- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്നലെ മുഖ്യമന്ത്രിയുടെ വിശ്വസ്തനെങ്കിൽ ഇന്ന് അകത്തായത് പാർട്ടി സെക്രട്ടറിയുടെ മകൻ; മകൻ ചെയ്ത കുറ്റവുമായി തനിക്ക് ബന്ധമില്ലെന്നും തൂക്കിക്കൊല്ലാനുള്ള വകുപ്പുണ്ടെങ്കിൽ അതും നടക്കട്ടെ എന്നും ഉള്ള കോടിയേരിയുടെ നിസ്സഹായത ഇനി വിലപ്പോവുമോ? സമാനകളില്ലാത്ത നാണക്കേടിൽ സർക്കാരും സിപിഎമ്മും
തിരുവനന്തപുരം: ഇതുപോലൊരു പ്രതിസന്ധി സിപിഎം ഇതിന് മുമ്പ് നേരിട്ടിട്ടുണ്ടോ എന്ന് സംശയം. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിന്റെ അറസ്റ്റ്. ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ കോടതി വിട്ടതിന് പിന്നാലെ ബെംഗദളൂരുവിൽ നിന്നും വാർത്ത എത്തുന്നു. ബിനീഷ് കോടിയേരി, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും ദുരൂഹമായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ ബെംഗളൂരുവിൽ അറസ്റ്റിലായിരിക്കുന്നു.
ഒരു പാർട്ടിയെ സംബന്ധിച്ച് ഏറ്റവും പരിതാപകരമായ അവസ്ഥയാണ് ഇതെന്ന് കോൺഗ്രസ് നേതാവ് വി ഡി സതീശൻ പറഞ്ഞത് ശ്രദ്ധേയം. ഒന്നിലധികം ആളുകൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സ്വർണക്കടത്ത് സംഘത്തെ സഹായിച്ചിട്ടുണ്ട്. ഇതിന് സമാന്തരമായി പാർട്ടി സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് സംഘവുമായി ഇടപെടുകയായിരുന്നുവെന്നും സതീശൻ ആരോപിക്കുമ്പോൾ സിപിഎമ്മിന് കൃത്യമായ മറുപടിയില്ല.
ആകെയുള്ള രക്ഷാമാർഗ്ഗം, കോടിയേരി നേരത്തെ ബിനീഷിന്റെ കേസും പാർട്ടിയും തമ്മിൽ ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി മുൻകൂർ ജാമ്യം എടുത്തിരുന്നു എന്നതാണ്. എന്നാൽ, ഇത് പാർട്ടി അണികൾക്ക് പോലും ദഹിക്കുന്ന കാര്യമല്ല എന്നതാണ് സത്യം. അവരോട് കാര്യങ്ങൾ വിശദീകരിക്കുക വിഷമകരമാകും.
കേന്ദ്ര നേതൃത്വത്തിന്റെ ന്യായീകരണം
ബിനീഷ് കോടിയേരിയുടെ അറസ്റ്റ് പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷിനെ സംബന്ധിച്ച കാര്യങ്ങളിൽ സംസ്ഥാന സെക്രട്ടറിയായ കോടിയേരി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കട്ടേയെന്നും യെച്ചൂരി പറഞ്ഞു.
എന്നാൽ, ബിനീഷിന്റെ അറസ്റ്റ് സിപിഎമ്മിനെ സംബന്ധിച്ച് ധാർമ്മിക പ്രശ്നമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. വിനാശകരമായ കാര്യങ്ങളിൽ ഇടപെടുന്നത് ന്യായീകരിക്കാനാകില്ല. ഇത്രയും കാലം ഭരണത്തിൽ വരുമ്പോൾ ബിനീഷിന് എതിരായ കേസുകൾ സൗകര്യപൂർവ്വം ഒതുക്കുകയായിരുന്നു. സി പി എം പോലുള്ള തൊഴിലാളി വർഗ പാർട്ടിയിൽ ഇതൊക്കെ നടക്കുന്നതിന് കേന്ദ്ര നേതൃത്വം മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുൻ കാലങ്ങളിൽ കോടിയേരി ബാലകൃഷ്ണന്റെ മക്കൾക്കെതിരേ ഉയർന്ന ആരോപണങ്ങൾ യുഡിഎഫ് ഭരണത്തിൽ വരുമ്പോൾ ഒതുക്കുകയായിരുന്നു പതിവ്. ഇപ്പോൾ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന് എത്തിയതോടെയാണ് ഹവാല, മയക്കുമരുന്ന് ഇടപാടുകളിൽ അറസ്റ്റുണ്ടായതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
വിശദീകരിക്കാൻ വിഷമിക്കും
അറസ്റ്റ് ബിനീഷിൽ ഒതുങ്ങില്ലെന്ന് രാഷ്ട്രീയ എതിരാളികൾ പറയുമ്പോൾ ചാനൽ ചർച്ചകളിൽ പോലും ഇനി ന്യായീകരിക്കാൻ സിപിഎമ്മിന് വിയർക്കേണ്ടിവരും. അന്താരാഷ്ട്ര മയക്ക് മരുന്ന് സംഘവുമായാണ് ബിനീഷിന്റെ ബന്ധമെന്നാണ് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ള രാമചന്ദ്രൻ ആരോപിച്ചത്. ബിനീഷിന് സിപിഎമ്മുമായി ബന്ധമില്ലെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. ബിജെപി ഇടപെട്ടില്ലെങ്കിൽ മയക്ക് മരുന്ന് കേസ് അന്വേഷണം സിപിഎം നേതാക്കളിലേക്കെത്തും. സ്വർണ്ണ കള്ളകടത്ത് കേസിൽ ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനിലേക്കും അന്വേഷണം എത്തണം. ഇദ്ദേഹത്തിന്റെ സ്വത്തിനെക്കുറിച്ച് അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ഹതഭാഗ്യനായ പിതാവെന്ന വാദം നിലനിൽക്കുമോ?
മക്കളുടെ ചെയ്തികൾക്ക് മാതാപിതാക്കൾ എങ്ങനെ ഉത്തരവാദികളാകുമെന്ന മറുചോദ്യമാണ് കോടിയേരി ചോദിക്കുന്നത്. കോടിയേരിയുടെ മക്കൾ പാർട്ടിക്ക് എന്നും തലവേദനയാണ്. നേതാക്കൾ ഇടപെട്ട് അവരെ സംരക്ഷിക്കുന്നുണ്ടെന്ന ആരോപണവും പുതുതല്ല. ബിനോയ് കോടിയേരിയുടെ ലൈംഗിക പീഡന വിവാദം സിപിഎം സംസ്ഥാന സമിതിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. മകന് ഈ വിഷയത്തിൽ സഹായം ചെയ്തില്ലെന്ന നിലപാടാണ് അന്ന് കോടിയേരി സംസ്ഥാന സമിതിയിൽ സ്വീകരിച്ചത്. പാർട്ടിയിൽ തന്റെ നില ഭദ്രമാക്കുന്നതിനുവേണ്ടിയുള്ള ന്യായീകരണങ്ങളാണ് സംസ്ഥാന സമിതിയിൽ നിരത്തിയത്.
എന്നാൽ ബിനീഷ് കോടിയേരിക്കെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമാണ്. സംസ്ഥാന സെക്രട്ടറിയുടെ മകന് മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധത്തെക്കുറിച്ച് പാർട്ടി കീഴ്ഘടകങ്ങളിൽ ചർച്ച വരും. സാധാരണ പ്രവർത്തകരിൽനിന്ന് സത്യം മറച്ചുപിടിക്കുക എളുപ്പമല്ല. ബിനോയിയും ബിനീഷും ക്രിമിനൽ കേസുകളിൽ അകപ്പെട്ട ഘട്ടങ്ങളിലെല്ലാം സഹായിച്ചത് പാർട്ടി തന്നെയാണ്. മകൻ ചെയ്ത കുറ്റവുമായി തനിക്ക് ബന്ധമില്ലെന്നും തൂക്കിക്കൊല്ലാനുള്ള വകുപ്പുണ്ടെങ്കിൽ അതും നടക്കട്ടെ എന്ന് മുൻപ് കോടിയേരി പറഞ്ഞുവെങ്കിലും രാഷ്ട്രീയമായി സിപിഎമ്മിന് ഇത് വലിയ തിരിച്ചടി തന്നെയാണ്.
ന്യായീകരണങ്ങൾ ഒന്നും തന്നെ പാർട്ടിക്കോ സർക്കാരിനോ ഇത്തവണ ഗുണകരമാവില്ല. മറിച്ച് അത് കൂടുതൽ ദോഷം ചെയ്തേക്കും. സി പി എമ്മിൽ ചുമതലകളൊന്നുമില്ലെങ്കിലും പാർട്ടി സമ്മേളനങ്ങളിൽ ബിനീഷ് മുടങ്ങാതെ പങ്കെടുക്കാറുണ്ട്. അതുകൊണ്ട് തന്നെ പാർട്ടി ബന്ധമില്ലെന്ന നായീകരണമൊക്കെ ആരും മുഖവിലയ്ക്ക് പോലും എടുക്കില്ല. ശിവശങ്കർ വെറും ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് പാർട്ടിക്ക് ഒഴിയാമെങ്കിലും ബിനീഷിന്റെ കേസിൽ വിശദീകരണത്തിന് വല്ലാതെ വിയർപ്പൊഴിക്കേണ്ടി വരും.
മറുനാടന് മലയാളി ബ്യൂറോ