തിരുവനന്തപുരം: അവസാന നിമിഷംവരെ സ്വന്തം മന്ത്രിയുടെ രാജി ഒഴിവാക്കാൻ എൻസിപി പയറ്റിയ തന്ത്രങ്ങൾ ഫലിച്ചതോടെ മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കാതെ എൽഡിഎഫ് അടിയന്തിര യോഗം സമാപിച്ചു. കായൽ കയ്യേറ്റക്കേസിൽ കോടതി വിധി എതിരായാൽ മന്ത്രി രാജിവയ്‌ക്കേണ്ടിവരുമെന്ന വ്യക്തമായ സൂചന നൽകിയാണ് ഇന്നത്തെ യോഗം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ചൊവ്വാഴ്ച ചേരുന്ന എൻസിപി സംസ്ഥാന നേതൃയോഗം വരെ രാജിക്ക് നിർബന്ധിക്കരുതെന്ന അഭ്യർത്ഥനയും യോഗത്തിൽ ഉണ്ടായി. ഇതുകൂടി പരിഗണിച്ചാണ് ഇന്ന് രാജിക്കാര്യത്തിൽ എൽഡിഎഫ് അന്തിമ തീരുമാനം കൈക്കൊള്ളാതിരുന്നത്.

മാരത്തോൺ ചർച്ചകൾക്ക് ഒടുവിലാണ് മന്ത്രിയുടെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് എൽഡിഎഫ് യോഗം ചേർന്നത്. എന്നാൽ രാജി ഉടൻ വേണ്ടെന്ന തീരുമാനമാണ് എൽഡിഎഫ് കൈക്കൊണ്ടത്. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ എൽഡിഎഫ് ചുമതലപ്പെടുത്തി. ഇതോടെ ഇനി കായൽ കയ്യേറ്റ വിഷയത്തിലെ കോടതിവിധി ഉൾപ്പെടെ പരിഗണിച്ച് തോമസ് ചാണ്ടിയുടെ രാജി എപ്പോൾ വേണമെന്ന് തീരുമാനിക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.

നിരവധി സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് അന്തിമനിമിഷം എൽഡിഎഫ് രാജിതീരുമാനത്തിൽ നിന്ന് പിന്നോട്ടുപോയതെന്നാണ് ലഭിക്കുന്ന വിവരം. ബുധനാഴ്ച ഹൈക്കോടതിയുടെ തീരുമാനം കായൽ കയ്യേറ്റ വിഷയത്തിൽ വരുന്നതിന് അനുസരിച്ചായിരിക്കും ഇനി തോമസ് ചാണ്ടിയുടെ ഭാവി. കോടതി തീരുമാനം എതിരായാൽ രാജി മതിയെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയത് . എന്നാൽ കോടതി വിധി അന്നുതന്നെ ഉണ്ടാവുമെന്ന് ഉറപ്പില്ല. അതേസമയം, കോടതിയിൽ നി്ന്ന് സർക്കാരിന് കടുത്ത വിമർശനം നേരിടേണ്ടിവന്നാൽ മന്ത്രി വയ്‌ക്കേണ്ടിവരുമെന്ന ശക്തമായ നിലപാട് മറ്റ് ഘടകകക്ഷികൾ യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്ക് തീരുമാനം വിട്ടുകൊ്ണ്ട് ഇന്നത്തെ യോഗം പിരിഞ്ഞത്.

യോഗത്തിന്റെ തുടക്കത്തിൽ തന്നെ സിപിഐ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. എൻസിപി ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ജനതാദൾ എസ് പ്രതിനിധികളായ മാത്യു ടി തോമസും കെ കൃഷ്ണൻകുട്ടിയും സിപിഐയെ പിൻതുണച്ചു. ഹൈക്കോടതിയുടെ തീരുമാനത്തിനു കാത്തിരിക്കുന്നത് അപ്രായോഗികമാണെന്നു സിപിഐ നേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടു യോഗത്തിനു ശേഷം പുറത്തിറങ്ങിയപ്പോഴും തങ്ങളുടെ തീരുമാനം അംഗീകരിച്ചെന്ന നിലയിലായിരുന്നു പ്രതികരണം. മാധ്യമ വർത്തകരുടെ ചോദ്യത്തിന്, 'ഹാപ്പിയാണ്' എന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം.

എന്നാൽ എൻസിപി തങ്ങൾക്ക് പിന്നെ മന്ത്രി ഉണ്ടാവില്ലെന്ന നിലപാട് വ്യക്തമാക്കി. ഇതിന് സാവകാശം നൽകണമെന്ന് അവർ ആവശ്യപ്പെട്ടതോടെ ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാമെന്ന് എൽഡിഎഫ് യോഗത്തിൽ ഒരു പൊതു ധാരണ ഉണ്ടാവുകയായിരുന്നു. അനന്തമായി രാജി നീട്ടിക്കൊണ്ടുപോകാൻ ആവില്ലെന്നും കോടതി തീരുമാനം എതിരായാൽ രാജിവച്ചേ തീരൂ എന്നും യോഗം നിർദ്ദേശിച്ചിട്ടുണ്ട്. ഇത് എൻസിപിയും അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രി പിണറായിക്ക് തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി.

എന്നാൽ സർക്കാരിന്റെ പ്രതിച്ഛായക്ക് മന്ത്രിയുടെ രാജി നീട്ടിക്കൊണ്ടുപോകുന്നത് ആശാസ്യമല്ലെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. അതേസമയം, യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം നിർണായകമായി എന്നാണ് സൂചന. എജിയുടെ നിയമോപദേശം ലഭിച്ച സാഹചര്യം മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ എൻസിപി തീരുമാനം എടുക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി കൈക്കൊണ്ടത്. ഇതോടെയാണ് തൽക്കാലം രാജിക്ക് നിർബന്ധിക്കരുതെന്ന് എൻസിപി അഭ്യർത്ഥിക്കുന്നത്. ബുധനാഴ്ച കോടതി വിധി എതിരായാൽ തീരുമാനം മുഖ്യമന്ത്രിക്ക് എടുക്കാമെന്നും എൻസിപി നേതാക്കളായി യോഗത്തിൽ പങ്കെടുത്ത സംസ്ഥാന പ്രസിഡന്റ് പീതാംബരൻ, മുന്മന്ത്രി എകെ ശശീന്ദ്രൻ എന്നിവർ തന്നെ നിർദ്ദേശിക്കുകയായിരുന്നു.

രാവിലെ മുതൽ ഉദ്വേഗത്തിന്റെ മുൾമുനയിൽ കാര്യങ്ങൾ നിർത്തിയാണ് ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ നിർണായക എൽഡിഎഫ് യോഗം തുടങ്ങിയത്. മുഖ്യമന്ത്രി പിണറായിയും മന്ത്രി തോമസ് ചാണ്ടിയുമുൾപ്പെടെ പങ്കെടുത്ത യോഗത്തിൽ രാജിക്കാര്യം തീരുമാനിക്കുമെന്ന നിലയിൽ രാവിലെ മുതൽ പല തലത്തിൽ ചർച്ചകളും പുരോഗമിച്ചു. കോടിയേരിയുമായും കാനം രാജേന്ദ്രനുമായും മുഖ്യമന്ത്രി നേരത്തേ തന്നെ കൂടിക്കാഴ്ചയും നടത്തി. ഇതിനു പിന്നാലെ എൻസിപി നേതൃത്വവുമായും ആശയവിനിമയം നടന്നു. ഇതിന് ശേഷം എൻസിപി നേതാക്കൾ മാത്രം കൂടിച്ചേർന്ന് രാജിക്കാര്യം തൽക്കാലം നീട്ടിവയ്ക്കണമെന്ന് അഭ്യർത്ഥിച്ചു. ഇതിന് പിന്നാലെ എൻസിപി കേന്ദ്രനേതൃത്വത്തിൽ നിന്നും സമ്മർദ്ദം ഉണ്ടായി. ഇതിന്റെയെല്ലാം പരിണിത ഫലമെന്ന നിലയിലാണ് ഉച്ചക്കു ശേഷം ചേർന്ന എൽഡിഎഫ് യോഗത്തിൽ മന്ത്രിയുടെ രാജി തൽക്കാലം വേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്.