- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
10 ലക്ഷം പേർക്ക് തൊഴിൽ നൽകും; ലൈഫ് മിഷനിലൂടെ അഞ്ചു ലക്ഷം പേർക്ക് കൂടി വീട്; മാലിന്യ സംസ്കരണത്തിന് പ്രത്യേക പരിപാടികൾ; ക്ഷേമ പെൻഷനുകൾ വർധിപ്പിക്കും; മുദ്രാവാക്യം 'വികസനത്തിന് ഒരുവോട്ട്, സാമൂഹ്യ മൈത്രിക്ക് ഒരുവോട്ട്'; വാഗദാന പ്പെരുമഴയുമായി തദ്ദേശത്തിലെ എൽഡിഎഫ് പ്രകടനപത്രിക
തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. 'വികസനത്തിന് ഒരുവോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്' എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിനെ നേരിടുക. പ്രകടന പത്രിക എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പ്രകാശനം ചെയ്തു.
തൊഴിൽ മേഖലയ്ക്ക് പ്രാധാന്യം നൽകിയാണ് പ്രകടനപത്രിക തയ്യാറാക്കിയിരിക്കുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ പറയുന്നു.ദാരിദ്ര്യനിർമ്മാർജനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും. മാലിന്യസംസ്കരണത്തിന് പ്രത്യേക പരിപാടികൾ വിഭാവനം ചെയ്യുമെന്നും പ്രകടനപത്രികയിൽ പറയുന്നു. ക്ഷേമ പെൻഷനുകൾ 1500 ആയി ഉയർത്തും.
കാർഷിക മേഖലയുടെ അഭിവൃദ്ധിയിലൂടെ അഞ്ചുലക്ഷം തൊഴിലുകൾ സൃഷ്ടിക്കും. അതോടൊപ്പം സൂക്ഷ്മ ചെറുകിട സംരംഭങ്ങളിലൂടെ കാർഷികേതര മേഖലയിലും അഞ്ചുലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. ദാരിദ്ര്യ നിർമ്മാർജനത്തിനുള്ള മാസ്റ്റർ പ്ലാൻ; ഓരോ കുടുംബത്തെയും ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിന് വേണ്ടി ഭക്ഷണം, പാർപ്പിടം, വരുമാനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയെല്ലാം ഉറപ്പുവരുത്തുന്നതിനുള്ള മൈക്രോ പ്ലാൻ തയ്യാറാക്കുയും സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യും.
കുടുംബശ്രീ മിഷന്റെ ഒരു ഉപമിഷനായി ഇതിനുവേണ്ടിയുള്ള പ്രത്യേക സംവിധാനമുണ്ടാക്കും. ലൈഫ് പദ്ധതി പ്രകാരം വീട് ലഭിക്കാത്ത അഞ്ചുലക്ഷം പേർക്ക് വീട് നൽകും. തൊഴിലുറപ്പ് പദ്ധതി പ്രകാരം ചുരുങ്ങിയത് മൂന്നുലക്ഷം പേർക്ക് കൂടി തൊഴിൽ നൽകും. നഗരങ്ങളിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി സമഗ്രമായി പരിഷ്കരിക്കും. നഗരങ്ങളിലെ അഭ്യസ്ഥവിദ്യർക്ക് തൊഴിൽ നേടാൻ തൊഴിലുറപ്പ് വേദനത്തിന് തുല്യമായ തുക സ്റ്റൈപ്പന്റായി നൽകി പദ്ധതി രൂപീകരിക്കും.
പ്രതിഭാതീരം പദ്ധതി എല്ലാ മത്സ്യ ഗ്രാമങ്ങളിലും നടപ്പാക്കും. പച്ചക്കറി, പാൽ, മുട്ട എന്നിവയിൽ സ്വയം പര്യാപ്തത നേടും. നിലവിലുള്ള 'ആശ്രയ' പദ്ധതിയെ സമൂലമായി പുനഃസംഘടിപ്പിക്കും. താട്ടം തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക പാർപ്പിട പദ്ധതി ആവിഷ്കരിക്കും. ഇവയാണ് ഇടത് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ