- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഴുവൻ സീറ്റും വേണമെന്ന് ആർ.എസ്‌പി ; പാതിപോലും നൽകില്ലെന്ന് കോൺഗ്രസ് ; ഇങ്ങോട്ട് വന്നാൽ എല്ലാം തരാമെന്ന് സിപിഐഎം ; തദ്ദേശത്തിൽ തട്ടി ആർ.എസ്‌പിക്ക് വീണ്ടും മനംമാറ്റം; കോഴിക്കോട് ഇടതുമായി പരസ്യസഖ്യം
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തിലാണ് പല പാർട്ടികളുടെയും ബാന്ധവം തകർച്ചയിലേക്ക് നീങ്ങുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇടതു പാളയത്തിൽ നിന്ന് മാറി വലതിന്റെ കൂടാരത്തിലേക്കുള്ള ആർ.എസ്‌പിയുടെ ചുവട്മാറ്റം. മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോൾ വീണ്ടും സീറ്റ് വിഭജനത്തിൽ ആർ.എസ്‌പിയുടെ മുഖം കറുക്കുകയാണ്
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തിലാണ് പല പാർട്ടികളുടെയും ബാന്ധവം തകർച്ചയിലേക്ക് നീങ്ങുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇടതു പാളയത്തിൽ നിന്ന് മാറി വലതിന്റെ കൂടാരത്തിലേക്കുള്ള ആർ.എസ്‌പിയുടെ ചുവട്മാറ്റം. മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോൾ വീണ്ടും സീറ്റ് വിഭജനത്തിൽ ആർ.എസ്‌പിയുടെ മുഖം കറുക്കുകയാണ്. ഈ അവസരം മുതലെടുത്താണ് സിപിഐ(എം) ആർ.എസ്. പിയെ വീണ്ടും മുന്നണിയിലെത്തിക്കാൻ ചരട് വലികൾ ആരംഭിച്ചത്. സിപിഐഎമ്മിന്റെ ഈ നീക്കം കോഴിക്കോട് ജില്ലയിൽ വിജയം കാണുകയും ചെയ്തു. തദ്ദേശതിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന ആർ.എസ്‌പിയുടെ പരസ്യപ്രസ്താവന തന്നെയാണ് പാർട്ടിയുടെ ഇടത് മനംമാറ്റത്തിലേക്ക് വിരൽ ചൂണ്ടുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിക്ക് അർഹതപ്പെട്ട സീറ്റുകൾ വേണമെന്ന ആവശ്യത്തെനെതിരെ കോൺഗ്രസിന്റെ നിലപാടാണ് ആർ.എസ്‌പിയെ ചൊടിപ്പിച്ചത്. കോഴിക്കോട് എൽ.ഡി.എഫിനെ പിന്തുണയ്ക്കുമെന്നും കോൺഗ്രസ് സ്ഥാനാർത്ഥികളെ തോൽപിക്കുക എന്നതാണ് ലക്ഷ്യമെന്ന ആർ.എസ്‌പിയുടെ പരസ്യപ്രസ്താവന മറ്റു ജില്ലകളിലെ പാർട്ടി നേതാക്കളെയും ഇരുത്തി ചിന്തിപ്പിക്കും. ആർ.എസ്‌പിക്ക് അവകാശപ്പെടുന്ന സീറ്റുകൾ നൽകാൻ തയ്യാറായില്ലെങ്കിൽ മറ്റു ജില്ലകളിലും കോഴിക്കോട്ടെ നയം സ്വീകരിക്കാനാണ് പാർട്ടിയുടെ അനൗദ്യോഗിക തീരുമാനം. സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ ആർ.എസ്. പിയുടെ ആവശ്യങ്ങളെ കോൺഗ്രസ് അംഗീകരിക്കാത്ത സാഹചര്യത്തിൽ, ആർ.എസ്‌പിയെ അനുനയിപ്പിച്ച് ഇടത് പാളയത്തിൽ എത്തിക്കാനുള്ള സിപിഐഎമ്മിന്റെ നീക്കം സജീവമായി. തദ്ദേശതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പം നിന്നാൽ ആർ.എസ്‌പിയുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന് സിപിഐഎം നേതാക്കാൾ ആർ.എസ്‌പിക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട്.
പാർട്ടിയിലേക്കുള്ള ആർ.എസ്‌പിയുടെ തിരിച്ചുവരവിനെ സുഗമമാക്കാൻ സിപിഐഎമ്മിലെ പ്രമുഖ നേതാവ് കഴിഞ്ഞ ദിവസം ആർ.എസ്‌പി നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു. സിപിഐഎം നേതൃത്വത്തിന്റെ ഇടപെടലുകൾ വിജയം കണ്ടതോടെയാണ് കോഴിക്കോട് ആർ.എസ്‌പിയുടെ നിലപാട് പരസ്യമായി വ്യക്തമാക്കിയത്. കൂടാതെ ആർ.എസ്‌പി അംഗീകരിച്ചാൽ കഴിഞ്ഞ തവണ മൽസരിച്ച് എല്ലാ സീറ്റുകളും വിട്ടുകൊടുക്കാനാണ് സിപിഐ(എം) നീക്കം. സീറ്റ് വിഭജനത്തിൽ കോൺഗ്രസ് ഇടഞ്ഞതോടെ കോഴിക്കോട് ഒറ്റയ്ക്ക് മൽസരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ആർ.എസ്‌പി സ്ഥാനാർത്ഥികൾ മൽസരിക്കാതെ സീറ്റുകളിൽ ഇടത് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്നതു വഴി കോൺഗ്രസ് സ്ഥാനാർത്ഥികളെ തോൽപിക്കുക എന്നതാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ എടുത്തിരിക്കുന്ന തീരുമാനം. കഴിഞ്ഞ തവണ മൽസരിച്ച സീറ്റുകൾ വിട്ടുനൽകണമെന്ന ആവശ്യം യുഡിഎഫ് തള്ളിയതാണ് ആർ.എസ്‌പി-കോൺഗ്രസ് ബന്ധത്തിന് വിള്ളൽ വീണിരിക്കുന്നത്.
കൊല്ലമൊഴി്‌കെയുള്ള ജില്ലകളിലെല്ലാം ആർ.എസ്‌പി-കോൺഗ്രസ് ബന്ധം വഷളായെന്നാണ് സൂചന. ഇടതുമുന്നണിയിൽ നിന്ന് പുറത്ത് പോയെങ്കിലും തിരുവനന്തപുരം കോർപറേഷനിൽ ഇടതിനു നൽകിയിരുന്ന പിന്തുണ ആർ.എസ്‌പി പിൻവലിച്ചിരുന്നില്ല. ആകെ 80 സീറ്റുകളിലേക്കായിരുന്നു കഴിഞ്ഞ തവണ എൽ.ഡി.എഫ് പിന്തുണയോടെ ആർ.എസ്‌പി മൽസരിച്ചിരുന്നത്. ആർ.എസ്. പിയിലെ രണ്ടു കൗൺസിലർമാരുടെ പിന്തുണയോടു കൂടിയാണ് കോർപറേഷൻ ഭരണം പൂർത്തിയാക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആർ.എസ്. പി മൽസരിച്ചിരുന്ന സീറ്റുകളിൽ ഭൂരിഭാഗം സീറ്റുകളിലും എതിർസ്ഥാനത്ത് കോൺഗ്രസ് സ്ഥാനാർത്ഥികളായിരുന്നു. ഇത്തവണ ആർ.എസ്‌പിക്ക് എൽ.എഡി.എഫ് പിന്തുണ നൽകുകയാണെങ്കിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ കാര്യം പരുങ്ങലിലാകും. പ്രാദേശിക കോൺഗ്രസ് നേതൃത്വമാണ് ആർ.എസ്‌പിക്ക് വിലങ്ങു തടിയായി നിൽക്കുന്നത്. കൊല്ലത്ത് ബാലകൃഷ്ണപിള്ള വിഭാഗത്തിന്റെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതും പ്രാദേശിക തലത്തിൽ ആർ.എസ്‌പിക്ക് സ്വാധീനമുള്ളതു കൊണ്ടും കൊല്ലത്ത് തർക്കങ്ങളുണ്ടാകാൻ സാധ്യതയില്ല.
എന്നാൽ നിയമസഭ തിരഞ്ഞെടുപ്പും ആസന്നമായിരിക്കുന്നതിനാൽ പ്രാദേശിക തലങ്ങളിലെ പൊട്ടിത്തെറികൾ ഒഴിവാക്കാൻ ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. യുഡിഎഫിന്റെ നിർദ്ദേശപ്രകാരം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടി വന്നാൽ സൗഹൃദ മൽസരമെന്ന നിലപാടാണ് പ്രാദേശിക നേതൃത്വങ്ങൾക്കുള്ളത്. സിപിഐഎമ്മിനെ സംബന്ധിച്ചടുത്തോളം ഈ പൊട്ടിത്തെറി പാർട്ടിക്ക് അനുകൂലമാക്കി ആർ.എസ്‌പിയെ പിളർത്താനാണ് നീക്കം. കഴിഞ്ഞ മൂന്നു തവണയും കൊല്ലം കുന്നത്തൂർ നിയോജക മണ്ഡലത്തിൽ നിന്ന എൽ.ഡി.എഫ് പിന്തുണയോടെ വിജയിച്ച കോവൂർ കുഞ്ഞുമോനെ ആർ.എസ്‌പിയിൽ നിന്ന് അടർത്തി സിപിഐഎം സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവും നേതാക്കൾ സജീവമായി നടത്തുന്നുണ്ട്. എന്നാൽ ആർ.എസ്‌പിയെ വീണ്ടും മുന്നണിയിൽ തിരച്ചെടുക്കുന്നത് സംബന്ധിച്ചോ, തിരഞ്ഞെടുപ്പിൽ പിന്തുണ നൽകുന്നതോ സംബന്ധിച്ച് സിപിഐഎം സംസ്ഥാനനേതാക്കൾ ചർച്ച ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്. എന്നാൽ കോഴിക്കോട്ട് ആർ.എസ്‌പിയുടെ നിലപാടിനെ വളരെ ഗൗരവമായിട്ടാണ് കാണുന്നുണ്ടെന്നാണ് സിപിഐഎം നേതാക്കൾ നൽകുന്ന അനൗദ്യോഗിക വിവരം.