തിരുവനന്തപുരം: ഇടതു മുന്നണിയിൽ നിന്നും ആർക്കൊക്കെ മന്ത്രിസ്ഥാനം നൽകണമെന്ന കാര്യത്തിൽ ഇപ്പോഴും അന്തിമ ധാരണയായില്ല. ജോസ് കെ മാണി വിഭാഗത്തിന് ഏതു വകുപ്പു കൊടുക്കും എന്നതാണ് പ്രധാന വെല്ലുവിളിയായി നിലനിൽക്കുന്നത്. സിപിഐ തങ്ങളുടെ വകുപ്പുകളൊന്നും വിട്ടുനൽകില്ലെന്ന നിലപാടിലാണ്. കൃഷി വകുപ്പ് കിട്ടുമോയെന്ന് ജോസ് വിഭാഗം നോക്കുന്നുണ്ടെങ്കിലും നൽകില്ലെന്ന് സിപിഐ തറപ്പിച്ചു കഴിഞ്ഞു. ഇതോടെ ഇപ്പോൾ ചർച്ച വനംവകുപ്പിലാണ്. 2006 മുതലാണ് സിപിഐ വനം വകുപ്പ്‌കൈയാളി തുടങ്ങിയത്. എന്നാൽ, വനം വിട്ടുനല്കിയാൽ മറ്റൊരു വകുപ്പു സിപിഐക്ക് നൽകേണ്ടിയും വരും. ഇതും ചർച്ചകൾ മുന്നോട്ടു പോകുന്നതിൽ തടസമായി നിൽക്കുന്നു.

അതേസമയം പൊതുമരാമത്ത് വകുപ്പ്, വൈദ്യുതി വകുപ്പുകളിൽ ഏതെങ്കിലും ജോസ് വിഭാഗത്തിന് കൊടുക്കുന്നതിലും ചർച്ചകൾ നടക്കുന്നുണ്ട്. അതേസമയം ഏകാംഗ കക്ഷികൾക്കു പേരിനു പ്രാതിനിധ്യം നൽകാമെന്ന് ഇരു പാർട്ടികളും ധാരണയായിട്ടുണ്ട്. കുഞ്ഞുമോന്റെ മന്ത്രിമോഹം തുടക്കത്തിൽ തന്നെ ഇല്ലാതായിട്ടുണ്ട്. അതേസമയം ഗണേശ് കുമാർ ഉറപ്പിക്കുകയും ചെയത്ു. ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ആന്റണി രാജുവും മന്ത്രിയായേക്കും. ഐഎൻഎല്ലുമായി മന്ത്രിസ്ഥാനം പങ്കുവെക്കണമെന്ന വ്യവസ്ഥ മുന്നിലുണ്ടെന്നാണ് സൂചന.

പരമാവധി മന്ത്രിമാരെ ഉൾകൊള്ളിച്ചുള്ള സഭയാകും ഇക്കുറിയും ഉണ്ടാകുക. ആകെ 21 അംഗങ്ങൾ മന്ത്രിസഭയിൽ ഉണ്ടാകും. സിപിഎമ്മിനു മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാരും സ്പീക്കറും. സിപിഐക്കു നാലു മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും. ഡപ്യൂട്ടി സ്പീക്കറിനു പകരം ചീഫ് വിപ്പ് എന്ന നിർദ്ദേശം സിപിഐയ്ക്കു സ്വീകാര്യമല്ല. കേരള കോൺഗ്രസിനും(എം) ജനതാദൡും(എസ്) എൻസിപിക്കും ഓരോ മന്ത്രിമാർ. ബാക്കിയുള്ള രണ്ടു മന്ത്രിസ്ഥാനവും കാബിനറ്റ് റാങ്കുള്ള ചീഫ് വിപ് സ്ഥാനവും ചെറു കക്ഷികൾക്ക് ഊഴം വച്ചു നൽകുന്നതടക്കമുള്ള സാധ്യതകളാണു പരിഗണനയിൽ.

അങ്ങനെ ടേം വച്ചാൽ അതിൽ ഒരു ടേം രണ്ടു മന്ത്രിസ്ഥാനം ചോദിച്ച കേരള കോൺഗ്രസും പ്രതീക്ഷിക്കുന്നു. ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), കെ.ബി.ഗണേശ് കുമാർ (കേരള കോൺഗ്രസ്ബി), അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ) എന്നിവരാണു മന്ത്രിസഭയുടെ വാതിലിൽ മുട്ടി നിൽക്കുന്നത്. ഇവരിൽ ഗണേശ് കുമാറിന് മുൻപ് പിതാവിന് നൽകിയ കാബിനെറ്റ് പദവിയെന്ന നിലയിൽ മന്ത്രിസ്ഥാനം ഉറപ്പാണ്.

അതേസമയം അന്തിമ ചർച്ചകൾ നാളെയാണ് നടക്കാനിരിക്കുന്നത്. സിപിഐയുമായുള്ള ചർച്ചകൾക്ക് ശേഷം അന്നു തന്നെ മറ്റു കക്ഷികളുമായും സംസാരിക്കും. തിങ്കളാഴ്ച എൽഡിഎഫ് നേതൃയോഗം ഓരോ പാർട്ടിക്കുമുള്ള മന്ത്രിസഭാ പ്രാതിനിധ്യം നിശ്ചയിക്കും. അതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച സിപിഎമ്മും സിപിഐയും പാർട്ടി മന്ത്രിമാരെ തീരുമാനിക്കും. ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും വ്യാഴാഴ്ച സത്യപ്രതിജ്ഞ എന്ന നിലയിലാണ് എൽഡിഎഫിലെയും പാർട്ടികളിലെയും ചർച്ചകൾ പുരോഗമിക്കുന്നത്.

പുതുതായി മുന്നണിയിലേക്കു വന്ന കേരള കോൺഗ്രസിന്(എം) കൃഷിയോ ഭക്ഷ്യപൊതു വിതരണ വകുപ്പോ കിട്ടിയാൽ കൊള്ളാമെന്ന ആഗ്രഹമാണു സിപിഐ തള്ളിയത്. മറ്റു ഘടകകക്ഷികളുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ധരിപ്പിച്ചു. ഇവർ എത്തിച്ചേർന്ന ധാരണയുടെ അടിസ്ഥാനത്തിൽ കക്ഷികളുമായി വീണ്ടും സംസാരിച്ച് അന്തിമമാക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

എൽഡിഎഫ് എന്ന നിലയിൽ പ്രവർത്തനം തുടങ്ങിയ ശേഷം ടൂറിസം, നിയമം, ഫിഷറീസ് തുടങ്ങിയ വകുപ്പുകൾ വിട്ടു കൊടുത്തിട്ടുണ്ടെന്നും ഇനി പ്രധാന വകുപ്പുകളൊന്നും കൈമാറാനാകില്ലെന്നുമാണു സിപിഐ നിലപാട്. അതേസമയം വനം പാർട്ടിക്ക് ലഭിച്ചത് 2006 ൽ മാത്രമാണ്. പുതുതായി മൂന്നോ നാലോ കക്ഷികളെ ഉൾപ്പെടുത്തേണ്ടി വരുന്ന സാഹചര്യത്തിൽ പൊതു ചർച്ചയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാമെന്നാണു ധാരണ. വരും ദിവസങ്ങളിൽ നടക്കുന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനത്തിലേക്ക് മുന്നണികൾ എത്തുക.