തിരുവനന്തപുരം: കേരളാ കോൺഗ്രസിന് രണ്ടാം പിണറായി മന്ത്രിസഭയിൽ രണ്ട് മന്ത്രിസ്ഥാനം കിട്ടില്ല. 2 മന്ത്രിസ്ഥാനമെന്ന കേരള കോൺഗ്രസിന്റെ (എം) ആവശ്യത്തോടു സിപിഎം അനുകൂലമായി പ്രതികരിച്ചില്ല. മന്ത്രിസ്ഥാനത്തിനുള്ള എൽജെഡിയുടെ അവകാശവാദവും തള്ളി. ജനതാദളിനും (എസ്) എൻസിപിക്കും ഓരോ മന്ത്രിസ്ഥാനം ലഭിക്കും. കേരള കോൺഗ്രസ് (ബി), ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ എന്നിവയുമായും ഇന്നു ചർച്ച നടത്തും. ഇവരെ പരിഗണിക്കാനുള്ള സാധ്യതകളുണ്ടെന്നാണ് സൂചന. ഇടതു സ്വതന്ത്രനായ കോവൂർ കുഞ്ഞുമോനും പ്രതീക്ഷയിലാണ്.

കേരള കോൺഗ്രസ് (എം) നേതാക്കളായ ജോസ് കെ. മാണി, റോഷി അഗസ്റ്റിൻ, സ്റ്റീഫൻ ജോർജ്, പ്രമോദ് നാരായണൻ എന്നിവരാണ് എകെജി സെന്ററിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെയും കണ്ടത്. 5 എംഎൽഎമാരുള്ള പാർട്ടിക്കു രണ്ടു മന്ത്രിസ്ഥാനത്തിന് അർഹതയുണ്ടെന്ന് അവർ പറഞ്ഞു. തങ്ങൾ വന്നതോടെ മധ്യകേരളത്തിൽ എൽഡിഎഫിനുണ്ടായ നേട്ടവും വിവരിച്ചു. മത്സരിക്കാൻ 13 സീറ്റ് ലഭിച്ചിട്ടും മുന്നണിയുടെ പൊതുകെട്ടുറപ്പിനായി കുറ്റ്യാടി ത്യജിച്ചതും എടുത്തുപറഞ്ഞു. എന്നാൽ ഒരുമന്ത്രി പദമേ നൽകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.

മുന്നണിയിൽ 11 കക്ഷികളുള്ളതിന്റെ പരിമിതിയാണു ഉയർത്തിയത്. ഒരു എംഎൽഎയുള്ള പാർട്ടിക്കും 5 പേരുള്ള പാർട്ടിക്കും തുല്യ പരിഗണന നൽകുന്നതിൽ അനീതിയില്ലേയെന്നു കേരള കോൺഗ്രസും (എം) ചോദിച്ചു. സിപിഐ വിട്ടുകൊടുക്കാനിടയുള്ള ചീഫ് വിപ് സ്ഥാനം കേരള കോൺഗ്രസിന് (എം) ലഭിച്ചേക്കാം. അതിന് അപ്പുറം ഒന്നും നൽകില്ല. രണ്ട് മന്ത്രിസ്ഥാനത്തിൽ ഉറച്ചു നിന്നാലും അത് സിപിഎം ഗൗരവത്തോടെ എടുക്കില്ല. അർഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടെന്നും ചർച്ച തുടരുമെന്നും പുറത്തിറങ്ങിയ ജോസ് കെ. മാണി പ്രതികരിച്ചു.

ജനതാദളിനെയും (എസ്) എൽജെഡിയെയും 2 പാർട്ടികളായി കണ്ട് രണ്ടുകൂട്ടർക്കും മന്ത്രിസ്ഥാനം നൽകാൻ പ്രയാസമുണ്ടെന്നാണ് എൽജെഡിയെ സിപിഎം അറിയിച്ചത്. 2 എംഎൽഎമാരുള്ള ജനതാദളിനെ പരിഗണിക്കും. ഏകാംഗ കക്ഷിയായതാണ് എൽജെഡിയുടെ പരിമിതി. ഇതോടെ കെപി മോഹനന് വീണ്ടും മന്ത്രിയാകാനുള്ള സാധ്യത അടഞ്ഞു. യുഡിഎഫിൽനിന്ന് എൽഡിഎഫിലേക്കു മടങ്ങിവന്ന് മലബാറിൽ ഇടതു വിജയത്തിനു സംഭാവന നൽകിയതു പരിഗണിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എം വി ശ്രേയാംസ്‌കുമാർ, വർഗീസ് ജോർജ്, ഷേക്ക് പി.ഹാരിസ് എന്നിവരാണു ചർച്ചയിൽ പങ്കെടുത്തത്. എന്നാൽ ഇത് കാര്യമായി സിപിഎം എടുത്തില്ല.

മാത്യു ടി. തോമസ്, കെ.കൃഷ്ണൻകുട്ടി, എ.നീലലോഹിതദാസ് എന്നിവർ ദളിനെ പ്രതിനിധീകരിച്ചെത്തി. പാർട്ടി പ്രതിനിധിയെ നിശ്ചയിച്ച് അറിയിക്കാൻ എൻസിപിയുടെ ടി.പി. പീതാംബരനോടും എ.കെ.ശശീന്ദ്രനോടും സിപിഎം ആവശ്യപ്പെട്ടു. എൻ സി പിക്കുള്ളിൽ പ്രശ്‌നങ്ങൾ ഉണ്ട്. അതുകൊണ്ടാണ് താക്കീത് രൂപേണ ഒറ്റക്കെട്ടായി നിൽക്കാൻ ആവശ്യപ്പെട്ടത്. ഇതോടെ എൻസിപിയിലെ മന്ത്രിസ്ഥാനത്തിൽ പാർട്ടിക്കുള്ളിലെ തീരുമാനം നിർണ്ണായകമാകും. ശശീന്ദ്രനൊപ്പമാണ് മുഖ്യമന്ത്രി എന്നാണ് സൂചന.

കെബി ഗണേശ് കുമാറിനെ മന്ത്രിയാക്കാൻ സാധ്യത ഏറെയാണ്. നേരത്തെ കേരളാ കോൺഗ്രസ് ബിയുടെ ചെയർമാൻ എന്ന നിലയിൽ ആർ ബാലകൃഷ്ണ പിള്ളയ്ക്ക് കാബിനറ്റ് പദവിയോടെ മുന്നോക്ക കോർപ്പറേഷനിലെ ചെയർമാൻ സ്ഥാനം നൽകിയിരുന്നു. പിള്ള മരിച്ച സാഹചര്യത്തിൽ ഈ കാബിനറ്റ് പദവി മന്ത്രിയുടെ രൂപത്തിൽ ഗണേശിന് നൽകിയേക്കും. ജനാധിപത്യ കേരളാ കോൺഗ്രസിലെ ആന്റണിരാജുവും മന്ത്രിപദം ആഗ്രഹിക്കുന്നുണ്ട്.

ലത്തീൻ സമുദായാംഗമെന്ന പരിഗണനയാണ് ഈ പ്രതീക്ഷയ്ക്ക് കാരണം. എന്നാൽ ആന്റണി രാജുവിനെ മന്ത്രിയാക്കിയാൽ മറ്റ് ഏക പാർട്ടികളും പ്രശ്‌നമുണ്ടാക്കും. കുന്നത്തൂരിൽ നിന്ന് സ്ഥിരമായി ജയിക്കുന്ന കോവൂർ കുഞ്ഞുമോൻ ഇടതു മുന്നണിയുടെ ഭാഗമല്ല. അതുകൊണ്ട് കുഞ്ഞുമോനും മന്ത്രിസ്ഥാനം കിട്ടാൻ സാധ്യത തീരെ കുറവാണ്.