർ ഗോൾഡ് സ്ഥലം ലീസിനെടുത്തിട്ടു വെറുതെ അങ്ങ് കെട്ടിടം പണിയുകയായിരുന്നോ? വ്യവസായ പാർക്കാവുമ്പോൾ സ്ഥാപനത്തിന് ഏകജാലക സംവിധാനത്തിലൂടെ അനുമതി ലഭിക്കേണ്ടതല്ലേ?

ഭൂമി അവർക്ക് അലോട്ട് ചെയ്തു കിട്ടിയപ്പോൾ തന്നെ അവർ 15405.58 ചതുരശ്രമീറ്റർ വലിപ്പമുള്ള കെട്ടിടം പണിയാനുള്ള അനുമതി സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡിൽ നിന്നു വാങ്ങിയിരുന്നു. എന്നാൽ ബിൽഡിങ് പെർമിറ്റ് കൊടുത്ത ബോർഡ് ഇത് കണ്ടീഷണ‍ൽ പെർമിറ്റ് ആണെന്നും ഫയർ ആൻഡ് സേഫ്റ്റി, പൊല്യൂഷൻ കൺട്രോൾ ബോർഡ് തുടങ്ങിയ മറ്റു സ്ഥാപനങ്ങളുടെ അനുമതി കൂടി കിട്ടിയാൽ മാത്രമേ പെർമിറ്റ് സാധുവാകുകയുള്ളൂ എന്നും വ്യക്തമായി എഴുതിയിരുന്നു. അതിനു ശേഷം ഈ കെട്ടിടത്തിനായി മലിനീകരണ നിയന്ത്രണ ബോർഡിൽ സ്ഥാപനാനുമതി തേടി (consent to establish) അപേക്ഷ കൊടുത്തു. പിസിബി ഉദ്യോഗസ്ഥ‌ർ സ്ഥലം സന്ദർശിച്ചപ്പോൾ നാട്ടുകാർ പരാതിപ്പെട്ടു. പിസിബി ജില്ലാ ഓഫീസർ കൊടുത്ത റിപ്പോർട്ടിൽ 25 മീറ്ററിനകത്ത് നാലു വീടുകളുണ്ടെന്നും നൂറു മീറ്ററിനകത്ത് നിരവധി വീടുകളുണ്ടെന്നും ഇവരുടെ പുറത്തേക്കുള്ള എഫ്ലുവെന്റ് ട്രീറ്റ്മെന്റ് വോട്ടർ കൈകാര്യം ചെയ്യാൻ ഇവർക്ക് സൗകര്യമില്ലാത്തതുകൊണ്ട് അതു കിൻഫ്ര ഏറ്റെടുക്കുകയാണെങ്കിൽ മാത്രമേ അനുമതി നൽക്കാവൂ എന്നും പറഞ്ഞു. സയനൈഡ് ഉൾപ്പടെയുള്ള രാസപദാർത്ഥങ്ങൾ ഉപയോഗിച്ചാണ് പ്രോസസിങ് നടക്കുന്നത് എന്നതിനാൽ ഈ പ്രദേശം ഇത്തരം ഇൻഡുസ്ട്രിക്കു പറ്റിയതല്ലെന്നു നാട്ടുകാർ അഭിപ്രായപ്പെടുന്നുണ്ട് എന്നും അദ്ദേഹം ഫയലിൽ എഴുതി. ഈ ആശങ്കകളെല്ലാം പരിഹരിച്ചതിനു ശേഷം മാത്രമേ അനുമതി ന‍ൽക്കാവൂ എന്നായിരുന്നു റിപ്പോർട്ടിന്റെ കണ്ടെത്തൽ.

  • അതായത് ചട്ടപ്രകാരമുള്ള അനുമതിയില്ലാതെയാണ് കെട്ടിടം പണിതുടങ്ങിയത്, അല്ലേ?

അതെ. മലബാ‌ർ ഗോൾഡ് ഇതു കണക്കിലെടുക്കാതെ കെട്ടിടം പണി തുടങ്ങി. നാട്ടുകാർ സമരം ചെയ്തു. വണ്ടി തടഞ്ഞു. പണി ഏതാണ്ട് പകുതിയായപ്പോഴാണ് നാട്ടുകാർ സമരം തുടങ്ങുന്നതു്. പണി തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ നാട്ടുകാർ വണ്ടി തടഞ്ഞു. ഫുഡ് പാർക്കിലെ ഇതര യൂണിറ്റുകൾ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. കിൻഫ്രയുടെ കോമൺ എഫ്ലുവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് ഇവരുടെ വേസ്റ്റ് എടുക്കില്ല എന്നു കിൻഫ്ര ഇവർക്ക് നോട്ടീസ് നൽകി. മലബാർ ഗോൾഡ് സ്വന്തം രീതിയിൽ വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റിനും മാലിന്യസംസ്കരണത്തിനും ആവശ്യമായ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നു സാരം. എന്നാൽ ഇവിടെ നിന്നുള്ള ജലം സമീപത്തെ ജലസ്രോതസ്സുകളെ തന്നെ വിഷലിപ്തമാക്കുമെന്ന ആശങ്ക പ്രദേശത്തെ ജനങ്ങൾക്കുണ്ട്. അത്രയും മാരകമായ വിഷപദാർത്ഥങ്ങളാണ് ഇവിടെ നിന്നു പുറന്തള്ളുക. തുടർന്ന് ക്രമസമാധാന പ്രശ്നം ഉണ്ടാകുന്നതുകൊണ്ട് പൊലീസ് സമരക്കാർക്കെതിരെ കേസ് എടുത്തു് നിർമ്മാണം തടയുന്ന സമരമാർഗ്ഗം അവസാനിപ്പിച്ചു. നാട്ടുകാരുടെ സമരവും അകത്തുള്ള ഇൻഡുസ്ട്രികൾ പൂട്ടിയിട്ടുള്ള സമരവും കാരണം കാക്കഞ്ചേരിയിൽ ഒരു ദിവസം ഹർത്താൽ ആചരിച്ചു. പാർക്കിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു, മുതലാളിമാർ സമരം ചെയ്യുന്നത്. ഡെക്കാൻ ക്രോണിക്കിൾ, ദി ഹിന്ദു, ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ പത്രങ്ങൾ ഈ വാർത്ത വലിയ പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിച്ചു.

  • മറ്റു സമരമാർഗ്ഗങ്ങളൊന്നും സ്വീകരിക്കപ്പെട്ടില്ലേ?

ഉവ്വ്. കാക്കഞ്ചേരിയിലെ സ്കൂൾ കുട്ടികൾ നടൻ മോഹൻലാലിന് കത്തയച്ചു. മലബാർ ഗോൾഡിന്റെ ബ്രാൻഡ് അംബാസിഡർ ആണല്ലോ അദ്ദേഹം. അദ്ദേഹം ഇടപെട്ടാൽ ഈ സ്ഥാപനം ഇവിടെനിന്നു മാറ്റാൻ കഴിയുമെന്നാണ് കുട്ടികൾ കരുതുന്നത്. അവരുടെ കത്തുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്.

  • ഈ തർക്കം എങ്ങനെയാണ് ഗ്രീൻ ട്രിബ്യൂണലിൽ എത്തുന്നത്?

പ്രദേശത്തെ നാട്ടുകാരാണ് ഗ്രീൻ ട്രിബ്യൂണലിനെ സമീപിച്ചത്. എ ബാലകൃഷ്ണനും ടി വി ശ്രീധരനുമാണ് ഹർജിക്കാർ. ഞാനും (ഹരീഷ് വാസുദേവൻ) രാജൻ വിഷ്ണുരാജനുമാണ് അവർക്ക് വേണ്ടി ഹാജരായത്.

  • വ്യവസായികൾ കോടതിയിൽ പരാതിപ്പെട്ടില്ലേ?

കാക്കഞ്ചേരി കിൻഫ്ര പാർക്കിലെ ഫുഡ് പ്രോസസിങ് യൂണിറ്റുകളുടെ അസോസിയേഷൻ അഡ്വ. രാംകുമാർ മുഖാന്തിരം ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ അവർക്കു നൽകിയ വാക്കിന്റെ ലംഘനമാണെന്നും ഇങ്ങനെ ഒരു സ്ഥാപനം അവിടെ വന്നാൽ അവരുടെ പ്രോഡക്റ്റിന്റെ മാർക്കറ്റ് ഇടിയുമെന്നുമായിരുന്നു, അവരുടെ വാദം. ഇതേത്തുടർന്ന് സ്വർണ്ണാഭരണ നിർമ്മാണ ശാലയുടെ പ്രവർത്തനം തുടങ്ങുന്നതു് മൂന്നുമാസത്തേക്കു് ഹൈക്കോടതി സ്റ്റേ ചെയ്തു.

  • എന്നാണ് ഗ്രീൻ ട്രിബ്യൂണലിൽ കേസ് എത്തുന്നത്? എന്തായിരുന്നു ഫലം?

കഴി‍ഞ്ഞ ജൂൺ മാസത്തിലാണ് വിഷയം ഗ്രീൻ ട്രിബ്യൂണലിനു മുന്നിലെത്തുന്നത്. കോടതി അവധിയായതുകൊണ്ട് വെക്കേഷൻ കോടതിയിലാണ് കേസ് അഡ്‌മിറ്റ് ചെയ്തതും നോട്ടീസ് അയച്ചതും. മലബാർ ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ്, കിൻഫ്ര, പൊല്യൂഷൻ കൺട്രോൾ ബോർഡ് എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി ഫയൽ ചെയ്തത്. ഹർജിക്കു പിന്നിൽ നിക്ഷിപ്ത താത്പര്യക്കാരാണെന്നും തങ്ങളുടെ റിസ്കിൽ നിർമ്മാണപ്രവർത്തനം തുടരാൻ അനുവദിക്കണം എന്നുമായിരുന്നു, മലബാർ ഗോൾഡിന്റെ വാദം. അതേ തുടർന്ന് നിർമ്മാണപ്രവർത്തനം കേസിന്റെ വിധിക്കു ബാധകമായിരിക്കും എന്ന് ഇടക്കാല ഉത്തരവും കൊടുത്തു. കക്ഷിയുടെ അപേക്ഷപ്രകാരം അവർക്ക് അവരുടെ റിസ്കിൽ പണിയാമെന്നും കോടതി പറഞ്ഞു.

ഓഗസ്റ്റ് 12നു് ഗ്രീൻ ട്രിബ്യൂണൽ കേസ് രണ്ടാമതു പരിഗണിച്ചു. അന്ന് ടി സ്ഥാപനത്തിന് അനുമതി നൽകിയിട്ടില്ല എന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വാക്കാൽ കോടതിയെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ കെട്ടിട നിർമ്മാണം സ്റ്റേ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ തങ്ങൾക്ക് വളരെ അടുത്തുതന്നെ അനുമതി ലഭിക്കും എന്ന വാദമാണ് മലബാർ ഗോൾഡ് ഉന്നയിച്ചത്. കെട്ടിടനിർമ്മാണം കൊണ്ടുള്ള മലിനീകരണം എന്ന പ്രശ്നമല്ല, ഹർജിക്കാർ ഉയർത്തുന്നത് എന്നും തങ്ങൾ പിസിബിയുടെ അടക്കം കൺസെന്റ് കിട്ടാതെ ഫാക്ടറി തുടങ്ങില്ല എന്നും അവർ കോടതിക്കു് ഉറപ്പുകൊടുത്തു. അതിന്റെ അടിസ്ഥാനത്തിൽ കെട്ടിടം പണിയല്ലല്ലോ പ്രശ്നം, അടുത്ത സിറ്റിങ് വരെ റെഡ് കാറ്റഗറി ഇൻഡുസ്ട്രി അവിടെ തുടങ്ങില്ല എന്നും കോടതി അറിയിച്ചു. ആ ഉറപ്പിൻ പുറത്തു് കേസ് ഒക്ടോബർ ഒന്നിലേക്കു മാറ്റി. നിർമ്മാണ പ്രവർത്തനം നടത്തുന്നതിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽമാത്രമേ നിർമ്മാണം തടയാൻ കഴിയൂ എന്നും കോടതി നിരീക്ഷിച്ചു.

  • ഒക്ടോബർ 1ലെ ഗ്രീൻ ട്രിബ്യൂണൽ നടപടികളാണല്ലോ ഇപ്പോൾ വിവാദമായിരിക്കുന്നത്. അത് എങ്ങനെ സംഭവിച്ചു?

കാക്കഞ്ചേരിയിൽ മലബാർ ഗോൾഡ് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ അവശിഷ്ടം മുഴുവൻ ഡമ്പ് ചെയ്യുന്നതു് പരിസര പ്രദേശങ്ങളിലാണു്. ഇതുവച്ച് ഞങ്ങൾ അർജന്റ് ഹിയറിങ് പെറ്റീഷൻ ഇട്ടു, കൺസ്ട്രക്ഷൻ തന്നെ നിർത്തിവയ്ക്കണമെന്നു വാദിച്ചു. പിസിബി ഇതെല്ലാം കോടതിയിൽ സമ്മതിച്ചു. എന്നാൽ ഒക്ടോബർ ഒന്നിന് കേസ് പരിഗണിച്ചപ്പോൾ മലബാർ ഗോൾഡിന്റെ പ്രധാന അഭിഭാഷകൻ ഹാജരായിരുന്നില്ല. പകരം ഒരു ജൂണിയറിനെയാണ് അയച്ചത്. തുടർന്ന് മലബാർ ഗോൾഡിന്റെ സീനിയർ അഭിഭാഷകന്റെ അഭാവത്തിൽ കേസ് കേൾക്കുന്നതു ശരിയല്ലെന്നും പതിനഞ്ചാം തീയതിയിലേക്കു കേസ് മാറ്റിവയ്ക്കാമെന്നും കോടതി അറിയിച്ചു. എന്നാൽ ഇതവരുടെ അടവാണെന്നും കഴിഞ്ഞ തവണ കേസ് എടുത്തപ്പോൾ കേസ് കൊടുത്ത ആളുകൾക്കു നിക്ഷിപ്ത താത്പര്യം ഉണ്ടെന്നും അതു പുറത്തുകൊണ്ടുവരുമെന്നു പറഞ്ഞാണു് മലബാർ ഗോൾഡിന്റെ വക്കീൽ പോയതെന്നും അങ്ങനെ പറഞ്ഞയാൾ ഇത്തവണ ഹാജരാകാതെയിരിക്കുന്നത് വിചാരണ നീട്ടാൻ വേണ്ടി മാത്രമാണ് എന്നും ഞാൻ വാദിച്ചു.

കൺസെന്റ് ഇല്ലെന്നു കരുതി എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും തടയാൻ പറ്റുമോ എന്നു കോടതി എന്നോട്ടു തിരക്കി. മുൻകൂർ അനുമതി കൺസ്ട്രക്ഷനു മുമ്പു തന്നെ വാങ്ങേണ്ടതാണു്, അതു കൺസ്ട്രക്ഷനിടയിൽ വാങ്ങിയാൽ പോര എന്ന് ഗ്രീൻ ട്രിബ്യൂണലിന്റെ തന്നെ പൂർവ്വകാല വിധിയെ പരാമർശിച്ച് ഞാൻ കോടതിയിൽ സമർത്ഥിച്ചു. ജലസംരക്ഷണ നിയമത്തിന്റെ 25-ാം വകുപ്പു പ്രകാരം ഫാക്ടറികൾ ആരംഭിക്കുന്നതിനു മുമ്പുതന്നെ നിർമ്മാണാനുമതി വാങ്ങേണ്ടതാണെന്നും അല്ലാത്തതു് ക്രിമിനൽ കുറ്റമാണെന്നും 98/2013 നമ്പറായ സ്റ്റേറ്റ് ഓഫ് ആന്ധ്ര പ്രദേശ് വേഴ്സസ് നായിഡു എന്ന കേസിൽ പറഞ്ഞിട്ടുണ്ടു്. ഈ കാര്യം സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തതാണു്. മറിച്ചുള്ളതു് ക്രിമിനൽ കുറ്റമാണെന്നാണു് വിധി പറയുന്നതു്. അതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 9 വരെ സ്റ്റാറ്റസ്കോ നിലനിർത്താനും ഇതുസംബന്ധിച്ചു മറുപടി സത്യവാങ്ങ്മൂലം ഫയൽ ചെയ്യാനും മലിനീകരണ നിയന്ത്രണ ബോർഡിനോടും കിൻഫ്രയോടും മലബാർ ഗോൾഡിനോടും കോടതി ഉത്തരവിട്ടു. തൽസ്ഥിതി തുടരാനാണു് ഓർഡർ.

  • തൽസ്ഥിതി തുടരാൻ ഓർഡർ ലഭിച്ചെങ്കിൽ അത് ഹർജിക്കാരുടെ വിജയമല്ലേ? പിന്നെ അവിടെയെന്താണ്, ഒരു വിവാദത്തിനു സ്കോപ്പ്?

ഇത് കേരളത്തിന്റെ അവസാനത്തെ കേസ് ആയിരുന്നു. അതു കഴിഞ്ഞയുടൻ മൂന്നാംനിലയിലുള്ള കോടതിയിൽ നിന്നു ഞാൻ പുറത്തിറങ്ങി. കക്ഷികളോടും നാട്ടുകാരോടും സുഹൃത്തുക്കളോടും വിളിച്ചുപറഞ്ഞു, ബാഗ് എടുത്തു താഴേക്കിറങ്ങി. അവർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഫോൺ ചെയ്തു് തിരിച്ചു കോടതിയിലേക്കു തിടുക്കപ്പെട്ട് കയറിപ്പോകുന്നത് കണ്ടു. കക്ഷികളെയൊക്കെ ഫോൺചെയ്ത് അറിയിച്ച ശേഷം ഏതാണ്ടു് അരമണിക്കൂർ കഴിഞ്ഞാണു് ഞാൻ താഴെയെത്തുന്നതു്. സ്റ്റേ അനുദവിച്ചുകിട്ടിയ പശ്ചാത്തലത്തിൽ മടങ്ങിപ്പോകാനായി ഞാൻ വെളിയിൽ ഓട്ടോ കാത്തുനിൽക്കുകയാണ്. അപ്പോഴേക്കും മലബാർ ഗോൾഡിനു വേണ്ടി ഹാജരായ ജൂണിയർ അഭിഭാഷകൻ, സാർ വിളിക്കുന്നുണ്ടു്, തിരിച്ചു കോടതിയിൽ ചെല്ലണം എന്നു പറഞ്ഞു. തൊട്ടുപിന്നാലെ മലബാർ ഗോൾഡിന്റെ സീനിയർ അഡ്വക്കേറ്റ് വന്നു പറഞ്ഞു, കോടതി നിങ്ങൾക്കുവേണ്ടി മാത്രം വെയ്റ്റ് ചെയ്യുകയാണു്, എത്രയും പെട്ടെന്നു് വരണം എന്ന്... ഞാൻ തിരിച്ചു ചെന്നു. അവിടെ വേറെ കുറച്ചാൾക്കാരുമുണ്ടു്. ഈ കേസ് മാത്രം കേൾക്കാൻ വേണ്ടിയിരിക്കുകയാണ്, കോടതി. എന്നോട്, എന്റെ അഭാവത്തിൽ അവിടെ സംഭവിച്ച കാര്യങ്ങൾ പറയാൻ തുടങ്ങിയ എന്റെ സുഹൃത്തായ അഭിഭാഷകനെ കോടതി അതിനിശിതമായ ഭാഷയിൽ വിമ‌ർശിച്ചു. ഇവിടെ നടന്നതെന്താണെന്നു പറഞ്ഞുകൊടുക്കാൻ ഞങ്ങൾക്കറിയാമെന്നും അതിൽ ഇടപെടുന്ന പക്ഷം താങ്കളുടെ പ്രാക്ടീസ് നിർത്തുന്നതിനു് ബാർ കൗ​ൺസിൽ ചെയർമാനു കത്തയ്ക്കുമെന്നും ഇവിടെയിരിക്കുന്ന മുഴുവൻ അഭിഭാഷകരും നിങ്ങൾക്കെതിരായി സാക്ഷി പറയുമെന്നും ആ അഭിഭാഷകനെ കോടതി ഭീഷണിപ്പെടുത്തി. ജസ്റ്റിസ് ചൊക്കലിംഗം ആയിരുന്നു ഇതു പറഞ്ഞതു്. ജസ്റ്റിസ് ആർ നാഗേന്ദ്രനും ഉൾപ്പെട്ട ബഞ്ചാണു്. തുടർന്ന് എന്റെ സുഹൃത്തായ അഭിഭാഷകൻ അപ്പോളജൈസ് ചെയ്തു മുറിവിട്ടുപോയി.

തുടർന്ന് മലബാർ ഗോൾഡിന്റെ അഭിഭാഷകൻ കോടതിയിൽ തങ്ങളുടെ വാദം നിരത്തി. നേരത്തെ ഹൈക്കോടതിയെ ചിലർ സമീപിച്ചെന്നും അവർക്കു് ഈ കേസിൽ സ്റ്റേ കിട്ടിയില്ല എന്നും കോടിക്കണക്കിനു രൂപ ഇൻവെസ്റ്റ് ചെയ്തു നിർമ്മാണം നടന്നുകൊണ്ടിരിക്കയാണെന്നും അനുമതി കിട്ടിയില്ലെങ്കിലും ഒരാഴ്ചയ്ക്കകം കിട്ടുമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ ഉത്തരവ് കയ്യിലുണ്ടോ എന്നു കോടതി ചോദിച്ചപ്പോൾ ഉത്തരവ് കൈയിലില്ലെന്നും എന്നാൽ പറഞ്ഞത് ശരിയാണെന്നും അദ്ദേഹം കോടതിയെ ധരിപ്പിച്ചു. വാസ്തവത്തിൽ നിർമ്മാണപ്രവർത്തനം നിർത്തിവയ്ക്കണം എന്ന ഒരാവശ്യം അഡ്വ. രാംകുമാർ ഹൈക്കോടതിയിൽ ഉയർത്തിയിട്ടില്ല. ആഭരണനിർമ്മാണശാല തുടങ്ങുന്നതിനു സ്റ്റേ വേണമെന്നു മാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അതിനു സ്റ്റേ ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതു മറച്ചുവച്ചുകൊണ്ടാണ്, നിർമ്മാണപ്രവർത്തനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചവർക്ക് അതു ലഭിച്ചില്ല എന്ന് മലബാർ ഗോൾഡിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. നാട്ടുകാരുടെ മലിനീകരണത്തെ സംബന്ധിച്ച പരാതി ദൂരീകരിക്കാൻ കമ്പനി തയ്യാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഞങ്ങൾ ഞങ്ങളുടെ റിസ്കിലാണു പണിയുന്നതെന്നും അതിനു കോടതി നേരത്തെ അനുവദിച്ചിട്ടുണ്ടെന്നും ആദ്യത്തെ ഉത്തരവു ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം കോടതിയോടു പറഞ്ഞു.

അങ്ങനെയെങ്കിൽ അവർ പണിയുന്നതി‍ൽ എന്താണു തെറ്റ്, നിയമവിരുദ്ധമായിട്ടാണു പണിയുന്നതെങ്കിൽ പൊളിച്ചുനീക്കാം എന്ന് കോടതി എന്നോട് ആരാഞ്ഞു. ഇത്രയും തുക ഇൻവെസ്റ്റ് ചെയ്തുകഴി‍ഞ്ഞാൽ സ്വാഭാവികമായും അനുമതി ലഭിക്കാൻ സാധ്യതയില്ലാത്ത പ്ലാന്റ് ആണെങ്കിൽ പോലും അനുമതി നേടിയെടുക്കാനുള്ള സമ്മർദ്ദം കൂടും എന്ന് തുടർന്ന് ഞാൻ കോടതിയിൽ വാദിച്ചു. നിർമ്മാണപ്രവർത്തനം പൂർത്തിയായിക്കഴിഞ്ഞല്ല, അതിനു മുമ്പാണു് അനുമതി വാങ്ങേണ്ടതു് എന്നു സുപ്രീം കോടതി വിധിയോടെ വളരെ സ്പഷ്ടമാണ്. ഈ ഇൻഡുസ്ട്രിക്ക് നിയമപ്രകാരം അനുമതി നൽക്കാൻ സാധ്യമല്ല, നിയമത്തിൽ വെള്ളം ചേർക്കാൻ വേണ്ടിയാണു് ഇപ്പോൾ നിർമ്മാണം അനുവദിക്കണം എന്നു പറഞ്ഞിരിക്കുന്നതു്. ബിൽഡിങ് പെർമിറ്റു പോലും കണ്ടീഷണൽ ആയതുകൊണ്ടു് സ്റ്റേ ചെയ്യണം എന്നായിരുന്നു എന്റെ വാദം. ഏതു ദിവസം വേണമെങ്കിലും കേസ് വാദത്തിനെടുത്താൽ വാദിക്കാൻ തയ്യാറാണെന്നും എന്നാൽ അനുമതി കിട്ടുന്നതുവരെ നിർമ്മാണം റദ്ദാക്കണം എന്നും ഞാൻ വീണ്ടും ആവശ്യപ്പെട്ടു.

  • ഇതിനോട് എന്തായിരുന്നു ഗ്രീൻ ട്രിബ്യൂണലിന്റെ പ്രതികരണം?

കോടതി എന്റെ വാദം പരിഗണിച്ചില്ല. ആദ്യത്തെ ദിവസത്തെ ഉത്തരവ് കോടതിയുടെ ശ്രദ്ധയിൽ പെടുത്താത്തത് എന്റെ ഭാഗത്തുനിന്നു വന്ന ഗുരുതരമായ പിഴവാണെന്നും ഇത്ര സൂക്ഷ്മമായി നിയമം നോക്കിയാൽ പല വികസനങ്ങളും നടക്കാതെ വരുമെന്നും അതുകൊണ്ട് ഇട്ട ഉത്തരവു റദ്ദാക്കുകയാണെന്നും കോടതി പറഞ്ഞു. അങ്ങനെയാണെങ്കിൽ ഞാൻ പറഞ്ഞ വാദങ്ങൾ രേഖപ്പെടുത്തിയ ശേഷം കോടതിക്കു് ഇഷ്ടമുള്ളതു ചെയ്തുകൊള്ളാൻ ഞാൻ പറഞ്ഞു. അല്ലാത്ത പക്ഷം കേരളത്തിലിരിക്കുന്ന എന്റെ കക്ഷികൾ ഞാൻ ഈ കാര്യം വേണ്ടവിധം പറയാത്തതുകൊണ്ടാണ് സ്റ്റേ കിട്ടാത്തത് എന്നു പറയാൻ സാധ്യതയുണ്ടെന്നും ഞാൻ കൂട്ടിച്ചേർത്തു. നിങ്ങളുടെ കക്ഷിയുടെ താത്പര്യം നോക്കേണ്ട ബാധ്യത കോടതിക്കില്ല എന്നാണ് കോടതി ഇതിനോട് പ്രതികരിച്ചത്. എന്നിട്ടു് നേരത്തെ എഴുതിയ വിധിന്യായം വെട്ടി, കേസ് മലബാർ ഗോൾഡിന്റെ സത്യവാങ്മൂലം ഫയൽചെയ്യുന്നതിനു വേണ്ടി മാറ്റിവച്ചു. ശ്രദ്ധിക്കേണ്ട വസ്തുത, ഇങ്ങനെ വിധി തിരുത്തുമ്പോൾ പിസിബിയുടെയോ കിൻഫ്രയുടെയോ അഭിഭാഷകർ ഹാജരായിരുന്നില്ല എന്നതാണ്. അവർ ആദ്യത്തെ വിധി മാത്രമേ അറിഞ്ഞിട്ടുള്ളൂ. അവർ തിരികെപ്പോയതിനു ശേഷം വീണ്ടും കോടതി ചേർന്നാണ്, ഇങ്ങനെ വിധി തിരുത്തിയത്.

  • നമ്മുടെ കോടതികളിൽ വലിയ അഴിമതി നടക്കുന്നു എന്ന് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ പറഞ്ഞിട്ടുണ്ട്. ഈ കേസിൽ അങ്ങനെ പണത്തിന്റെ വിനിമയം നടന്നതായി തോന്നുന്നുണ്ടോ?

ഒരിക്കലുമില്ല. പ്രശ്നം കാശിന്റെയല്ല. കേന്ദ്ര സർക്കാരിന്റെ അടുത്തകാലത്തെ നിലപാടുകൾ ഇതിൽ പ്രധാനഘടകമാണ്. വ്യവസായങ്ങളും വികസനവും തടയുന്നത് പരിസ്ഥിതി പ്രവർത്തകരും ഗ്രീൻ ട്രിബ്യൂണലുമാണ് എന്ന ഒരു ധാരണ ഈ രാജ്യത്തെ ജനങ്ങൾ‍ക്കുണ്ടെന്നും അവരുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കണം എന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് കോടതികളുടെ മനംമാറ്റം എന്നാണ് എനിക്കു തോന്നുന്നത്. ഒക്ടോബർ 8നോ മറ്റോ ആണ് മോദി ഇങ്ങനെ പറയുന്നത്. ഒക്ടോബർ 12നു വന്ന വിധിയിൽ തന്നെ അതിന്റെ അനുരണനങ്ങൾ ഉണ്ടായിരുന്നു. അക്കാര്യം അന്നുതന്നെ ഞാൻ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഇതിൽ നിക്ഷിപ്ത താത്പര്യമുണ്ട് എന്നു വേണമെങ്കിൽ പറയാം. ആ താത്പര്യം മോണിറ്ററിയല്ല. ഇവിടെ പ്രവർത്തിക്കുന്നത് ഒരു ക്ലാസ് ഇന്ററസ്റ്റാവാം.

  • ഈ കേസിൽ എന്താണിനി ചെയ്യുവാനുള്ളത്?

ഒന്നുകിൽ സുപ്രീം കോടതിയിൽ അപ്പീൽ പോകാം. കക്ഷികളുടെ സാമ്പത്തികശേഷം അതിന് അനുവദിക്കുമെന്നു തോന്നുന്നില്ല. രണ്ടാമതു് നിർമ്മാണാനുമതി കൊടുക്കുകയാണെങ്കിൽ അതിനെ വീണ്ടും ചോദ്യം ചെയ്യാം. അത് ഇതേ ഗ്രീൻ ട്രിബ്യൂണലിൽ തന്നെ ചോദ്യം ചെയ്യണം. മൂന്നാമത്തെ ഓപ്ഷൻ, ഈ ബഞ്ച് ഈ കേസ് കേൾക്കുന്നതിൽ ഒരു പ്രെജുഡീസ് കാണിച്ചതിനാൽ മറ്റേതെങ്കിലും ബഞ്ചിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു പരാതി നൽക്കാം. അങ്ങനെ വന്നാൽ ഡൽ‍ഹിയിൽ പോയി കേസ് നടത്തേണ്ടിവരും. ഇത് അറ്റകൈയ്ക്കുള്ള ഓപ്ഷനാണ്. കാരണം ചെലവ് ക്രമാതീതമായി വർധിക്കും. ഈ മൂന്നു നടപടികളെ തത്ക്കാലം നമ്മുടെ മുന്നിൽ ബാക്കിയുള്ളൂ.

  • ഹരീഷിന്റെ ഈ തുറന്നുപറച്ചിൽ അവിടെയുള്ള മറ്റു കേസുകളെ ബാധിക്കില്ലേ?

ഉവ്വ്. എനിക്ക് നല്ല നിലയിൽ അഡ്‌മിഷൻ ഉള്ള കോർട്ടാണത്. എന്റെ അനേകം കേസുകൾ അവിടെയുണ്ട്. അതിലെല്ലാം പ്രതികൂല വിധി ലഭിക്കാൻ ഇതു കാരണമായേക്കും. എന്നാൽ ഇത്തരം വിഷയങ്ങൾ ആരെങ്കിലുമൊക്കെ ഉന്നയിക്കേണ്ടതുണ്ട്. കൺസെന്റ് ഇല്ലെന്ന് എല്ലാവരും പറഞ്ഞാലും നിർമ്മാണാനുമതി നൽകണമെന്ന് കോടതി നിർബന്ധം പിടിക്കുന്നത് എന്തിനാണ്? അതിനായിരുന്നെങ്കിൽ ഹൈക്കോടതി മതിയായിരുന്നല്ലോ. ആ സംവിധാനം പോര എന്നു തോന്നിയതുകൊണ്ടാണല്ലോ, പ്രത്യേകമായി ഗ്രീൻ ട്രിബ്യൂണൽ സ്ഥാപിച്ചത്. ഇനി മുൻകൂട്ടിയുള്ള പാരിസ്ഥിതിക അനുമതി ഇല്ലാതെ തന്നെ കെട്ടിടം പണി തുടങ്ങാം എന്നാണെങ്കിൽ പാർലമെന്റ് പാസാക്കിയ നിയമം ഭേദഗതി ചെയ്യട്ടെ. ഇക്കാര്യത്തിൽ പാർലമെന്റിനില്ലാത്ത ബേജാറ് കോടതിക്കെന്തിനാണ്? ഇതൊന്നും വലിയ കാര്യമല്ലെങ്കിൽ ഉദ്യോഗസ്ഥർ വേഗം അനുമതി നൽകുകയായിരുന്നില്ലേ വേണ്ടിയിരുന്നത്? എന്തുകൊണ്ട് അവർ അനുമതി നൽകിയില്ല? ലെജിസ്ലേച്ചറിനും എക്സിക്യൂട്ടീവിനും ഇല്ലാത്ത അമിതതാത്പര്യം വികസനകാര്യത്തിൽ ജൂഡീഷ്യറിക്കു മാത്രമായി തോന്നേണ്ടതുണ്ടോ?