കൊച്ചി: തിരഞ്ഞെടുപ്പിന് കേരളം ഒരുങ്ങിയ ആദ്യഘട്ടം മുതൽ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കുന്നതിന് മുൻപേ തന്നെ പ്രചാരണ രംഗത്ത് പൊതുവേ സോഷ്യൽ മീഡിയയെ കൈകളിലാക്കാൻ എൽഡിഎഫ് ശ്രമിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ കേരളത്തിലെ ഏറ്റവും വലിയ പരസ്യ കമ്പനിയായ മൈത്രി അഡ്വർടൈസിഗ് എന്ന കമ്പനിക്ക് കാശുകൊടുത്ത് 'എൽഡിഫ് വരും എല്ലാം ശരിയാകും' എന്ന ക്യാപ്ഷനിൽ പുറത്തിറങ്ങിയ പോസ്റ്ററുകൾക്കു കേരളത്തിലും പുറത്തും വൻതോതിൽ പ്രചാരം ലഭിച്ചുവെങ്കിലും അതിനേക്കാൾ കൂടുതൽ സോഷ്യൽ മീഡിയകളിൽ ട്രോളുകൾക്ക് വിധേയമായിരുന്നു.

ഇതിൽ സിപിഐ(എം) അടക്കമുള്ള എൽഡിഎഫിനകത്തുള്ള പല പാർട്ടി നേതാക്കൾക്ക് ആശങ്കകളും ഉണ്ടായതായി കേട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇടതുപക്ഷ സഹയാത്രികനായ ചില സിനിമാ പ്രവർത്തകർ ഒരുമിച്ചു സൗജന്യമായി ഇലക്ഷനു വേണ്ടിയുള്ള ഒരു വീഡിയോ നിർമ്മാണം പൂർത്തിയാക്കിയത്.

മലയാളത്തിലെ പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണനും കൂട്ടരുമാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ വികസിത കേരളമെന്ന് പറഞ്ഞുള്ള പ്രചാരത്തിന് തടയിട്ടുകൊണ്ടുള്ള എൽഡിഎഫിന്റെ പുതിയ വീഡിയോയ്ക്ക് പിന്നിൽ. ഒരു കുട്ടിയോട് പറയുന്ന മുത്തശ്ശി കഥയുടെ പ്രാധാന്യം മാത്രമേ ഈ സർക്കാർ കൊണ്ടുവന്നെന്നു പറയുന്ന പൂർത്തിയാക്കാത്ത മെട്രോ ഉൾപ്പെടെയുള്ള വികസനങ്ങൾക്കുള്ളൂ എന്ന് ഇത് പറയുന്നു. ഒപ്പം കല്ലിടുന്നതല്ല യഥാർത്ഥ വികസനമെന്നും വീഡിയോ പറയുന്നു.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആദ്യമേ മുന്നണികൾ തുടങ്ങിയ യാത്രകളിൽ പിണറായി വിജയൻ നയിച്ച നവകേരള യാത്രയുടെ മുന്നോടിയായി ഇറങ്ങിയ പ്രൊമോഷൻ വീഡിയോ ഒരു പാട് ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇതിന്റെ അമരക്കാരനും ബി ഉണ്ണിക്കൃഷ്ണൻ തന്നെയായിരുന്നു. ഉണ്ണികൃഷ്ണനോടൊപ്പം ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് മലയാള സിനിമയിലെ പ്രശസ്ത ക്യാമറാമാൻ സതീഷ് കുറുപ്പാണ്. പശ്ചാത്തല സംഗീതം ബിജിപാലും. ചാർളി സിനിമയിലെ എഡിറ്റർ ഷമീർ മുഹമ്മദാണ് എഡിറ്റിഗ് നിർവഹിച്ചിരിക്കുന്നത്. വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത് വികെ ബിജുവും മേഘയുമാണ്.

തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഉപയോഗിക്കാനായി നിർമ്മിച്ച ഈ വീഡിയോയിൽ പ്രവർത്തിച്ചിരുന്ന എല്ലാവരും തന്നെ ഒരു പ്രതിഫലവും പറ്റാതെയാണ് ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചതെന്നും ഇടതുപക്ഷ സഹയാത്രികനായ ഒരു കൂട്ടം ആളുകളുടെ മനസുകൊണ്ടും, അഭിനയംകൊണ്ടും, സാങ്കേതിക സഹകരണവുമാണ് ഇത് പെട്ടന്നു പൂർത്തിയാകാൻ സാധിച്ചതെന്നും സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞു. നവകേരള യാത്രയുടെ വിഡിയോയുടെ പിന്നിൽ പ്രവർത്തിച്ച ആളുകൾ തന്നെയാണ് ഇതിലും സഹകരിച്ചത്. ഒരു മാറ്റം മാത്രം ഇതിൽ ബിജിപാൽ ആണ് മ്യൂസിക്. എന്നാൽ നവകേരള യാത്രയുടെ വിഡിയോയിൽ രാഹുൽ രാജ് ആയിരുന്നു.

ട്രോളുകളിൽപ്പെട്ട് ആദ്യഘട്ട പ്രചാരണ പരിപാടികൾ പാളിയ ഇടതുപക്ഷത്തിന്റ ഇനി വരുന്ന നാളുകളിൽ വീഡിയോ പ്രതിഫലനം ഉണ്ടാകുമെന്നാണ് മാണിയുടെയും നേതാക്കന്മാരുടെയും പ്രതീക്ഷ. അങ്ങനെയായാൽ പ്രൊഫഷണലായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികൾ വേണമെന്നുള്ള എല്ല പാർട്ടികളുടെയും പുതിയ ബദലാകും ഇടതുപക്ഷം പുറത്തിറക്കുന്ന ഈ പുതിയ തിരഞ്ഞെടുപ്പ് വീഡിയോ.