തിരുവനന്തപുരം: അഴിമതിരഹിത വികസിത കേരളം ലക്ഷ്യമിട്ട് എൽഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. അഞ്ചു വർഷം കൊണ്ട് 25 ലക്ഷം പേർക്കു തൊഴിൽ നൽകുമെന്നു പ്രകടനപത്രികയിൽ വാഗ്ദാനം നൽകുന്നു.

'വേണം നമുക്കൊരു പുതുകേരളം, മതനിരപേക്ഷ അഴിമതിരഹിത വികസിത കേരളം' എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടാണ് എൽഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കിയത്. എൽഡിഎഫ് കൺവീനർ വൈക്കം വിശ്വനാണ് പ്രകടന പത്രിക ഔദ്യോഗികമായി പുറത്തിറക്കിയത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷി നേതാക്കളുടെ സാന്നിധ്യത്തിലാണ് പുറത്തിറക്കിയത്. മദ്യനിരോധനമല്ല മദ്യഉപഭോഗം കുറയ്ക്കുകയാണ് എൽഡിഎഫിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് വൈക്കം വിശ്വൻ പറഞ്ഞു. നിലവിൽ ബാറുകളിലൂടെ ബിയർ- വൈനുകൾ വിതരണം ചെയ്യുകയാണ്. മദ്യം യഥേഷ്ടം ഒഴുക്കി മദ്യ നിരോധനം അവകാശപെടുകയാണ് യുഡിഎഫ് സർക്കാർ ഇത് കാപട്യമാണെന്നും വൈക്കം വിശ്വൻ പറഞ്ഞു.

കേരളം സ്ത്രീ സൗഹൃദ സംസ്ഥാനമാക്കും. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുമെന്നതും പ്രധാന വാഗ്ദാനമാണ്. 35 ഇന കർമ പദ്ധതികളും ഇവ നടപ്പിലാക്കാൻ 600 നിർദ്ദേശങ്ങളും അടങ്ങിയതാണ് പ്രകടന പത്രിക.

അഞ്ചുവർഷം വിലക്കയറ്റമില്ലാത്ത പൊതുവിപണി, പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കും, കർഷകർക്ക് മിനിമം വരുമാനം ഉറപ്പാക്കും, അതിവേഗ റയിൽ ഇടനാഴി സ്ഥാപിക്കും, 2500 മെഗാവാട്ട് വൈദ്യുതി ഉൽപാദനം സാധ്യമാക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിൽ പറയുന്നു.

കാർഷിക, വ്യാവസായിക മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിടുന്ന പ്രകടനപത്രിക ഐടി, സ്റ്റാർട് അപ്പ് മേഖലയുടെ വികസനത്തിനും പദ്ധതികൾ മുന്നോട്ടുവയ്ക്കുന്നു. ദേശീയ പാതകൾ നാലുവരിയാക്കാനും പ്രകടനപത്രിക ലക്ഷ്യമിടുന്നു. വ്യവസായ രംഗത്ത് തൊഴിൽ സാധ്യത ഒരുക്കാൻ സ്റ്റാർട്ട് അപ്പ് വില്ലേജുകൾ വഴി പുതിയ പദ്ധതികൾ നടപ്പിലാക്കും തുടങ്ങിയ സുപ്രധാനമായ നടപടികൾ ഉൾപെട്ടതാണ് പ്രകടനപത്രിക.

ഭക്ഷ്യ സാധനങ്ങളുടെ വിലനിയന്ത്രണത്തിനായി മാവേലി സ്റ്റോർ, സപ്‌ളൈകോ ഔട്ട്‌ലെറ്റുകൾ, നീതി സ്റ്റോർ തുടങ്ങിയ കേന്ദ്രങ്ങൾ വഴി പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തും. ആദ്യഘട്ടത്തിൽ അവശ്യ സാധനങ്ങളുടെ പട്ടിക തയാറാക്കും. ഇതിനുശേഷം വരുന്ന അഞ്ചുവർഷക്കാലത്തേക്ക് ഈ 'ഭക്ഷ്യസാധനങ്ങൾക്കു വില വർധനയുണ്ടാകില്ല. പരിസ്ഥിതിയും കാർഷികമേഖലയും സംരക്ഷിക്കാനുള്ള പദ്ധതികളും പ്രകടനപത്രികയിൽ നിർദ്ദേശിക്കുന്നുണ്ട്. നെൽവയൽ സംരക്ഷണ നിയമം കർശനമായി നടപ്പാക്കും.

നെൽവയലുകൾ സംരക്ഷിച്ചു നിലനിർത്താനായി കർഷകർക്ക് റോയൽറ്റി ഏർപ്പെടുത്തും. ആരോഗ്യസംരക്ഷണത്തിനായി സംസ്ഥാനത്തെ മുഴുവൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലും രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമൊരുക്കും. സംസ്ഥാനത്തെ ജില്ല സഹകരണ ബാങ്കുകളെ സഹകരിപ്പിച്ച് വൻകിട ബാങ്ക് പദ്ധതി രൂപീകരിക്കും. 60 വയസ് തികഞ്ഞ അർഹരായ എല്ലാവർക്കും പെൻഷൻ, പെൻഷൻ തുകകൾ 1000 രൂപയായി ഉയർത്തും തുടങ്ങിയ സുപ്രധാനമായ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ ഉൾപെടുത്തിയിട്ടുള്ളത്.

പ്രകടനപത്രികയിൽ നിന്ന്:

  • നോക്കുകൂലിക്കെതിരെ കർശന നടപടി
  • ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കും
  • മാദ്ധ്യമസാക്ഷരത പഠനവിഷയമാക്കും
  • ബിരുദംവരെ മലയാളപഠനം നിർബന്ധമാക്കും
  • സർക്കാർ സേവനങ്ങൾ ഏകജാലക സംവിധാനത്തിലുടെ
  • അസംഘടിത തൊഴിലാളികൾക്കും തൊഴിലുറപ്പു തൊഴിലാളികൾക്കും സൗജന്യ അരി
  • എല്ലാ താലൂക്ക് ആശുപത്രികളിലും അർബുദ പരിശോധനയും ഹൃദയ ശസ്ത്രക്രിയ സംവിധാനവും
  • വിവരാവകാശ നിയമം ഫലപ്രദമായി നടപ്പാക്കും
  • ഇ-ഗവേണൻസ് ഫലപ്രദമാക്കും
  • അഴിമതി നിർമ്മാർജനം: രണ്ടാം ഭരണപരിഷ്‌കാര കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പാക്കും
  • ജില്ലാ സംസ്ഥാന സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചു വൻകിട ബാങ്ക്
  • എല്ലാവർക്കും സമ്പൂർണ ആരോഗ്യ ഇൻഷുറൻസ്
  • 60 വയസ് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ
  • എല്ലാ പെൻഷനുകളും 1000 രൂപയായി ഉയർത്തും
  • വിശപ്പില്ലാ കേരളം പദ്ധതി, എല്ലാവർക്കും ഉച്ചഭക്ഷണം, ന്യായവിലയ്ക്കു നല്ല ഭക്ഷണം നൽകുന്ന ഹോട്ടലുകൾ
  • തിരിച്ചെത്തുന്ന പ്രവാസികൾക്കായി പുനരധിവാസ പദ്ധതി
  • പ്രവാസികൾക്കായി പ്രവാസി വികസന നിധി
  • ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബുകൾക്കു ധനസഹായം
  • സാംസ്‌കാരിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം ഉയർത്തും, ലൈബ്രറികൾ ഡിജിറ്റലൈസ് ചെയ്യും
  • സ്ത്രീകൾക്കായി പ്രത്യേക വകുപ്പ്, ജെൻഡർ ബജറ്റിങ് പുനഃസ്ഥാപിക്കും; കുടുംബശ്രീക്ക് നാലു ശതമാനം പലിശ വായ്പ
  • പട്ടികജാതി പട്ടികവർഗ ക്ഷേമം ഉറപ്പുവരുത്തും
  • സർവകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കും ഉന്നത വിദ്യാഭ്യാസ മേഖല വിപുലീകരിക്കും
  • 1000 പൊതുവിദ്യാലയങ്ങൾ അന്തർദേശീയ നിലവാരത്തിലേക്കുയർത്തും
  • 8 മുതൽ 12 വരെ ക്ലാസുകൾ ഹൈടെക് നിലവാരത്തിലാക്കും
  • ആയുർവേദ സർവകലാശാല സ്ഥാപിക്കും
  • മൂന്നു മെഡിക്കൽ കോളേജുകളെ എയിംസ് നിലവാരത്തിൽ ഉയർത്തും
  • ആരോഗ്യ ഇൻഷുറൻസ് പദ്ധതി സാർവത്രികമാക്കും
  • ആദിവാസികൾക്ക് ഒരേക്കർ കൃഷിഭൂമി
  • അഞ്ചുവർഷം കൊണ്ട് എല്ലാവർക്കും വീടും പ്രാഥമിക സൗകര്യങ്ങളും
  • ഉറവിട മാലിന്യസംസ്‌കരണം നടപ്പിലാക്കും
  • ശുചിത്വകേരളത്തിനു മുൻതൂക്കം
  • റെയിൽവെ ലൈനുകൾ പൂർത്തീകരിക്കും, നിലവിലെ രണ്ടുവരിപ്പാത നാലുവരിയാക്കും
  • വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കും
  • ഐടി പാർക്കുകളുടെ വിസ്തൃതി വർധിപ്പിക്കും
  • പ്രകൃതി വാതക പൈപ്പ് ലൈൻ പൂർത്തിയാക്കും
  • ഇലക്ട്രോണിക്ക്‌സ് ഹാർഡ്വെയർ രംഗത്ത് കേരളത്തെ മൊബിലിറ്റി ഹബ്ബാക്കും
  • റബർമരങ്ങളെ മൂന്ന് വർഷത്തേക്ക് ഉത്പന്ന നികുതിയിൽ നിന്ന് ഒഴിവാക്കും
  • ജലസുരക്ഷയ്ക്കായി ബൃഹദ് ക്യാമ്പയിൻ സംഘടിപ്പിക്കും
  • പരമ്പരാഗത വ്യവസായ സംരക്ഷണത്തിന് പ്രത്യേക വകുപ്പ് ഉണ്ടാക്കും

ഭരണഭാഷ മലയാളമാക്കുന്നതിനെ സംബന്ധിച്ചുള്ള പരാമർശങ്ങൾ ഇങ്ങനെ:

  • ഭരണഭാഷ മലയാളമാക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്തും. ഇ-ഗവേണൻസ് മലയാളത്തിൽ തന്നെ നടപ്പിലാക്കുന്നതിനുള്ള ഇടപെടൽ നടത്തും. ഭാഷാ ന്യൂനപക്ഷങ്ങളുടെ എല്ലാവിധ അവകാശങ്ങളും സംരക്ഷിക്കും. അവരുടെ ഭാഷാ പഠനത്തിനും ഉപയോഗത്തിനുമുള്ള എല്ലാ സംവിധാനവും ഉറപ്പുവരുത്തും.
  • നരേന്ദ്രൻ കമ്മിറ്റിയുടെ നിർദ്ദേശം മുൻനിർത്തി കോടതി ഭാഷ മലയാളമാക്കാനുള്ള നടപടികൾ സ്വീകരിക്കും. കേരളത്തിലെ തൊഴിൽപരീക്ഷകൾ, മെഡിക്കൽ, എഞ്ചിനീയറിങ് പ്രവേശന പരീക്ഷകൾ എന്നിവ മലയാളത്തിൽ എഴുതാൻ അവസരമുണ്ടാക്കും. ഗവേഷണ പ്രബന്ധങ്ങൾ അടക്കം മലയാളത്തിൽ സമർപ്പിക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കും.
  • ബിരുദതലംവരെ മലയാളപഠനം നിർബ്ബന്ധമാക്കും. മലയാള മാദ്ധ്യമത്തിലുള്ള പഠനത്തിന് പ്രോത്സാഹനം നൽകും. പ്രൈമറി ക്ലാസ് മുതൽ തന്നെ മലയാളം കമ്പ്യൂട്ടിങ് പഠന ഭാഗമാക്കും.
  • മലയാള സർവ്വകലാശാല വിജ്ഞാന മണ്ഡലത്തിലുണ്ടാകുന്ന മാറ്റങ്ങൾ കണ്ടെത്താനും അത് മലയാളത്തിൽ കൊണ്ടുവരാനുമുള്ള ഇടപെടൽ നടത്തുന്നതിനുള്ള സ്ഥാപനമാക്കി മാറ്റും. ഭാഷയുടെ പ്രയോഗത്തിന്റെയും വികാസത്തിന്റെയും സാധ്യതകൾ സമഗ്രമായി കണ്ടെത്തുന്നതിനും വിനിയോഗിക്കുന്നതിനും പര്യാപ്തമായ വിധത്തിൽക്കൂടി മലയാള സർവ്വകലാശാലയുടെ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കും. ഇതുമായി മറ്റു സർവ്വകലാശാലകളെയും എല്ലാ സാംസ്കാരിക സ്ഥാപനങ്ങളെയും സംഘടനകളെയും കൂട്ടിയിണക്കും. ഇന്ത്യൻ ഭാഷകൾ തമ്മിലുള്ള വിവർത്തനം പരമാവധി പ്രോത്സാഹിപ്പിക്കും.
  • ഭാഷയുടെ വർഗീയവല്ക്കരണം ചെറുക്കുക, ലിംഗസമത്വം, ജാതിനിരാസം, മതനിരപേക്ഷത, ആവിഷ്‌ക്കാരവൈവിദ്ധ്യം എന്നിവയെ ആധാരമാക്കി ജനാധിപത്യപരമായ തുല്യത ഉറപ്പാക്കുമാറ് ഭാഷാപ്രയോഗങ്ങൾ നവീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
  • ലോകനിലവാരത്തിൽ രചിക്കപ്പെട്ട ശാസ്ത്രകൃതികൾ, തത്വചിന്താപരമായ കൃതികൾ തുടങ്ങിയവയെല്ലാം മലയാളത്തിൽ ലഭ്യമാക്കാനുള്ള ഇടപെടൽ നടത്തും. മൂന്നാംലോക രാജ്യങ്ങളിലെ ഭാഷകളിൽനിന്നുള്ള കൃതികളുടെ വിവർത്തനത്തിനുൾപ്പെടെ പ്രോത്സാഹനം നൽകിക്കൊണ്ട് ബഹുസ്വരതയ്ക്ക് പ്രോത്സാഹനം നൽകും. ഇതിലേക്കായി ഒരു വിവർത്തനനയം ഉണ്ടാക്കും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങളെ ഇത്തരത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടി സ്വീകരിക്കും. പുതിയ ഗവേഷണ പ്രബന്ധങ്ങൾ മലയാളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടി സ്വീകരിക്കും.
  • കമ്പ്യൂട്ടർ, മൊബൈൽ, ഫോൺ എന്നിവയിലെല്ലാം അടിസ്ഥാന ഭാഷയായി മലയാളത്തെ കൊണ്ടുവരുന്നതിനുള്ള നടപടി സ്വീകരിക്കും.
  • കേരളത്തിനകത്തുമാത്രം സംസാരിക്കുന്ന ആദിവാസി ഭാഷകൾക്ക് കേരളത്തിനു പുറത്ത് സംഘടിതമായ സംരക്ഷകരില്ല. ആ ജനതകളുടെ ഭാഷാപരമായ അവകാശങ്ങളുടെ സംരക്ഷണവും വികസനവും ഉറപ്പാക്കും. ആദിവാസികൾ ഉൾപ്പെടെ ഭാഷാന്യൂനപക്ഷങ്ങൾക്ക് അവരുടെ മാതൃഭാഷയിൽ വിദ്യാഭ്യാസവും വ്യവഹാരങ്ങളും നിർവ്വഹിക്കാൻ സൗകര്യമുണ്ടാക്കും. ഈ വിഭാഗത്തിന് രണ്ടാം ഭാഷയെന്ന സ്ഥാനം മലയാളത്തിന് നൽകും.
  • കേരളത്തിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളെ തുല്യപൗരരാക്കി മാറ്റാനും കേരളത്തിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ ചലനാത്മകതയുടെ ഭാഗമാക്കിത്തീർക്കാനും കഴിയുന്ന വിധത്തിൽ അവരെ മലയാളത്തിൽ അറിവുള്ളവരാക്കി മാറ്റാനുള്ള സാക്ഷരതാ പ്രസ്ഥാനത്തിന് ആരംഭം കുറിക്കും.

പത്രികയുടെ പൂർണ്ണ രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയുക.