തിരുവനന്തപുരം: സർക്കാരിനെ പറ്റിച്ച് റെഗുലർ കോഴ്സ് ചെയ്യുകയും നിയമപരമായി ലീവെടുക്കാതെ ശമ്പളവും മറ്റ് ആനുകൂല്യവും കൈപ്പറ്റുകയും ചെയ്ത ഇടതു യൂണിയൻ നേതാവിനെതിരെ നടപടിയെടുത്തില്ലെന്ന് മാത്രമല്ല പ്രൊമോഷനും നൽകി സർക്കാരിന്റെ 'സ്‌നേഹപ്രകടനം'.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലെ തിരുവനന്തപുരം ഡെന്റൽ കോളേജിലെ നൈറ്റ് വാച്ച് മാൻ തസ്തികയിൽ ജോലി ആരംഭിച്ച തിരുവനന്തപുരം സ്വദേശി ഗിരീഷ്‌കുമാറിനോടാണ് ഈ സ്‌നേഹം. ഇപ്പോൾ സംസ്ഥാന നിയമ വകുപ്പിലെ സെക്ഷൻ ഓഫീസറായി ജോലി ചെയ്യുകയാണ് ഗിരീഷ് സർകാരിനെ പറ്റിച്ച് റെഗുലർ കോഴ്സ് ചെയ്ത ഇയാളെ സർവ്വീസിൽ നിന്ന് പുറത്താക്കാൻ പിഎസ്‌സി ശുപാർശ ചെയ്തിട്ടും സർക്കാർ അതിന് തയ്യാറായില്ല.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 2010ൽ ആണ് ഇയാൾക്കെതിരെ നടപടിയെടുക്കാൻ പിഎസ്‌സി ശുപാർശ ചെയ്യുന്നത്. സർക്കാരിനെ പറ്റിച്ച് ഉപരിപഠനത്തിന് പോയ സമയത്ത് കൈപ്പറ്റിയ ശമ്പളം പോലും തെറ്റ് സമ്മതിച്ച ഗിരീഷ്‌കുമാറിൽ നിന്ന് ഈടാക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുത്തില്ല. സ്വന്തം പാർട്ടിയുടെ യൂണിയൻ നേതാവ് നടത്തിയ ക്രമക്കേടിന് നേരെ കണ്ണടച്ച് ഇപ്പോൾ പ്രൊമോഷനും കൂടി നൽകിയതോടെ ഇക്കാര്യം ഉദ്യോഗസ്ഥർക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.

സർക്കാർ സർവ്വീസിൽ കയറിയാൽ യൂണിയൻ പ്രവർത്തനം ഒക്കെ വേണം. യൂണിയൻ നേതാവായാൽ പിന്നെ എന്ത് വേണമെങ്കിലും ആകാമെന്നും ഒരു ചൊല്ലുണ്ട് സർക്കാർ ജീവനക്കാരെക്കുറിച്ച്. യൂണിയൻ നേതാക്കൾക്ക് എല്ലാ ശരിയാക്കിയെടുക്കാൻ ഒരു നിയമവും തടസമല്ലെന്ന് നിയമവകുപ്പിലെ തന്നെ ഈ നിയമലംഘനം സൂചിപ്പിക്കുന്നു.

എല്ലാ നിയമപരമായി ചെയ്യുന്നവർ എത്ര കയറി ഇറങ്ങിയാലും കാര്യങ്ങൾ നടത്തികൊടുക്കില്ലെന്ന് വാശിപിടിക്കുന്നവരാണ് ഭൂരിഭാഗവും. ഡിപ്പാർട്‌മെന്റ് തന്നെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഈ നേതാവിനെ ഇപ്പോൾ സെക്ഷൻ ഓഫീസറായി നിയമിച്ചിരിക്കുകയാണ് സർക്കാർ. മാത്രമല്ല, വൈകാതെ ഇയാൾ വൈകാതെ അണ്ടർ സെക്രട്ടറിയായി പ്രമോഷൻ നേടുമെന്നാണ് സൂചന.

2000 നവംബറിൽ ബികോം ബിരുദവുമായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലെ തിരുവനന്തപുരം ഡെന്റൽ കോളേജിലെ നൈറ്റ് വാച്ച് മാൻ തസ്തികയിലാണ് ജോലിയിൽ പ്രവേശിക്കുന്നത്. തിരുവനന്തപുരം ജില്ലാ പിഎസ്‌സി ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം.

പ്യൂൺ തസ്തികയിലേക്ക് ഇന്റർ ചെയ്ഞ്ച് ചെയ്യാവുന്ന ഒന്നാണ് നൈറ്റ് വാച്ച്മാൻ തസ്തിക. അതിന്റെ അടിസ്ഥാനത്തിൽ ഗിരീഷിനെ പിന്നീട് ഡെന്റൽ കോളേജിൽ പ്യൂൺ തസ്തികയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് 2005 മെയ് 31ന് സർക്കാർ ഓർഡർ അനുസരിച്ച് സെക്രട്ടേറിയറ്റിലെ നിയമ വകുപ്പിലെ പ്യൂൺ തസ്തികയിലേക്ക് മാറ്റം ലഭിച്ചു.

സെക്ട്രട്ടേറിയറ്റിലേക്ക് എത്തിയ ശേഷമാണ് ഗിരീഷ് കുമാർ തന്റെ നിയമലംഘനങ്ങൾ ആരംഭിക്കുന്നത്. സെക്രട്ടേറിയറ്റിലെത്തി 2 വർഷം കഴിഞ്ഞപ്പോൾ ലീഗൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുകയായിരുന്നു. സെക്രട്ടേറിയറ്റ് സർവ്വീസിൽ മൂന്ന് വർഷത്തെയെങ്കിലും പ്രവൃത്തി പരിചയം വേണമെന്നരിക്കെയാണ് ഉന്നത സ്വാധീനമുപയോഗിച്ച് ഇയാൾ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വച്ച് ലീഗൽ അസിസ്റ്റന്റ് തസ്തികിലേക്ക് അപേക്ഷ അയക്കുന്നത്. ഇവിടെ ഈ തസ്തികയിൽ ജോലി ചെയ്യുമ്പോഴാണ് സർക്കാർ ചട്ടങ്ങളെ ലംഘിച്ച് ലീവ് എടുക്കാതെ ഇയാൾ റെഗുലർ ബാച്ചിൽ എൽഎൽബിക്ക് ചേരുന്നത്.

2001-04 കാലയളവിൽ സർക്കാർ ജോലി ചെയ്യുന്ന സമയത്ത്് ഇയാൾ ലീവെടുക്കാതെയും ഉപരി പഠനത്തിന്റെ കാര്യം ഡിപ്പാർട്മെന്റിൽ അറിയിക്കാതെയും ചട്ടങ്ങൾ ലംഘിച്ച് പൂനയിലെ ഭാരതി യൂണിവേഴ്സിറ്റിയിൽ മുഴുവൻ സമയ എൽഎൽബി കോഴ്സ് ചെയ്യുകയായിരുന്നു. പിന്നീട് ഇയാൾ തന്നെ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.

സർക്കാരിനെ കബളിപ്പിച്ച് ശമ്പളം വാങ്ങുകയും അതേ സമയം തന്നെ മുഴുവൻ സമയമായി കോഴ്സ് ചെയ്യുകയും ചെയ്തുവെന്നതാണ് കുറ്റം. ഇന്ത്യയിലെ ഏതൊരു യൂണിവേഴ്സിറ്റിയിലും പൊതു പരീക്ഷ എഴുതണമെങ്കിൽ കുറഞ്ഞത് 60 ശതമാനം എങ്കിലും ഹാജർ വേണമെന്നിരിക്കെ വ്യാജമായ ഡിഗ്രിയാണോ അതോ ലീവെടുക്കാതെ സർക്കാരിനെ കബളിപ്പിച്ചതാണോ എന്ന ചോദ്യത്തിൽ റെഗുലറായി പഠിച്ചതാണെന്ന് ഗിരീഷ് തന്നെ സമ്മതിക്കുകയായിരുന്നു.

റെഗുലർ കോഴ്സ് ചെയ്തത് സംബന്ധിച്ച് നടന്ന വകുപ്പ്തല അന്വേഷണത്തിലാണ് ഇയാൾ കൃത്രിമ രേഖയുണ്ടാക്കിയതായും ഒരുമിച്ച് ഒപ്പിട്ട് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയതായും തെളിഞ്ഞത്. ഇയളെ പറത്താക്കാതിരിക്കാൻ ഒരു കാരണവുമില്ലെന്നിരിക്കെ 2010ൽ സസ്പെൻഷൻ നൽകിയെങ്കിലും സ്വാധീനമുപയോഗിച്ച് ഇയാൾ തിരിച്ചുവരികയും ചെയ്തു.

ഒരു ഇൻക്രിമെന്റ് തടഞ്ഞതല്ലാതെ മറ്റ് നടപടികളും ഇയാൾക്കെതിരെ ഉണ്ടായില്ല. നിയമ വകുപ്പിൽ നിന്ന് തന്നെ നിയമലംഘനമുണ്ടാകുന്ന വിചിത്ര സംഭവമുണ്ടായിട്ടും ആരോപണവധേയൻ ഒരു പ്യൂണായി ജോലി തുടങ്ങി ഇപ്പോൾ സെക്ഷൻ ഓഫീസറായി ജോലി ചെയ്യുന്ന സ്ഥിതിയാണുള്ളതെന്ന് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു.

അന്വേഷണത്തിന് ശേഷം ഗിരീഷിനെ സർവീസിൽ നിന്ന് നീക്കാൻ നിർദ്ദേശിച്ചുള്ള പിഎസ്‌സിയുടെ ഉത്തരവ് ചുവടെ: