- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്ത്രണ്ടിന്റെ തിരക്കഥ മോഷ്ടിച്ചത്; സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ വക്കീൽ നോട്ടീസ്; നടപടി തിരക്കഥാകൃത്ത് ഷാജി കാരയ്ക്കലിന്റെ പരാതിയിൽ
പത്തനംതിട്ട: 'പന്ത്രണ്ട്' സിനിമയ്ക്ക് എതിരെ വക്കീൽ നോട്ടിസുമായി തിരക്കഥാകൃത്ത് ഷാജി കാരയ്ക്കൽ. ചിത്രത്തിന്റെ തിരക്കഥ തന്റേത് ആണെന്ന അവകാശവാദം ഉന്നയിച്ച് സിനിമയുടെ അണിയറക്കാർക്ക് എതിരെയാണ് തിരക്കഥാകൃത്ത് രംഗത്ത് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ ലിയോ തദേവൂസ്, നിർമ്മാതാവ് വിക്ടർ എബ്രഹാം ഉൾപ്പെടെയുള്ളവർക്കാണ് വക്കീൽ നോട്ടിസ് അയച്ചത്.
ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് തിരക്കഥാകൃത്ത് സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ വക്കീൽ നോട്ടിസ് അയച്ചത്. പത്തനംതിട്ടയിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2019 മെയ് ഒന്നിന് താൻ എഴുതിയ 'ഈശോ വക്കീലാണ്' എന്ന തിരക്കഥയാണ് ചെറിയ മാറ്റങ്ങളോടെ 'പന്ത്രണ്ടി'ലൂടെ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ഷാജിയുടെ പരാതി.
ഈ തിരക്കഥ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന തന്റെ സുഹൃത്തായ ബിനു മുരളിക്ക് ഉൾപ്പെടെ വായിക്കാനായി നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിനു 'പന്ത്രണ്ട്' സിനിമയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ടെന്നും ഷാജി പറഞ്ഞു. 2021 ഓഗസ്റ്റ് ഏഴിന് തിരക്കഥ ഫേസ്‌ബുക്കിലും, എട്ടിന് തിരക്കഥ ലോകം എന്ന ഫേസ്‌ബുക്ക് പേജിലും പ്രസിദ്ധീകരിച്ചതുമാണ്.
നേരത്തെ തിരക്കഥ സംവിധായകൻ നാദിർഷായ്ക്ക് വായിക്കാൻ നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുൻപ് നാദിർഷായുമായി തർക്കമുണ്ടായിട്ടുണ്ട്. ഇപ്പോൾ പകർപ്പവകാശ നിയമ പ്രകാരമാണ് നിയമ നടപടികളിലേക്ക് കടക്കുന്നത്', ഷാജി കാരയ്ക്കൽ കൂട്ടിച്ചേർത്തു.ഏറെ വേദനയുണ്ട്. മൂന്നാല് വർഷങ്ങൾ കഷ്ടപ്പെട്ടാണ് ഒരു തിരക്കഥ തയ്യാറാക്കിയത്.അക്ഷരങ്ങളുടെ വില അറിയുമെങ്കിൽ ദയവായി ഒന്ന് പ്രതികരിക്കണേ എന്ന് തിരക്കഥാകൃത്ത് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ