വിമാനയാത്രയ്ക്കിടയിൽ തടിയനായ സഹയാത്രികന്റെ അടുത്തിരുന്ന സഞ്ചരിക്കേണ്ടി വന്നാൽ വിമാനക്കമ്പനിക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്യാൻ വകുപ്പുണ്ടോ? ഉണ്ടെന്നാണ് ഇറ്റലിയിലെ പാദുവയിലുള്ള ജിയോർജിയോ ഡെസ്ട്രോ വക്കീൽ സ്വന്തം പ്രവൃത്തിയിലൂടെ തെളിയിച്ചിരിക്കുന്നത്. കേപ്പ് ടൗണിൽ നിന്നും ദുബായിലേക്കുള്ള വിമാനത്തിൽ തന്നെ ഒരു തടിമാടന്റെ അടുത്തിരുത്തി യാത്ര ചെയ്യിച്ചതിനെതിരെയാണ് ഇദ്ദേഹം എമിറേറ്റ്സിനെതിരെ 2375 പൗണ്ട് നഷ്ടപരിഹാരമാവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരിക്കുന്നത്. നീണ്ട ഒമ്പത് മണിക്കൂർ ഈ തടിയനെ തൊട്ടിരുന്ന് യാത്ര ചെയ്യേണ്ടി വന്നതിനാൽ തനിക്കേറെ ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും യാത്ര നരകമായിത്തീർന്നുവെന്നുമാണ് ജിയോർജിയോ പരാതിപ്പെടുന്നത്. ഇദ്ദേഹം എമിറേറ്റ്സിലെ ഗോൾഡ് മെമ്പർ ഫ്ലൈയറായിരുന്നിട്ട് കൂടി സീറ്റ് മാറാൻ വിമാനക്കമ്പനി അദ്ദേഹത്തെ അനുവദിച്ചില്ലെന്നാണ് ഇററാലിയൻ പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കുറച്ച് സമയം മാറിയിരിക്കാൻ തന്നെ അനുവദിക്കണമെന്ന് കാബിൻ ക്രൂവിനോട് ജിയോർജിയോ അഭ്യർത്ഥിച്ചിരുന്നുവെങ്കിലും എല്ലാം ബുക്ക് ചെയ്ത് പോയെന്ന് പറഞ്ഞ് അവർ കൈമലർത്തുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഇദ്ദേഹം ഇതിന് മുമ്പ് സൗത്ത് ആഫ്രിക്കയിലെ ഇറ്റാലിയൻ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്നു. തനിക്ക് എമിറേറ്റ്സ് വിമാനത്തിലുണ്ടായ കഷ്ടപ്പാടിനുള്ള തെളിവായി തടിയനടുത്തിരിക്കുന്നതിന്റെ ഒരു സെൽഫിയും ഈ അഭിഭാഷകൻ പകർത്തിയിട്ടുണ്ട്. 2375 പൗണ്ട് നഷ്ടപരിഹാരമാവശ്യപ്പെട്ടതിന് പുറമെ വിമാന ചാർജായ 653.87 പൗണ്ട് റീഫണ്ട് ചെയ്യാനും തനിക്കുണ്ടായ കഷ്ടനഷ്ടങ്ങൾക്ക് മറ്റൊരു 1721.81 പൗണ്ട് നൽകാനുമാണ് ഈ അഭിഭാഷകൻ എമിറേറ്റ്സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കോടതിക്ക് മുന്നിലുള്ള കാര്യമായതിനാൽ ഈ പ്രത്യേക കേസിൽ തങ്ങൾക്ക് പ്രത്യേകിച്ചൊന്നും പറയാൻ കഴിയില്ലെന്നാണ് എമിറേറ്റ്സ് പ്രതികരിച്ചിരിക്കുന്നത്.

പാദുവയിൽ ഒക്ടോബർ 20നാണ് ഈ കേസിന്റെ വിചാരണ നിശ്ചയിച്ചിരിക്കുന്നത്. ഈ തരത്തിലുള്ള ഒരു കേസ് ആദ്യമായല്ല റിപ്പോർട്ട് ചെയ്യപ്പെടുന്നത്.. കഴിഞ്ഞ ജൂലൈയിൽ ഇന്റീരിയർ ഡിസൈനർ ജെയിംസ് ആൻഡ്ര്യൂസ് ബസോസ് എത്തിഹാദ് എയർവേസിനെതിരെ ഇത്തരത്തിലുള്ള പരാതിയുമായി ക്യൂൻസ്ലാൻഡ് കോടതിക്ക് മുന്നിലെത്തിയിരുന്നു. സിഡ്നിയിൽ നിന്നും ദുബായിലേക്കുള്ള യാത്രക്കിടെ തടിമാടനായ സഹയാത്രികനൊപ്പം ഇരിക്കേണ്ടി വന്നതിനാൽ തനിക്ക് ശാരീരിക വിഷമതകൾ ഏറെയുണ്ടായിരുന്നുവെന്നാണ് ബസോസ് പരാതിപ്പെട്ടിരുന്നത്. തടിയന്റെ അടുത്തിരിക്കേണ്ടി വന്നതിനാൽ തനിക്ക് ഞെങ്ങിഞെരുങ്ങി കഷ്ടപ്പെടേണ്ടി വന്നിരുന്നുവെന്നും കൂടാതെ അയാൾ ഇടയ്ക്കിടെ ചുമച്ചത് മൂലമുള്ള ബുദ്ധിമുട്ടുകൾ ഇതിന് പുറമെയായിരുന്നുവെന്നുമാണ് ബസോസ് ആരോപിച്ചിരുന്നത്. ഇതിനാൽ തനിക്ക് 132,500 പൗണ്ട് നഷ്ടപരിഹാരം വേണമെന്നായിരുന്നു അയാൾ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ജില്ലാ കോടതി ജഡ്ജിയായ ഫ്ല്യൂവർ കിങ്ഹാം ഇത് തള്ളിക്കളയുകയായിരുന്നു.