തിരുവനന്തപുരം: ഇടതുപക്ഷത്ത് സീറ്റ് വിഭജനം കീറാമുട്ടി. പുതുതായി എത്തിയ എൽജെഡിക്ക് നൽകുന്ന സീറ്റുകളിലാണ് വലിയ പ്രശ്‌നം. യുഡിഎഫിൽ നിന്ന് സിപിഎം ഏറെ വാഗ്ദാനങ്ങൾ കൊടുത്താണ് എൽജെഡിയെ ഇടതുപക്ഷത്ത് എത്തിച്ചത്. എന്നാൽ വീരേന്ദ്രകുമാറിന്റെ മരണത്തോടെ പാർട്ടിക്കുള്ള പരിഗണന കുറച്ചു. ഇതിൽ എൽജെഡി തീർത്തും അതൃപ്തരാണ്. ഇതിനൊപ്പം എൻസിപിയും ഇടതിൽ ഒറ്റപ്പെടുകയാണ്. എൻസിപിക്ക് രണ്ട് സീറ്റ് മാത്രമേ സിപിഎം കൊടുക്കൂ. കഴിഞ്ഞ തവണ നാലു സീറ്റുണ്ടായിരുന്നു.

ലോക്‌സഭയിൽ തോറ്റ സിപിഎമ്മിന് പാലായിലെ വിജയമായിരുന്നു പ്രതീക്ഷയായത്. മാണി സി കാപ്പൻ പാലായിൽ അട്ടിമറി ജയം നേടി. എന്നിട്ടും എൻസിപിക്ക് വേണ്ട പരിഗണന സിപിഎം നൽകുന്നില്ല. കേരളാ കോൺഗ്രസ് ജോസ് കെ മാണി ഇടതുപക്ഷത്ത് എത്തിയതോടെയാണ് ഇത്. ഇതിന് പിന്നാലെ പ്രതിസന്ധിയും തുടങ്ങി. മാണി സി കാപ്പൻ യുഡിഎഫ് വിട്ടു. ഇതോടെ എൻസിപിക്ക് രണ്ട് സീറ്റ് കൊടുക്കേണ്ട സാഹചര്യമാണുള്ളതെന്ന് സിപിഎം പറയുന്നു. ഇതാണ് എൻസിപിയെ പ്രതിസന്ധിയിലാക്കുന്നത്.

അതിനിടെ അവസാന നിമിഷം വരാൻ ഇടയുള്ള രണ്ട് എൽഡിഎഫ് കക്ഷികൾക്കായി വാതിൽ തുറന്ന് യുഡിഎഫും കാത്തിരിക്കുകയാണ്. തുടർഭരണ പ്രതീക്ഷയിൽ സീറ്റ് വിഭജനത്തിൽ സിപിഎം കടും പിടിത്തം പിടിക്കുന്നതോടെ എൻസിപിയും എൽജെഡിയും മുന്നണി വിട്ടേക്കുമെന്ന സൂചന അതിശക്തമാണ്. ഏഴു സീറ്റിൽ കഴിഞ്ഞ തവണ മത്സരിച്ച എൽജെഡിക്ക് മൂന്ന് സീറ്റും നാലു സീറ്റിൽ മത്സരിച്ച എൻസിപിക്ക് രണ്ടും സീറ്റും നൽകി ഒതുക്കുന്നതിനെതിരെ പൊട്ടിത്തെറി ഇടതുപക്ഷത്തുണ്ടാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.

എൽഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ ആരംഭിക്കുന്നതോടെ എൻസിപി മുന്നണി വിടുമെന്ന് മാണി സി കാപ്പൻ പറയുന്നു. നിലവിൽ ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചർച്ചകളിൽ എൻസിപി നേതൃത്വം അസംതൃപ്തരാണെന്നും തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അവർ യുഡിഎഫിലേക്ക് എത്തുമെന്നുമാണ് കാപ്പൻ വ്യക്തമാക്കുന്നത്. എൽഡിഎഫിൽ സീറ്റ് ചർച്ചകൾ പൂർത്തിയാകുന്നതോടെ എൻസിപിയുടെ മുന്നണിമാറ്റം യാഥാർഥ്യമാകുമെന്നാണു കാപ്പൻ നൽകുന്ന സൂചന. പാലാ ഉൾപ്പെടെ മൂന്നു സീറ്റുകൾ നൽകുമെന്ന് യുഡിഎഫ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും കാപ്പൻ വ്യക്തമാക്കി. പുതിയ പാർട്ടി രൂപീകരിച്ചെങ്കിലും പാലായിൽ എൻസിപിയുടെ ഭാഗമായിത്തന്നെ മത്സരിക്കാനാകുമെന്നാണ് കാപ്പന്റെ പ്രതീക്ഷ.

എൽഡിഎഫിലെ സീറ്റ് ചർച്ചകളിൽ എൻസിപി നേതൃത്വം അതൃപ്തരാണെന്നാണ് ലഭിക്കുന്ന സൂചനകൾ. സിറ്റിങ് സീറ്റുകൾ ഉൾപ്പെടെ എൻസിപിക്ക് നഷ്ടപ്പെടാൻ സാധ്യതകൾ ഏറെയാണ്. ഇത് തിരിച്ചറിഞ്ഞാണു കാപ്പന്റെ പ്രതികരണം. പാലായ്ക്കു പുറമെ കായംകുളം, വാമനപുരം സീറ്റുകളാണ് യുഡിഎഫിനോട് കാപ്പൻ ആവശ്യപ്പെടുന്നത്. സിറ്റിങ് സീറ്റായ കുട്ടാനാടിനായി പിടിവാശിയില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് കാപ്പൻ. മാർച്ച് മൂന്ന് മുതൽ മണ്ഡലത്തിൽ ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കം കുറിക്കും. എന്നാൽ എൻസിപി യുഡിഎഫിൽ എത്തിയാൽ പുതിയ പാർട്ടി പ്രഖ്യാപനം കാപ്പൻ ഉപേക്ഷിക്കും.

എൻസിപി യുഡിഎഫിൽ എത്തിയാൽ അവർക്ക് മത്സരിക്കാൻ അഞ്ചു സീറ്റുവരെ കോൺഗ്രസ് നൽകിയേക്കും. എൽജെഡിക്കും കഴിഞ്ഞ തവണത്തെ ഏഴ് സീറ്റ് കൊടുക്കും. എന്നാൽ വടകരയിൽ കെകെ രമയെ മത്സരിപ്പിക്കാനാണ് കോൺഗ്രസിന്റെ ആഗ്രഹം. അതുകൊണ്ട് ഈ സീറ്റ് എൽജെഡിക്ക് കൊടുക്കില്ല. സ്ഥാനാർത്ഥികളെ നിർണയിക്കാനായി മാർച്ച് നാല് അഞ്ച് തീയതികളിൽ സിപിഎം സംസ്ഥാന കമ്മിറ്റി ചേരും. പത്താം തീയതിക്കുള്ളിൽ സ്ഥാനാർത്ഥികൾ സംബന്ധിച്ച് ഏകദേശ ധാരണ ഉണ്ടാകുമെന്ന തീരുമാനത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് പിരിഞ്ഞു.

എൽഡിഎഫിലെ പുതിയ കക്ഷികൾക്ക് സിപിഎം കൂടുതൽ സീറ്റുകൾ വിട്ടു നൽകും. ഘടകകക്ഷികളിൽ നിന്ന് കൂടുതൽ സീറ്റ് ഏറ്റെടുക്കേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ധാരണയായി. മാർച്ച് ഒന്നാം തീയതി മുതൽ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച കാര്യങ്ങളിൽ ചർച്ച ആരംഭിക്കും. രണ്ടാം ഘട്ട ഉഭയകക്ഷി ചർച്ചകൾ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആരംഭിക്കും. സിപിഐയിൽ നിന്നടക്കം സീറ്റുകൾ കൂടുതൽ ഏറ്റെടുക്കില്ല. അതേസമയം ജനാധിപത്യ കേരള തോൺഗ്രസിൽ നിന്ന് കൂടുതൽ സീറ്റുകൾ ഏറ്റെടുത്തേക്കും.

എൽഡിഎഫിൽ പുതുതായി എത്തിയിട്ടുള്ള കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം, എൽജെഡി തുടങ്ങിയ കക്ഷികൾക്ക് നൽകുന്ന ഭൂരിപക്ഷം സീറ്റുകളും സിപിഎമ്മിന്റെ അക്കൗണ്ടിൽ നിന്ന് വിട്ടുനൽകനാണ് തീരുമാനം. എട്ടു മുതൽ ഒൻപതു സീറ്റുകളിൽ വരെ സിപിഎമ്മിന് വിട്ടു വീഴ്ച ചെയ്യേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ഇതിന് അപ്പുറം ഒന്നും ചെയ്യില്ല. അങ്ങനെ വന്നാൽ എൽജെഡിക്ക് മൂന്ന് സീറ്റിൽ കൂടുതൽ കിട്ടില്ല. കേരളാ കോൺഗ്രസിന് പത്ത് സീറ്റ് ഉറപ്പാണ്. 12 സീറ്റ് വേണമെന്നതാണ് കേരളാ കോൺഗ്രസിന്റെ ആവശ്യം.