തിരുവനന്തപുരം: കഴിഞ്ഞ തവണ പിണറായി അധികാരത്തിൽ എത്തിയപ്പോൾ ഇടതുപക്ഷ മുന്നണിയിൽ അംഗമായവർക്കെല്ലാം മന്ത്രിസ്ഥാനം കിട്ടി. കേരളാ കോൺഗ്രസ് ബിയും കോവൂർ കുഞ്ഞുമോന്റെ ആർ എസ് പിയും അന്ന് എൽഡിഎഫിന് പുറത്തായിരുന്നു. കോൺഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രനെ മാത്രം മന്ത്രിയാക്കി മുന്നണിയിലെ എല്ലാവർക്കും പ്രാതിനിധ്യം നൽകിയെന്ന് വരുത്തി. പിന്നീട് ഐഎൻഎല്ലും കേരളാ കോൺഗ്രസ് ബിയും മുന്നണിയുടെ ഭാഗമായി. ജനാധിപത്യ കേരളാ കോൺഗ്രസുകാരെല്ലാം അത്തവണ തെരഞ്ഞെടുപ്പിൽ തോറ്റു. ഇന്ന് ആന്റണി രാജു ജയിച്ചു കയറി. കഴിഞ്ഞ മന്ത്രിസഭയുടെ മാനദണ്ഡം അനുസരിച്ച് കടന്നപ്പള്ളിയും ഗണേശും ഐഎൻഎല്ലും ആന്റണി രാജുവും മന്ത്രിയാകാൻ അർഹരാണ്.

എന്നാൽ കേരളാ കോൺഗ്രസ് എത്തിയതോടെ അവർക്കും മന്ത്രിസ്ഥാനം നൽകണം. ഇതിനുള്ള അത്രയും മന്ത്രിപദം കൈയിലുമില്ല. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തെ ചെറുകക്ഷികളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്നതാണ് സിപിഎം ആലോചന. മന്ത്രിസ്ഥാനം പങ്കിടുന്ന ഫോർമുല പോലും പരിഗണനയിലുണ്ട്. ഇതിൽ കേരളാ കോൺഗ്രസ് ബിയുടെ കെബി ഗണേശ് കുമാറിനെ മന്ത്രിയാക്കണമെന്ന ചിന്ത സിപിഎമ്മിനുണ്ട്. മന്ത്രിയായില്ലെങ്കിൽ ഗണേശും കോവൂർ കുഞ്ഞുമോനും യുഡിഎഫിലേക്ക് കൂടുമാറൻ സാധ്യതയുണ്ടെന്ന സംശയം സിപിഎം കേന്ദ്രങ്ങൾക്കുണ്ട്. കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് ബിക്ക് കാബിനറ്റ് പദവിയുണ്ടായിരുന്നു. മുന്നോക്ക കോർപ്പറേഷൻ ചെയർമാനായിരുന്ന ആർ ബാലകൃഷ്ണപിള്ള മരിച്ചു. അതുകൊണ്ട് തന്നെ ഈ കാബിനറ്റ് പദം ഗണേശിന് മന്ത്രിപദമായി നൽകാമെന്ന ചർച്ചയാണ് സിപിഎമ്മിലുള്ളത്.

അപ്രതീക്ഷിത വിജയമാണ് ആന്റണി രാജു നേടിയത്. തിരുവനന്തപുരത്ത് പ്രവചനകങ്ങളെ അപ്രസക്തമാക്കിയ വിജയം. ലത്തീൻ ക്രൈസ്തവരുടെ വോട്ടാണ് തുണച്ചത്. സഭയ്ക്ക് ആന്റണി രാജു മന്ത്രിയാകണമെന്നും ഉണ്ട്. ജനാധിപത്യ കേരളാ കോൺഗ്രസ് പ്രതിനിധിയായ ആന്റണി രാജുവിന് ഇത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയുണ്ട്. കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രനുള്ളത് ക്ലീൻ ഇമേജാണ്. കോൺഗ്രസ് കോട്ടകളിൽ പോലും വിള്ളലുണ്ടാക്കിയാണ് കടന്നപ്പള്ളി ജയിച്ചു കയറുന്നത്. അതുകൊണ്ട് കടന്നപ്പള്ളിക്കും അംഗീകാരം നൽകാൻ സിപിഎമ്മിന് താൽപ്പര്യമുണ്ട്. കൊല്ലത്ത് യുഡിഎഫ് പക്ഷത്തുള്ള ആർ എസ് പി തകർന്നു. ഇത് മുതലെടുത്ത് ഇടതുപക്ഷത്തെ കൊല്ലത്ത് അതിശക്തരാക്കാൻ കോവൂരിനും മന്ത്രിസ്ഥാനം നൽകാൻ സാധ്യത ഏറെയാണ്.

മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകണമെന്ന ആവശ്യം സിപിഎമ്മിന് മുമ്പിൽവെച്ച് ഒറ്റ അംഗങ്ങളുള്ള ഘടകകക്ഷികൾ സമ്മർദ്ദം തുടരുകയാണ്. ഐ.എൻ.എൽ., കേരള കോൺഗ്രസ് (ബി), കോൺഗ്രസ് (എസ്), ജനാധിപത്യ കേരള കോൺഗ്രസ് എന്നീ കക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചയിലാണ് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടത്. എന്നാൽ, നിലവിലെ സ്ഥിതിയിൽ മന്ത്രിസ്ഥാനം നൽകാൻ ബുദ്ധിമുട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും അറിയിച്ചു. രണ്ടരപ്പതിറ്റാണ്ടിലേറെ ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന പാർട്ടിയെന്ന പരിഗണന മന്ത്രിസഭ രൂപവത്കരണ ഘട്ടത്തിലുണ്ടാകണമെന്ന ആവശ്യമാണ് ഐ.എൻ.എൽ. മുന്നോട്ടുവെച്ചത്. മുസ്ലിം ലീഗിനെ പിളർത്താൻ ഇതിലൂടെ കഴിയുമെന്ന ചിന്ത സിപിഎമ്മിനുണ്ട്. അതുകൊണ്ട് തന്നെ ഐഎൻഎൽ ഇപ്പോഴും പ്രതീക്ഷയിലാണ്.

കഴിഞ്ഞ സർക്കാരിന്റെ കാലത്തും മന്ത്രിസ്ഥാനമെന്ന ആവശ്യം ഉന്നയിക്കാത്ത പാർട്ടിയാണ് കേരള കോൺഗ്രസ് (ബി) എന്ന് കെ.ബി. ഗണേശ് കുമാർ സിപിഎം. നേതാക്കളോട് പറഞ്ഞു. ക്രിസ്ത്യൻ വിഭാഗങ്ങളിലേക്ക് ഇടതുപക്ഷത്തെ അടുപ്പിക്കുന്നതിന് തുടക്കമിട്ട പാർട്ടിയാണ് ജനാധിപത്യ കേരള കോൺഗ്രസെന്ന് ആന്റണി രാജു പറഞ്ഞു. കഴിഞ്ഞ രണ്ടുവട്ടമായി ലഭിച്ച പരിഗണന ഇത്തവണയും ഉണ്ടാകണമെന്ന് കോൺഗ്രസ് (എസ്) ആവശ്യപ്പെട്ടു. സിപിഐ.ക്ക് നാല് മന്ത്രിസ്ഥാനം നൽകണം. ഒറ്റ അംഗങ്ങളുള്ള അഞ്ച് ഘടകകക്ഷികളുണ്ടെന്ന് കക്ഷിനേതാക്കളോട് കോടിയേരി പറഞ്ഞു. അതിനാൽ, എല്ലാവരെയും ഉൾക്കൊണ്ട് മന്ത്രിസഭ രൂപവത്കരിക്കുക എന്നത് പ്രായോഗികമായി നടപ്പാക്കാനാവുന്നതല്ലെന്നും വ്യക്തമാക്കി. സിപിഐ.യുമായുള്ള ചർച്ചയ്ക്കുശേഷമാകും ഏതെങ്കിലും ഒറ്റ അംഗ കക്ഷികൾക്ക് മന്ത്രിപദം നൽകണമോയെന്നത് നിശ്ചയിക്കുക.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമാണ് ഓരോ കക്ഷിയെയും പ്രത്യേകം കണ്ടത്. ഓരോ കക്ഷിക്കും പറയാനുള്ളതു കേൾക്കുകയാണ് ചെയ്തതെന്നു സിപിഎം വിശദീകരിച്ചു. ഇടതുമുന്നണി ചേർന്നാണ് തീരുമാനമെടുക്കുന്നതെന്നും വ്യക്തമാക്കി. 17നാണ് എൽഡിഎഫ് യോഗം. അതിനു മുൻപായി വിവിധ കക്ഷികളുമായി സിപിഎം ഒരിക്കൽകൂടി ആശയവിനിമയം നടത്തിയേക്കും. കഴിഞ്ഞ തവണ 4 സീറ്റ് കിട്ടിയ തങ്ങൾക്ക് ഇത്തവണ ഒരു സീറ്റാണ് ലഭിച്ചതെന്നും അതിൽ ജയിച്ച സാഹചര്യത്തിൽ പരിഗണിക്കണമെന്നുമായിരുന്നു ജനാധിപത്യ കേരള കോൺഗ്രസിന്റെ വാദം. ആന്റണി രാജുവിലൂടെ ലത്തീൻ പ്രാതിനിധ്യം ഉറപ്പാക്കാമെന്നും ചൂണ്ടിക്കാട്ടി. ഡോ.കെ.സി.ജോസഫ്, പി.സി.ജോസഫ്, ആന്റണി രാജു എന്നിവർ പങ്കെടുത്തു.

കഴിഞ്ഞ 5 വർഷവും എംഎൽഎ ആയി തുടർന്ന തന്നെ ഇത്തവണയെങ്കിലും പരിഗണിക്കണമെന്ന് കെ.ബി.ഗണേശ്‌കുമാർ ആവശ്യപ്പെട്ടു. അന്തരിച്ച ആർ.ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് റാങ്ക് ഉണ്ടായിരുന്നതും പറഞ്ഞു. ഇടതു ചേരിയിൽ എക്കാലത്തും ഉറച്ചു നിൽക്കുന്ന കാര്യം കോൺഗ്രസ്(എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി ഓർമിപ്പിച്ചു. അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണം സിപിഎം നൽകിയിട്ടില്ല. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ മെയ്‌ 20 ന് മൂന്നരയ്ക്കു സെൻട്രൽ സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അതിന് മുമ്പ് എല്ലാ കാര്യത്തിലും തീരുമാനം ഉണ്ടാകും.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണു സത്യപ്രതിജ്ഞാ ചടങ്ങ്. ക്ഷണിക്കപ്പെട്ടവർക്കു മാത്രമാണു പ്രവേശനം. കോവിഡ് വ്യാപനം ഒഴിവാക്കാൻ തുറന്ന സ്ഥലത്തു ചടങ്ങു നടത്തണം എന്നതിനാലാണു വേദി രാജ്ഭവനിൽ നിന്നു സെൻട്രൽ സ്റ്റേഡിയത്തിലേക്കു മാറ്റിയതെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.