തിരുവനന്തപുരം: സ്വപ്‌ന വിഷയത്തിലും കരിങ്കൊടി വിവാദത്തിലും മുഖംപോയി നിന്ന മുഖ്യമന്ത്രിക്കും സർക്കാറിനും പിടിവള്ളിയായി മാറിയത് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധമായിരുന്നു. സ്വന്തം അണികളെ ഇളക്കി വിട്ട് പ്രതിരോധം തീർക്കാൻ അവസരം ഒരുങ്ങിയത് ഈ സംഭവമായിരുന്നു. ഇതിന്റെ പേരിൽ കോൺഗ്രസിന്റ പാർട്ടി ഓഫീസുകൾ തിരഞ്ഞു പിടിച്ചു ആക്രമിക്കുകയും ചെയ്തു. അതേസമയം ഈ വിഷയത്തിൽ യൂത്ത് കോൺഗ്രസുകാരെ പോലെ തന്നെ തെറ്റുകാരനാണ് ഇ പി ജയരാജൻ എന്നവാദവും ശക്താണ്. പ്രതിഷേധക്കാരെ പിടിച്ചു തള്ളിയ നടപടിയാണ് ഇവിടെ വിമർശനങ്ങൾക്ക് ഇടയാക്കുന്നത്.

വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമക്കേസെടുത്ത് സർക്കാർ മുന്നോട്ടുപോകുമ്പോൾ, അതിൽ യാത്ര ചെയ്തിരുന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ വിമാനം ലാൻഡ് ചെയ്തതിനു തൊട്ടുപിന്നാലെ ഏഷ്യനെറ്റ് ന്യൂസ് ചാനലിനോട് പറഞ്ഞ കാര്യങ്ങൾ സർക്കാർ വാദങ്ങളെ തീർത്തും ദുർബലമാക്കുന്നതാണ്. വിമാനത്തിൽ നിന്ന് മുഖ്യമന്ത്രി ഇറങ്ങിയ ശേഷമാണ് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എഴുന്നേറ്റതെന്നായിരുന്നു ജയരാജന്റെ പ്രതികരണം. മദ്യപിച്ചു ലക്കുകെട്ട അവർക്കു നേരെ നിൽക്കാൻ പോലും കഴിയുമായിരുന്നില്ലെന്നും ജയരാജൻ ചാനലിനോടു പറഞ്ഞു.

അതേസമയം, അരമണിക്കൂറിനു ശേഷം അദ്ദേഹം നിലപാട് മാറ്റി. മുഖ്യമന്ത്രിയെ ആക്രമിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചുവെന്നു പറഞ്ഞു. ഈ വാക്കുകൾ 'സുവർണാവസരം' മുന്നിൽ കണ്ടുള്ള രാഷ്ട്രീയ തീരുമാനമാണെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയെ ആക്രമിച്ചെന്ന് ആരോപിച്ചു രാഷ്ട്രീയമായി മുതലെടുപ്പിന് തന്നെയാണ് പിന്നീട് എൽഡിഎഫ് കൺവീനറും കൂട്ടരും ശ്രമിച്ചതെന്നു വ്യക്തം.

ചോദ്യങ്ങളും ഇ.പി.ജയരാജന്റെ മറുപടിയും ഇങ്ങനെ:

കണ്ണൂരിൽനിന്നു പുറപ്പെടുമ്പോൾ ഇത്തരത്തിൽ പ്രതിഷേധമുണ്ടായിരുന്നോ?

എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പിന്നീട് രണ്ട് മൂന്നു പേർ വെള്ളമടിച്ച് അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതു കണ്ടിരുന്നു. സാധാരണഗതിയിൽ ഇങ്ങനെയുള്ളവരെ പ്ലെയ്‌നിൽത്തന്നെ കയറ്റാൻ പാടില്ല. വിമാനത്തിൽ എത്ര അന്തസ്സായി യാത്ര ചെയ്യുന്നതാണ്? മുഖ്യമന്ത്രി യാത്ര ചെയ്യുന്ന പ്ലെയ്‌നിൽ ഇങ്ങനെയാണോ? യാത്രക്കാരെയെല്ലാം അലോസരപ്പെടുത്തുകയാണ്.

ശരിക്കും എന്താണ് വിമാനത്തിൽ സംഭവിച്ചത്?

വിമാനം ലാൻഡ് ചെയ്തു. മുഖ്യമന്ത്രി പിന്നെ ബാക്ക് സീറ്റിലാണുള്ളത്. അദ്ദേഹവും അതിനടുത്തുള്ളവരെല്ലാം ഇറങ്ങി. മുൻപിലുള്ള രണ്ടുമൂന്നു പേരാണ് പ്രതിഷേധിച്ചത്. അവർക്ക് എഴുന്നേൽക്കാൻ പോലും കഴിയുന്നില്ല. അവര് വെള്ളമടിച്ച് എന്തെല്ലോ വിളിച്ചു പറയുകയാണ്. യൂത്ത് കോൺഗ്രസ് സിന്ദാബാ എന്നു പറയുന്നതുപോലും മനസ്സിലാകുന്നില്ല. നാക്ക് കുഴയുകയാണ്.

ശരിക്കും എന്താണുണ്ടായത്. ഇപി ഒന്നു പറയാമോ?

ലാൻഡ് ചെയ്തു. മുഖ്യമന്ത്രിയൊക്കെ ഇറങ്ങി വാഹനത്തിലേക്കു പോയി. ഞങ്ങൾ അതിന്റെ കുറച്ചുകൂടി മുൻപിലാണ് ഉണ്ടായിരുന്നത്. ഞങ്ങൾ എഴുന്നേറ്റ് എന്റെ ബാഗ് എടുക്കുമ്പോഴുണ്ട് മുമ്പ്ന്ന് രണ്ട് മൂന്ന് ആള് കൂടി തമ്മ് പിടിച്ച് കെട്ടി മറിഞ്ഞ് 'യൂ ത്ത് കോൺ ഗ്ര സ് ... സി ന്ദാ ബാ'.. പറയാൻപോലും പറ്റുന്നില്ലാന്ന്.

അപ്പോ താങ്കൾ ഇവരെ പിടിച്ചു മാറ്റുകയായിരുന്നോ ഉണ്ടായത്?

ഞാൻ അവിടെ നിന്നു. ഞാൻ മധ്യത്തിലായിരുന്നു ഉണ്ടായിരുന്നത്.

താങ്കൾ നിൽക്കുകയായിരുന്നു. ഇവർ മുഖ്യമന്ത്രിക്ക് അടുത്തേക്ക് പോകുന്നത് തടയാൻ ?

മുഖ്യമന്ത്രി ഇറങ്ങിപ്പോയിരിക്കുന്നു. (ചിരിച്ചുകൊണ്ട്) മുഖ്യമന്ത്രി ഇറങ്ങിപ്പോയിരുന്നു. മുഖ്യമന്ത്രി അവിടെ ഇല്ല. കള്ളും കുടിച്ച് മറ്റുള്ളവരുടെ മേൽ വീഴാതിരിക്കാൻ ഞാനവിടെ നടുവിൽ നിന്നു.

ആ സമയത്ത് മറ്റു യാത്രക്കാർ പ്രശ്‌നമുണ്ടാക്കിയിരുന്നോ?

എല്ലാവരും ആകെ അന്തംവിട്ട് നിൽക്ക്വല്ലേ..

ഏതുതരത്തിലുള്ള അന്വേഷണമാണ് സംഭവത്തിൽ ആവശ്യപ്പെടുന്നത്?

ഞാൻ ആവശ്യപ്പെടുന്നത് ജനങ്ങൾ ഈ കോൺഗ്രസിനെക്കുറിച്ച് മനസ്സിലാക്കട്ടെ.

 

ഇ പിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ ഇപിക്കെതിരെ കേസ് വന്നേക്കും

അതേലമയം വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും അവരെ ആഞ്ഞുതള്ളിമാറ്റിയ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും നിയമമനുസരിച്ച് ഒരേ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. ഇ പി ആഞ്ഞു തള്ളിയെന്നും ഇൻഡിഗോയുടെ ആഭ്യന്തര റിപ്പോർട്ടിലും പറയുന്നുണ്ട്. പ്രതിഷേധിച്ചവർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്ത പൊലീസിന് ഇ.പി.ജയരാജനെതിരെയും ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കേണ്ടിവരും. പൊലീസ് അതിനു തയാറായില്ലെങ്കിൽ കേന്ദ്ര ഏജൻസികളെയും കോടതിയെയും സമീപിക്കാം. കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയാലും കേസെടുക്കേണ്ടിവരും.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ ഉണ്ടായ പ്രതിഷേധം കേരളത്തിൽ രാഷ്ട്രീയ വിവാദമാണെങ്കിൽ, കേന്ദ്ര ഏജൻസികൾ ഏറെ ഗൗരവത്തോടെയാണ് വിഷയത്തെ കൈകാര്യം ചെയ്യുന്നത്. നിസാരമായ കേസല്ല ഇതെന്നും ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ രാജ്യാന്തരതലത്തിൽ രൂപീകരിച്ച നിയമവ്യവസ്ഥകളുണ്ടെന്നും വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ നിർദേശങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് അൺലാഫുൾ ആക്ട്‌സ് എഗൈൻസ്റ്റ് സേഫ്റ്റി ഓഫ് സിവിൽ ഏവിയേഷൻ ആക്ട് രൂപീകരിച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങളുൾപ്പെടുത്തിയ വാർഷിക റിപ്പോർട്ടുകൾ ഇന്ത്യ ഐസിഎഒയ്ക്കു കൈമാറാറുണ്ട്.

നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കേണ്ടത് ബിസിഎഎസ് (ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി) ആണ്. 1994 ലെ നിയമഭേദഗതി അനുസരിച്ച്, വിചാരണ വേളയിൽ ദേശവിരുദ്ധപ്രവർത്തനങ്ങൾ തെളിഞ്ഞാൽ വിമാനം തട്ടിയെടുക്കുന്നവർക്ക് വധശിക്ഷവരെ ലഭിക്കാം. തീവ്രവാദസംഘടനകൾ ഉൾപ്പെടുന്ന കേസുകളിലാണ് ഇത്തരം കടുത്ത ശിക്ഷയുള്ളത്. മറ്റുള്ള കേസുകളിൽ കുറ്റത്തിന്റെ സ്വഭാവം അനുസരിച്ചാണ് ശിക്ഷവിധിക്കുന്നത്. ഒരു വർഷംവരെ തടവോ പിഴ ശിക്ഷയോ യാത്രാവിലക്കോ ലഭിക്കുന്ന കേസുകളുണ്ട്.

നിയമം അനുസരിച്ച്, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായ വിവരം തിങ്കളാഴ്ച തന്നെ വിമാനത്താവള അധികൃതർ ബിസിഎഎസിനെയും വ്യോമയാന മന്ത്രാലയ അധികൃതരെയും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയെയും അറിയിക്കണം. സംഭവം ഉണ്ടായി ഒരു മണിക്കൂറിനുള്ളിൽ റിപ്പോർട്ടു നൽകണമെന്നാണ് നിയമം. ബിസിഎഎസ് വ്യോമയാന മന്ത്രാലയവുമായും എയർപോർട്ട് അഥോറിറ്റിയുമായും ചർച്ച ചെയ്ത് ഒരു കമ്മിറ്റി രൂപീകരിക്കും. ഇതിന്റെ റീജനൽ ഓഫിസ് ചെന്നൈയിലുണ്ട്. കമ്മിറ്റി ഉദ്യോഗസ്ഥർ ഉടനെ വിമാനത്താവളത്തിലെത്തി പരിശോധന നടത്തും. ഇത്തരം പരിശോധന തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്നതായാണ് വിവരം. വിമാനത്തിനുള്ളിലെ സംഘർഷത്തിന്റെ വിവരം പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ (എടിസി) അറിയിച്ചിട്ടുണ്ടെങ്കിൽ റെക്കോർഡ് ചെയ്യപ്പെട്ട സന്ദേശം സീൽ ചെയ്തു മാറ്റി വയ്ക്കും. വിവരങ്ങൾ ബന്ധപ്പെട്ട ഏജൻസികൾക്ക് ഉടനടി കൈമാറും.

ബിസിഎഎസ് വിശദമായ അന്വേഷണം ഇക്കാര്യത്തിൽ നടത്തും. കുറ്റക്കാരാണെന്നു കണ്ടെത്തുന്നവരെ അറസ്റ്റു ചെയ്യാൻ പൊലീസിനു നിർദ്ദേശം നൽകും. ട്രയൽ കോർട്ടിലേക്ക് കേസ് പോകും. 2013ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ചിലർ കോക്ക് പിറ്റിലേക്ക് അതിക്രമിച്ചു കയറിയതിനെ തുടർന്ന് പൈലറ്റ് എടിഎസിലേക്ക് അടിയന്തര സന്ദേശം അയച്ചിരുന്നു. തുടർന്ന്, ബിസിഎഎസ് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപിച്ചിരുന്നു.

ആന്റി ഹൈജാക്കിങ് നിയമം അനുസരിച്ച്, വിമാനം തട്ടിയെടുക്കാനുള്ള ശ്രമമാണെന്നു തെളിഞ്ഞാൽ കടുത്ത ശിക്ഷ ലഭിക്കും. ഇതിന്റെ തുടർനടപടികൾക്കായി സംസ്ഥാനത്ത് ഉന്നതാധികാര സമിതിയുണ്ട്. വിമാനത്താവള ഡയറക്ടറാണ് കൺവീനർ. ഡിജിപി ഇന്റലിജൻസ് മേധാവി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവർ അംഗങ്ങളാണ്. സമിതിക്കായി പ്രത്യേക സംവിധാനങ്ങളും തലസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. ഇവരുടെ നിർദ്ദേശം പരിഗണിക്കുന്നത് ഡൽഹിയിലുള്ള ഉന്നതാധികാര സമിതിയാണ്. അതിൽ കാബിനറ്റ് സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, വ്യോമയാന സെക്രട്ടറി, പ്രതിരോധ സെക്രട്ടറി തുടങ്ങിയവർ അംഗങ്ങളാണ്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്ന സംഭവത്തിൽ ഇൻഡിഗോ വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ബിസിഎഎസ് അടക്കമുള്ള ഏജൻസികൾക്കു കൈമാറി. കോക്ക് പിറ്റിനു മുന്നിലുള്ള ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിക്കും. യാത്രാവിലക്ക് അടക്കമുള്ള കാര്യങ്ങൾ അന്വേഷണം പൂർത്തിയായശേഷമാണ് തീരുമാനിക്കുന്നത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചതായി കണ്ടെത്താനായിട്ടില്ല.

ഇ.പി.ജയരാജനെതിരെയും മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിനെതിരെയും യൂത്ത് കോൺഗ്രസ് പരാതി നൽകി. പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കോടതിയിൽ ഹാജരാക്കി. ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾ (1937), പാർട്ട്-3, ചട്ടം 23 (എ) അനുസരിച്ച് വിമാനത്തിൽ ഒരാൾ മറ്റൊരാളെ ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യരുത്. ശാരീരികമായും വാക്കുകൾ കൊണ്ടും ഇങ്ങനെ ചെയ്യാൻ പാടില്ല. ചെയ്താൽ ഷെഡ്യൂൾ 6 പ്രകാരം ഒരു വർഷം കഠിനതടവോ, അഞ്ചുലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

2017ലെ സിവിൽ ഏവിയേഷൻ റിക്വയർമെന്റ് നിയമം അനുസരിച്ച് വാക്കുകളാൽ ഉപദ്രവിക്കുന്നവരെ മൂന്നു മാസം വിമാനയാത്രയിൽ നിന്നു വിലക്കാം. മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കുന്നവരെ ആറു മാസവും വിലക്കാം. ശാരീരികമായ ഉപദ്രവത്തിൽ പിടിച്ചു തള്ളുന്നതും ഉൾപ്പെടുമെന്നാണ് വ്യോമയാന രംഗത്തെ വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്.