ഇടുക്കി: ഇടുക്കി എംപി ജോയിസ് ജോർജിന്റെ കയ്യേറ്റ ഭൂമിക്കെതിരെ നടപടിയെടുക്കാൻ ശ്രമിച്ചതോടെയാണ് മുൻ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഇടതുമുന്നണിയുടെ, പ്രത്യേകിച്ചും സിപിഎമ്മിന്റെ കണ്ണിലെ കരടായത്. ശ്രീറാം ദേവികുളത്തുനിന്ന് തെറിച്ചെങ്കിലും സിപിഐ. നിയന്ത്രണത്തിലുള്ള റവന്യൂ വകുപ്പ് എംപിക്കെതിരായ നടപടികളിൽ പിന്നോട്ടുപോയില്ല. പുതിയ സബ്കളക്ടർ വന്നതോടെ തലവേദനയൊഴിഞ്ഞെന്ന് കരുതിയ പാർട്ടിയെ വീണ്ടും കുടുക്കി, എംപിയുടെ കയ്യേറ്റ ഭൂമി റവന്യൂ വകുപ്പ് തിരിച്ചുപിടിച്ചു.

കൊട്ടക്കാമ്പൂരിൽ എംപിയും ബന്ധുക്കളും ചേർന്ന് കൈവശപ്പെടുത്തിയ 20 ഏക്കർ ഭൂമിയാണ് ദേവികുളം സബ് കളക്ടർ വി.ആർ.പ്രേംകുമാറിന്റെ നേതൃത്വത്തിൽ തിരിച്ചുപിടിച്ചത്. ഭൂമിക്ക് വ്യാജരേഖയിലൂടെ സമ്പാദിച്ച പട്ടയവും ജില്ലാ അധികൃതർ റദ്ദാക്കി. നാലേക്കർ വീതമുള്ള അഞ്ച് പട്ടയങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇവ സർക്കാർ തരിശുഭൂമിയെന്ന വിഭാഗത്തിൽപ്പെടുന്നതാണെന്ന് അധികൃതർ കണ്ടെത്തി. ഭൂമിയിൽ കൈവശാവകാശമില്ലാതിരുന്നവരിൽനിന്നാണ് ഈ സ്ഥലം ജോയ്‌സ് ജോർജും ബന്ധുക്കളും സ്വന്തമാക്കിയതെന്നും കണ്ടെത്തി.

സർക്കാർ രേഖകളിൽനിന്ന് അപ്രത്യക്ഷമായിരുന്ന കൊട്ടക്കാമ്പൂർ റീസർവേ രേഖകൾ കണ്ടെടുത്തതോടെയാണ് കൈയേറ്റം ബോധ്യപ്പെട്ടത്. ഇതാണ് അന്വേഷണത്തിൽ വഴിത്തിരിവായതും. ബ്ലോക്ക് 58-ൽപ്പെട്ട 20 ഏക്കർ ഭൂമിയും എംപിയുടെയും കുടുംബത്തിന്റെയും പേരിലായിരുന്നു. റീസർവേ രേഖകൾ അനുസരിച്ച് ഇവ തരിശ് വിഭാഗത്തിൽപ്പെട്ടവയാണ്. ഈ ഭൂമിയിൽ ആർക്കും കൈവശാവകാശം നേടാൻ സാധിക്കുകയുമില്ല. എന്നാൽ, ഭൂമി കൈവശപ്പെടുത്തിയിരുന്ന എട്ടുപേർ ഭൂമി ജോയ്‌സ് ജോർജിന്റെ അച്ഛൻ ജോർജ് പള്ളിത്ത് തടിയംപാടിന് കൈമാറുകയായിരുന്നു. ഭൂമി 1971 മുതൽ കൈവശംവെച്ചിരിക്കുകയാണെന്ന വ്യാജരേഖയിലൂടെ ഭൂമിക്ക് എംപിയുടെ കുടുംബം പട്ടയം നേടിയെടുക്കുകയും ചെയ്തു. എന്നാൽ, റീസർവേ രേഖകൾ കണ്ടെടുത്തതോടെ ഈ വാദങ്ങൾ വ്യാജമാണെന്ന് തെളിയുകയും എംപിയുടെയും ബന്ധുക്കളുടെയും കയ്യേറ്റം ബോധ്യപ്പെടുകയും ചെയ്തു.

എൽഡിഎഫിൽ ഭൂമി കയ്യേറ്റ വിവാദത്തിൽ കുടുങ്ങുന്ന മൂന്നാമത്തെയാളാണ് ജോയ്‌സ് ജോർജ്. മുമ്പ് പി.വി.അൻവർ എംഎൽഎയും മന്ത്രി തോമസ് ചാണ്ടിയും സമാനമായ വിവാദത്തിൽപ്പെട്ടിരുന്നു. ഇരുവരും ഭൂമി കൈയേറിയിട്ടുണ്ടെന്ന് റവന്യൂ അധികൃതർ അന്വേഷിച്ച് കണ്ടെത്തുകയും ചെയ്തു. ജോയ്‌സ് ജോർജിനെതിരായ ആരോപണം പഴയതാണെങ്കിലും ഇക്കാലമത്രയും എംപിയും സിപിഎമ്മും അതിനെ പ്രതിരോധിച്ചുനിൽക്കുകയായിരുന്നു.

എന്നാൽ, ഭൂമിയേറ്റെടുത്ത് പട്ടയം റദ്ദാക്കിയതോടെ, എംപിയുടെ വാദം പൊളിഞ്ഞു. ഭൂമിക്ക് പട്ടയം ലഭിച്ചുവെന്ന അവകാശവാദം വ്യാജമാണെന്നും ഇതിനായി ലാൻഡ് അസൈന്മെന്റ് കമ്മറ്റി ചേർന്നിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. ശ്രീറാം വെങ്കിട്ടരാമനെ തെറിപ്പിച്ചെങ്കിലും മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾക്കെതിരായ നടപടിയിൽനിന്ന് തെല്ലും പിന്നോട്ടില്ലെന്ന് തെളിയിക്കുകയാണ് സിപിഐ.യും റവന്യൂ വകുപ്പും ഈ നടപടിയിലൂടെയും ചെയ്തത്.